Flash News

6/recent/ticker-posts

കള്ളനോട്ട് അഞ്ച്‌ നോട്ടുകൾ ഒരുമിച്ചു പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന ആർ.ബി.ഐ.

Views

കള്ളനോട്ട് അഞ്ച്‌ നോട്ടുകൾ ഒരുമിച്ചു പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന ആർ.ബി.ഐ.

തൃശ്ശൂർ: ബാങ്കിൽനിന്നോ മറ്റെവിടെനിന്നെങ്കിലുമോ കള്ളനോട്ട് കൈയിലെത്തിയോ? അഞ്ചോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ഇനി കേസുള്ളൂ. അഞ്ചിൽ താഴെയെങ്കിൽ പോലീസ് കേസെടുക്കില്ല.

അഞ്ച്‌ നോട്ടുകൾ ഒരുമിച്ചു പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന ആർ.ബി.ഐ. നിർദേശത്തെത്തുടർന്നാണിത്. അഞ്ചിൽ താഴെ നോട്ടുകളാണെങ്കിൽ നോഡൽ ബാങ്കുകൾക്ക് പോലീസ് പ്രതിമാസ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രം മതി.

ഓരോ കള്ളനോട്ടിനും കേസെടുക്കുന്നത് കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കാൻ കാരണമാകുമെന്നതിനാലാണ് ആർ.ബി.ഐ. നിയന്ത്രണം കൊണ്ടുവന്നത്. റിപ്പോർട്ട് നൽകലും കാര്യക്ഷമമായി നടക്കാറില്ല. ഫലത്തിൽ കള്ളനോട്ട് പിടിച്ചത് എവിടെയും രേഖപ്പെടുത്തുന്നതുപോലുമില്ല.

റോഡരികിൽ ലോട്ടറി വിൽക്കുന്നവരും ചെറുകിട കച്ചവടക്കാരുമൊക്കെയാണ് ഒന്നോ രണ്ടോ കള്ളനോട്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിൽ പെട്ടുപോകുന്നത്. നഗരപ്രാന്തപ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട തട്ടിപ്പുകൾ വ്യാപകമായുള്ളത്. 2000 രൂപയുടെ വ്യാജനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി പോലീസ് ഫെയ്‌സ്ബുക്ക് പേജിൽ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃശ്ശൂർ നഗരത്തിന്റെ പല മേഖലകളിൽനിന്നും കള്ളനോട്ടുപരാതികൾ പോലീസിനു ലഭിച്ചു. എന്നാൽ, ഒന്നിലും കേസെടുത്തിട്ടില്ല. ഒരു നോട്ട് മാത്രമായി വിതരണം ചെയ്യുന്ന സംഭവങ്ങളിൽ ഉറവിടം കണ്ടെത്തുകയെന്നത് ശ്രമകരമാണെന്ന് അവർ പറയുന്നു.

പ്രതിയെ പിടിച്ചാലും പണം തിരികെ കിട്ടില്ല

കള്ളനോട്ട് സംഭവങ്ങളിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്താലും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാറില്ല. കൊടുങ്ങല്ലൂരിലെ കള്ളനോട്ടുകേസുതന്നെ ഇതിനുദാഹരണം. പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും പണം നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുനൽകാനുള്ള സംവിധാനം ഇല്ല. കള്ളനോട്ട് കൈയിൽപ്പെട്ടവർ നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്. കള്ളനോട്ട് കണ്ടെത്തുന്നത് ബാങ്കിൽനിന്നായാലും നഷ്ടം കബളിപ്പിക്കപ്പെട്ടവർക്കുതന്നെ. കണ്ടെത്തുന്ന കള്ളനോട്ടിൽ വിലങ്ങനെ വരച്ച് ഉപയോഗശൂന്യമാക്കിയശേഷം തിരിച്ചുനൽകുക മാത്രമാണ് ചെയ്യുന്നത്.


Post a Comment

1 Comments

  1. സാധാരണക്കാരന്റെ കയ്യിൽകിട്ടുന്ന നോട്ടുകൾ നല്ല നോട്ടാണോ അതോ കള്ളനോട്ടാണോ എന്ന് പെട്ടെന്ന് കണ്ടുപിടിക്കുന്ന മൊബൈൽ ഫോൺ വലിപ്പത്തിലുള്ള ഒരു ഇലക്ട്രോണിക് യന്ത്രം കണ്ടുപിടിക്കാൻ നമ്മുടെ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു കൂടേ ? . ചന്ദ്രനിലേക്കും ചൊവ്വായിലേക്കും വാണം വിടാനുള്ള ടെക്നോളജി കൈവശമുള്ള നമ്മുടെ ശാസ്ത്രജ്ഞർക്കു ഇത്‌ വെറും നിസ്സാരമല്ലേ സാറന്മാരെ ?. അഞ്ഞൂറ് രൂപയ്ക്കു താഴെ ഈടാക്കി സർക്കാർ തന്നെ ബാങ്കുകൾ വഴി ഇത്‌ വിതരണം ചെയ്‌താൽ കള്ളനോട്ടടിക്കുന്ന വേലപ്പന്മാർ അന്ന് വൈകുന്നേരം ഈ നാട് വിട്ട് ഓടുകയില്ലേ ?. എന്താ നമ്മുടെ ജനകീസർക്കാർ ഇത്‌ ചെയ്യാത്തത് ?. സാധാരണജനങ്ങൾ വഞ്ചിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മുടെ ഏമാന്മാർക്ക് വലിയ വേവലാതിയൊന്നും ഇല്ലാ എന്നല്ലേ ഈ നിസ്സംഗതയുടെ അർത്ഥം ?. പാണക്കാരുടെ കാര്യത്തെപ്പറ്റി മാത്രമേ ഈ ദാരിദ്രരാഷ്ട്രത്തിലെ ഭരണാധികാരികൾ ചിന്തിക്കുന്നുള്ളൂ എന്നല്ലേ ഇതിനർത്ഥം ?.

    ReplyDelete