Flash News

6/recent/ticker-posts

നായ്കുട്ടികളുടെ കൂട്ടത്തിൽ ചോരകുഞ്ഞും; പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റിയിട്ടില്ലാത്ത കുഞ്ഞിന് സുരക്ഷയേകി നായയും

Views
റായ്പൂർ: ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യ കുഞ്ഞിന് സംരക്ഷകയായി ഒരു തള്ള പട്ടി. നൊന്തു പ്രസവിച്ച നായ്‌ക്കുട്ടികളുടെ കൂട്ടത്തിൽ മനുഷ്യ കുഞ്ഞിനും സുരക്ഷയേകിയ ആ അമ്മ പട്ടിയുടെ കരുതലാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഛത്തീസ്ഗഡിലെ ഒരു തെരുവിലാണ് ആരോ ഉപേക്ഷിച്ചു പോയ പിഞ്ച് കുഞ്ഞിന് ഒരു ശ്വാനൻ രക്ഷകയായത്.

നായ്‌ക്കുട്ടികളുടെ കൂടെ സുഖമായി കിടന്നുറങ്ങുന്ന മനുഷ്യ കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികാരികൾ കുഞ്ഞിനെ ഏറ്റെടുക്കാനെത്തി. അവരുടെ കണ്ടെത്തലിൽ മുംഗേലി ജില്ലയിലെ സരിസ്റ്റൽ ഗ്രാമത്തിൽ പിറന്ന പെൺകുഞ്ഞാണിതെന്ന് തിരിച്ചറിഞ്ഞു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് തിരച്ചിൽ ആരംഭിച്ചപ്പോഴാണ് പട്ടിയുടെ സമീപം കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞിനെ നാട്ടുകാർ കണ്ടെത്തുന്നത്. കുഞ്ഞിനെ ആക്രമിക്കാൻ മറ്റ് പട്ടികൾ ശ്രമിച്ചപ്പോഴും തള്ളപട്ടി ഒരു രാത്രി മുഴുവൻ മനുഷ്യ കുഞ്ഞിന് സംരക്ഷണം നൽകിയെന്ന് നാട്ടുകാർ പറയുന്നു.

പിഞ്ചു പൈതലിനെ കണ്ടെത്തിയ ഉടൻ തന്നെ നാട്ടുകാർ അവളെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ ഒരു മുറിവ് പോലും ഇല്ലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ശേഷം പോലീസും ശിശു ക്ഷേമ അധികൃതരും ആശുപത്രിയിൽ എത്തി. കുഞ്ഞിന്റെ ഉത്തരവാദിത്വം ശിശു ക്ഷേമ സമിതി ഏറ്റെടുത്തു.

കുഞ്ഞിന്റെ മാതാപിതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്രയാണ് കുഞ്ഞിന്റെ ചിത്രങ്ങളും ഈ കഥയും ട്വിറ്ററിലൂടെ പങ്കുവെച്ചത്.


Post a Comment

0 Comments