Flash News

6/recent/ticker-posts

നിബിഡ വനമേഖലയിലേക്ക് മലയാളി ഫൊട്ടോഗ്രഫർ പോയതെന്തിന്? അവസാന ദൃശ്യങ്ങളിൽ അന്വേഷണം

Views


ചെന്നൈ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യം പകർത്തിയ ആളുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചായി പൊലീസ് അറിയിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളി ഫൊട്ടോഗ്രഫർ ജോയുടെ ഫോണാണ് കോയമ്പത്തൂരിലെ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനാണു പരിശോധന.

ഡിസംബർ എട്ടിന് ഊട്ടി കാണാനെത്തിയ ജോ, കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നത് കണ്ടത്. കൗതുകം തോന്നി ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൂടൽ മഞ്ഞിലേക്ക് ഹെലികോപ്റ്റർ മറയുന്നതാണ് 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

വിഡിയോ👇


നിരോധിത മേഖലയായ നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ, അപകടം നടന്ന ദിവസത്തെ കാലാവസ്ഥയും താപനിലയും സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് ചെന്നൈയിലെ കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് ദൃക്സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്.

ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സ‍ഞ്ചരിച്ച മി17വി 5 എന്ന ഹെലികോപ്റ്ററാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തിൽ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.



Post a Comment

0 Comments