Flash News

6/recent/ticker-posts

നിലമ്പൂർ കനോലി പ്ലോട്ടിനു സമീപം കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചപ്പോൾ.

Views
നിലമ്പൂർ-നിലമ്പൂർ നഗര മധ്യത്തിനു സമീപം പട്ടാപ്പകൽ കാട്ടാനയിറങ്ങി. വനം ദ്രുത കർമസേനയുടെ അവസരോചിതമായ ഇടപെടലുകളെ തുടർന്നു ആനയെ കാട്ടിലേക്കു  തിരിച്ചയച്ചു. കെ.എൻ.ജി. റോഡിൽ കനോലി പ്ലോട്ടിനു സമീപം 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ 7.30 തോടെയാണ് കാട്ടാന കെ.എൻ.ജി. റോഡിൽ ഇറങ്ങിയത്. റോഡിന്റെ ഇരുഭാഗങ്ങളിൽ നിന്നു നിരവധി വാഹനങ്ങളെത്തി കൊണ്ടിരുന്ന സമയത്താണ് കാട്ടാന റോഡിലെത്തിയത്. ഇതോടെ യാത്രക്കാർ ഭയന്നു. നിലമ്പൂർ ആർ.ആർ.ടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി. അംജിത് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും റിസർവ് ഫോഴ്‌സിലെ പോലീസുകാരും ചേർന്നു 15 മിനിറ്റ് നേരം നടത്തിയ ശ്രമത്തെ തുടർന്നു റോഡ് മുറിച്ചു കടന്നു കാട്ടാന വനത്തിലേക്കു കയറി. കനോലി പ്ലോട്ടിനു സമീപത്തുള്ള മലബാർ ക്ലബിന്റെ ഭാഗത്തെ വേലിയും വനം ഡിപ്പോയുടെ തകർന്ന മതിലും കടന്നാണ് വനത്തിൽ നിന്നു കാട്ടാനയെത്തിയത്. ഡിപ്പോയുടെ ഭാഗത്ത് നിന്നു റോഡിലേക്കുള്ള മതിൽ ചാടിക്കടന്നാണ് പിന്നീട് റോഡിലെത്തുന്നത്. ഈ ഭാഗത്ത് ഏതാനും നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമാണ്. വ്യാഴാഴ്ച രാത്രി എത്തിയ കാട്ടാന വനത്തിലേക്കു മടങ്ങുന്നതിനിടയിലാണ് റോഡിലേക്ക് എത്തിയത്. ഡെപ്യൂട്ടി റേഞ്ചർക്കു പുറമെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.പി. റിയാസ്, റിസർവ് ഫോഴ്‌സിലെ സി.പി.ഒമാരായ  വിനീഷ്‌ലാൽ, വാച്ചർ അബ്ദുൾഅസീസ്, ഡ്രൈവർ അനീഷ് എന്നിവരും ഉണ്ടായിരുന്നു.


Post a Comment

0 Comments