Flash News

6/recent/ticker-posts

സ്ത്രീകളുടെ വിവാഹപ്രായം; ബിൽ പരിശോധിക്കുന്ന 31 അംഗ പാർലമെന്‍ററി സമിതിയിൽ ഒരു വനിത മാ​ത്രം

Views ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന്​ 21ആയി ഉയർത്താനുള്ള ബിൽ പരിശോധിക്കുന്ന 31 അംഗ പാർലമെന്‍ററി പാനലിൽ ഒരു വനിത മാത്രം. ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ശൈശവ വിവാഹനിരോധ (ഭേദഗതി) ബിൽ, പാർലമെന്‍റിന്‍റെ വിദ്യാഭ്യാസ, വനിത, ശിശു, യുവ, കായിക സ്ഥിരം സമിതിക്ക്​ വിട്ടിരുന്നു. വനിത-ശിശു വികസന മന്ത്രാലയമാണ്​ ബിൽ അവതരിപ്പിച്ചത്​.
മുതിർന്ന ബി.ജെ.പി നേതാവ്​ വിനയ്​ സഹസ്രബുദ്ധെ അധ്യക്ഷനായ സമിതിയിലെ ഏക വനിത അംഗം തൃണമൂൽ കോൺഗ്രസ്​ എം.പിയായ സുഷ്മിത ദേവാണ്​. സമിതിയിൽ കൂടുതൽ വനിതകളു​ണ്ടാകുന്നതായിരുന്നു അഭികാമ്യമെന്നാണ്​ ഇതേക്കുറിച്ചുള്ള ചോദ്യത്തിന്​ സുഷ്മിത ദേവ്​ മറുപടി പറഞ്ഞത്​. ''സമിതിയിൽ കൂടുതൽ വനിതകളുണ്ടായിരുന്നെങ്കിൽ നന്നായേനെ. എന്നിരുന്നാലും എല്ലാ വിഭാഗത്തിനും പറയാനുള്ളത്​ സമിതി കേൾക്കും'' -സുഷ്മിത പറഞ്ഞു.

സ്ത്രീകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം പരിശോധിക്കുന്ന സമിതിയിൽ സ്ത്രീകൾ ഇനിയും വേണ്ടതായിരുന്നുവെന്ന്​ സുപ്രിയ സുലെ എം.പിയും അഭിപ്രായപ്പെട്ടു. കൂടുതൽ പേരെ ക്ഷണിച്ച്​ അഭിപ്രായം കേൾക്കാൻ സമിതി അധ്യക്ഷന്​ അധികാരമുള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടുകൾ ഉരുത്തിരിയുമെന്നാണ്​ പ്രതീക്ഷയെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

വിവാഹപ്രായം ഉയർത്താൻ കേന്ദ്രസർക്കാറിന്​ ശിപാർശ ചെയ്ത സമിതിയുടെ അധ്യക്ഷ ജയ ജെയ്​റ്റിലിയും ഇക്കാര്യം എടുത്തുപറഞ്ഞു. 50 ശതമാനം അംഗങ്ങളെങ്കിലും വനിതകളായിരുന്നു വേണ്ടിയിരുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. സാധ്യമെങ്കിൽ സമിതിയിലെ തങ്ങളുടെ പുരുഷ അംഗങ്ങളെ പിൻവലിച്ച്​ വനിതകളെ ഉൾപ്പെടുത്താൻ പാർട്ടികൾ ശ്രമിക്കണമെന്നും അവർ അഭ്യർഥിച്ചു.

ബിൽ നിയമമായാൽ വിവിധ വ്യക്തിനിയമങ്ങളെ മറികടന്ന്​ എല്ലാ സമുദായങ്ങൾക്കും ബാധകമാവുന്ന അവസ്ഥയാണുണ്ടാവുക എന്നതിനാൽ ഇത്​ മൗലികാവകാശ ലംഘനമാവുമെന്ന്​ വ്യാപകമായി വിമർശനമുയർന്നിട്ടുണ്ട്​.





Post a Comment

0 Comments