Flash News

6/recent/ticker-posts

ഒമിക്രോൺ കേരളത്തിൽ ജാഗ്രത ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഒമിക്രോൺ തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ

Views
പ്രതിദിന കോവിഡ് കേസുകളുടെ  എണ്ണത്തിൽ അടുത്തിടെ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് വീണ്ടും രോ​ഗ ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. ഇത്തവണ, ഡെൽറ്റയേക്കാൾ  മൂന്നിരട്ടി പകർച്ചാശേഷിയുണ്ടെന്ന് കണക്കാക്കുന്ന ഒമിക്രോൺ വേരിയൻറ്  കാരണമാകും കോവിഡ് കേസുകൾ വ‍ർദ്ധിക്കുക. ‌‌
നിരവധി അന്താരാഷ്‌ട്ര യാത്രക്കാരിൽ നിന്ന് സംസ്ഥാനത്തുള്ളവ‍ർക്ക് രോ​ഗം ബാധിച്ചിട്ടുണ്ടെന്ന അനുമാനത്തിൽ സാമൂഹിക നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. നോൺ-ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിലും ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്. അവരിൽ ചിലർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ അല്ലാതിരുന്നപ്പോഴും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുതുതായി രൂപപ്പെട്ട ക്ലസ്റ്ററുകളിൽ ഒമിക്രോൺ സ്ഥിരീകരണ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

ഇതുവരെ, സംസ്ഥാനത്ത് 29 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. എന്നാൽ മുൻ തരംഗങ്ങളിൽ സംഭവിച്ചതുപോലെ കൂടുതൽ കേസുകൾ പ്രദേശവാസികളിൽ നിന്ന് ഉയർന്നുവരാൻ അധികം വൈകില്ലെന്നും ആരോഗ്യ വിദഗ്ധർ സൂചന നൽകിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു.

അടുത്ത തരംഗത്തിന്റെ സാധ്യത ജനുവരിയിലോ ഫെബ്രുവരിയിലോ ആകാം. നിരീക്ഷണം വർധിപ്പിച്ചാലും സംസ്ഥാനത്ത് മൊബൈൽ (സഞ്ചരിക്കുന്ന) ജനസംഖ്യ കൂടുതലുള്ള സാഹചര്യം കണക്കിലെടുത്ത് മൂന്നാം തരംഗ സാധ്യത മുൻനിർത്തി വേണം മുന്നോട്ട് പോകേണ്ടതെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അംഗവും കേരള ​ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റുമായ ഡോ.ജി.എസ്.വിജയകൃഷ്ണൻ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോ‍‍ർട്ട് ചെയ്തു.

മെയ് മാസത്തിലെ രണ്ടാം തരംഗത്തിന് ശേഷം തയ്യാറെടുപ്പിന്റെയും പ്രതിരോധശേഷിയുടെയും കാര്യത്തിൽ സംസ്ഥാനം ഏറെ മുന്നിലാണ്. എന്നാൽ ഒമിക്രോൺ വ്യാപനം പൂർണ്ണമായി തടയാനാകില്ലെങ്കിലും കേസുകളുടെ കുതിച്ചുചാട്ടം വൈകിപ്പിക്കാൻ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.

“ഒരു സമൂഹ വ്യാപനം ഉണ്ടാകും, പക്ഷേ അത് എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്. ഡെൽറ്റയുടേതിന് സമാനമായ രീതിയിൽ ഒമിക്രോണും വ്യാപിക്കും” കോവിഡ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവും തിരുവനന്തപുരം ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.അനീഷ് ടി.എസ് പറഞ്ഞു.

ഒമിക്രോണും ഡെൽറ്റയും തികച്ചും വ്യത്യസ്തമായ വകഭേദങ്ങളായതിനാൽ രോ​ഗം വന്നവരിലും വീണ്ടും രോ​ഗം വരാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. ഡെൽറ്റ അണുബാധയും വാക്സിനുകളും ഒമിക്രോണിനെ പൂ‍‍ർണമായും ചെറുക്കാനുള്ള പ്രതിരോധശേഷി നൽകില്ല. എന്നാൽ ഭാഗികമായ പ്രതിരോധശേഷി രോ​ഗ തീവ്രതയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നൽകും” ഡോ. അനീഷ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാൽ, ഒമിക്രോണിന്റെ ഉയർന്ന വ്യാപന ശേഷി ആശങ്കയുണ്ടാക്കുന്നതായും വിദഗ്ധർ വ്യക്തമാക്കി.

ഇന്നലെ റിപ്പോ‍‍ർട്ട് ചെയ്തത് അഞ്ച് ഒമിക്രോൺ കേസുകൾ; ഇതുവരെ ആകെ 29 കേസുകൾ
കേരളത്തിൽ വ്യാഴാഴ്ച അഞ്ച് ഒമൈക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 29 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ നാലുപേരും ബംഗളൂരു വിമാനത്താവളം വഴി വന്ന കോഴിക്കോട് സ്വദേശിയും ഉൾപ്പെടെയാണ് പുതിയ കേസുകൾ. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത 29 ഒമിക്രോൺ കേസുകളിൽ 17 പേരും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള 10 പേർക്കും ബാക്കിയുള്ള രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.


Post a Comment

0 Comments