Flash News

6/recent/ticker-posts

വിദ്യാര്‍‌ഥികളുടെ കണ്‍സെഷന്‍ നിരക്ക് സാമ്പത്തിക അടിസ്ഥാനത്തിലാക്കും; BPLകാർക്ക് സൗജന്യ യാത്രക്ക് ശുപാർശ

Views
തിരുവനന്തപുരം: ബസ് ചാർജ് വർധന അനിവാര്യമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയും അഭിപ്രായപ്പെട്ടു. സാമ്പത്തിക അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ബസുകളിലെ കൺസെഷൻ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാണ് ശുപാർശ. കുടുംബ വരുമാനത്തിന് ആനുപാതികമായി നിരക്ക് നിശ്ചയിക്കാനാണ് ആലോചന. ബിപിഎല്ലുകാര്‍ക്ക് (BPL) സൗജന്യ യാത്രയും ശുപാർശ ചെയ്യുന്നു. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

നിലവിൽ മിനിമം ബസ് ചാര്‍ജ് 8 രൂപയാണ്. ഇത് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുപാര്‍ശകളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ച ശേഷമാകും അന്തിമ തീരുമാനം. രാത്രികാല യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. രാത്രികാല യാത്ര നിരക്കിൽ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കും.  രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവ്വീസ് മുടക്കുന്നുണ്ടെന്നും അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർദ്ധനവ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേ സമയം വിദ്യാർത്ഥികളുടെ കൺസെഷൻ സാമ്പത്തിക അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. വിദ്യാർത്ഥി കൺസെഷൻ അവകാശമാണെന്നും അത് സാമ്പത്തിക അടിസ്ഥാനത്തിൽ ആക്കാൻ അനുവദിക്കില്ലെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധനയില്‍ വേഗത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 21 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആംബുലൻസ് നിരക്ക് ഏകീകരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി.


Post a Comment

0 Comments