Flash News

6/recent/ticker-posts

വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പി മാര്‍

Views
സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും 21 ലേക്ക് ഉയർത്തുന്ന ബില്ലിൽ  പാർലമെന്റിൽ നാടകീയ നീക്കവുമായി കേന്ദ്ര സർക്കാർ. അപ്രതീക്ഷിതമായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയാണ് മന്ത്രി സ്മൃതി ഇറാനി ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വലിയ എതിർപ്പിനും പ്രതിഷേധങ്ങൾക്കുമിടയിലാണ് ബിജെപി സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. ബില്ലിന് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ലോക്സഭയിൽ പ്രതിപക്ഷം ബില്ല് വലിച്ച് കീറി പ്രതിഷേധിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റിക്ക് ബില്ല് വിടണമെന്ന പ്രതിപക്ഷ നിലപാട് സഭ അംഗീകരിച്ചു.

ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ലോക്സഭയിലെ അജണ്ടയിൽ ഉച്ചയോടെ ഉൾപ്പെടുത്തിയാണ് സ്മതി ഇറാനി ബില്ല് അവതരിപ്പിച്ചത്. ബില്ല് 12 മണിയോടെ സഭയിലെ എംപിമാർക്ക് വിതരണം ചെയ്തിരുന്നു.വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് – 1956,  ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം  21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. പ്രതിപക്ഷത്ത് നിന്നും എതിർപ്പ് ഉയർന്നു. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാടെടുക്കുമ്പോൾ മറ്റൊരു വിഭാഗം അനുകൂല നിലപാടിലാണ്. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേ സമയം സിപിഎമ്മും സിപിഐയും മുസ്ലിം ലീഗുമടക്കം ബില്ലിനെ എതിർക്കുകയാണ്.


Post a Comment

0 Comments