Flash News

6/recent/ticker-posts

മഴവിൽ ശോഭയിൽ റമസാനെ വരവേറ്റ് മക്ക

Views
പള്ളികളിൽ തക്ബീർ ധ്വനികളുയർന്നു. മാനത്ത് അമ്പിളിക്കല ചിരിച്ചു. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും റമസാൻ മാസത്തെ വിശ്വാസികൾ വരവേറ്റു. പ്രാർഥനകളുടെയും ഹൃദയ ശുദ്ധീകരണത്തിന്റെയും റമസാൻ... പങ്കുവയ്ക്കലിന്റെയും സക്കാത്ത് നൽകലിന്റെയും റമസാൻ...

സൗദിയിൽ, പ്രത്യേകിച്ചു മക്ക, മദീന എന്നിവിടങ്ങളിൽ റമസാൻ മാസമെന്നാൽ ഉത്സവപ്രതീതിയാണ്. ദൈവപ്രീതിക്കു വേണ്ടി പകൽ ആഹാരപാനീയങ്ങൾ ഒഴിവാക്കുകയും വാക്കും നോക്കും ശരീരവും മനസ്സും തിന്മയിൽ നിന്നുമാറ്റി നിർത്തുകയും രാത്രി ഉണർന്നു പ്രാർഥനയ്ക്കായി ചെലവഴിക്കുകയും ചെയ്യുന്ന മാസം.

റമസാനു തൊട്ടു മുൻപുള്ള മാസമായ ഷഅ്‌ബാനിൽ തന്നെ നാടു മുഴുവൻ അലങ്കരിച്ചു. കച്ചവടസ്ഥാപങ്ങളിലും കെട്ടിടങ്ങളിലും മാത്രമല്ല റോഡരികിലെ ഈന്തപ്പനകളിലും മലകളിലും വരെ ലൈറ്റുകൾ തെളിയുന്നു. പല നിറങ്ങളാൽ രാത്രിക്ക് മഴവിൽശോഭ.

റമസാൻ അടുക്കുന്നതോടെ വിശുദ്ധ ഹറമുകളിൽ തിരക്കു കൂടുന്നു. മക്കയുടെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കു ജനങ്ങൾ നാഥനെ സന്ധിക്കാൻ തിരക്കു കൂട്ടിയെത്തുകയാണ്. തന്റെ നാഥന്റെ വീടിനെ ഏഴു തവണ ചുറ്റാൻ, അവിടെ പ്രാർഥനകൾ നിർവഹിക്കാൻ, വിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിൽ അവിടെയിരുന്നു ഖുർആൻ പാരായണം ചെയ്യാൻ ജനം മത്സരിക്കുന്നു.

റമസാൻ പകലുകൾ തദ്ദേശീയർക്ക് ഉച്ച കഴിഞ്ഞാണു തുടങ്ങുന്നതെന്നു പറയാം. രാവിലെ സൂര്യനുദിച്ച ശേഷം ഉറങ്ങി ഉച്ചയ്ക്കു ശേഷം ഉണരുന്നതാണു റമസാനിലെ ശീലം. റമസാനിൽ കുട്ടികൾക്ക് സ്കൂൾ അവധി ആയിരുന്നതും അതിനൊരു കാരണമാണ്. ഇത്തവണ പക്ഷേ, കുട്ടികൾക്ക് റമസാനിലും ക്ലാസുണ്ട്. അതുകൊണ്ടുതന്നെ പകലുറക്കം കുറയും.

വൈകുന്നേരമായാൽ ഇഫ്താറിന്റെ ഒരുക്കങ്ങളിലേക്കു കടക്കും. ഈന്തപ്പഴം കൊണ്ട് നോമ്പു തുറന്ന് വെള്ളവും സംബോസ അഥവാ സമൂസയും 'സോബിയ' എന്ന മക്കയിൽ മാത്രം ലഭിക്കുന്ന ശീതളപാനീയവും ഇഫ്താറുകളിൽ ഒഴിവാക്കാൻ പറ്റാത്തവയാണ്. രാപ്രാർഥനകൾക്കു ശേഷം പുലരും വരെ പലരും റോഡുകളിലും പാർക്കുകളിലും തമ്പടിക്കും. വർത്തമാനം പറഞ്ഞും പ്രാർഥിച്ചും അവർ രാത്രികളെ ഉത്സാഹഭരിതമാക്കുന്നു.

പള്ളികളിൽ നോമ്പു തുറക്കുന്ന ഒരുപാടു പേരുണ്ട്. എല്ലാ പള്ളികളിലും ഇഫ്താർ കിറ്റുണ്ടാകും. വെള്ളം, ഈന്തപ്പഴം, ജ്യൂസ്, കേക്ക് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് കിറ്റ്. കാവ എന്ന തദ്ദേശീയ ചായ, ഫ്ലാസ്കിൽ നിറച്ചു നിൽക്കുന്നവരുടെ നീണ്ട നിര തന്നെയുണ്ടാകും മിക്ക ഇടങ്ങളിലും. അവർ അവരുടെ പ്രിയപ്പെട്ട പാനീയം നൽകി എല്ലാവരെയും സൽക്കരിക്കുന്നു.

എന്തു കാര്യത്തിലുമെന്ന പോലെ റമസാന്റെ കാര്യത്തിലും കോവിഡിനു മുൻപ്, കോവിഡ് കാലത്ത്, കോവിഡ് നിയന്ത്രണങ്ങൾ കുറച്ച ശേഷം എന്നൊക്കെ വിഭജിച്ച് പറയേണ്ടി വരും.

ഹറമിൽ പഴയ തിരക്കില്ല. ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നതും പല രാജ്യങ്ങളിൽ നിന്നുമുള്ള വിമാനയാത്രാ നിരക്ക് ഇപ്പോഴും ഉയർന്നിരിക്കുന്നതുമാകാം കാരണം.

രണ്ടു വർഷമായി അടഞ്ഞു കിടന്നിരുന്ന പള്ളികൾ ഇത്തവണ തുറന്നിരിക്കുന്നു. നിയന്ത്രണങ്ങളുണ്ടെങ്കിലും ജനങ്ങൾ പ്രാർഥനകൾക്കായി ഭക്തിപൂർവം ഒന്നിച്ചു കൂടുന്നു. എന്നാൽ, ഉംറ ചെയ്യാൻ ഇപ്പോഴും പ്രത്യേകം ബുക്കിങ് വേണമെന്നു മാത്രമല്ല, ആളുകളുടെ എണ്ണത്തിനും നിയന്ത്രണമുണ്ട്.

പള്ളിക്കുള്ളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാണെങ്കിലും തുറസ്സായ ഇടങ്ങളിലും പള്ളിക്കു പുറത്തുള്ള പ്രാർഥനാ ഇടങ്ങളിലും മാസ്‌ക് നിർബന്ധമില്ല. പള്ളികൾ ഇപ്പോഴും രാത്രി നമസ്കാരത്തിനു ശേഷം അടച്ചിടുന്നതിനാൽ രാത്രി പള്ളിയിൽ തന്നെ ഇരിക്കാൻ സാധിക്കില്ല. ഈ നിയന്ത്രണം കൂടി എടുത്തു മാറ്റണമെന്ന അഗ്രഹത്തിലാണ് ജനം.

കഴിഞ്ഞ മാസം മുതൽ ബസ് സർവീസ് തുടങ്ങി. ജനങ്ങൾക്ക് ഹറമിലേക്കെത്താനും തിരികെ പോകാനും ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്. 20 മിനിറ്റ് ഇടവേളയിൽ എത്തുന്ന ബസിനു വേണ്ടി ബസ് സ്റ്റോപ്പുകളിൽ കാത്തിരിക്കുന്നവരുടെ നീണ്ട നിര കാണാം.

മക്ക ഹറം പള്ളിയിൽ റമസാനിലേക്കായി മാത്രം ഒട്ടേറെ വൊളന്റിയർമാരെ നിയമിച്ചിട്ടുണ്ട്. പള്ളിക്കുള്ളിൽ മാത്രമല്ല, പള്ളി പരിസരങ്ങളിലുമുള്ള ജനങ്ങളെ സഹായിക്കുക, വയോജനങ്ങളും കുട്ടികളും കൂട്ടം തെറ്റിപ്പോകാതെ ശ്രദ്ധിക്കുക, കൂട്ടം തെറ്റിപ്പോയവരെ തിരികെയെത്തിക്കുക തുടങ്ങിയ ഒരുപാടു ജോലികൾ ഇവർക്കുണ്ട്.

രണ്ടു വർഷമായി പരിമിതമാക്കപ്പെട്ട റമസാൻ ആവേശം തിരികെപ്പിടിക്കുകയാണ് ജനങ്ങൾ. അടച്ചിട്ട പള്ളികളിൽ നിന്നു ബാങ്കുനാദം ഉയരുമ്പോൾ പള്ളികളിൽ പോകാൻ കഴിയാതെ വിങ്ങിയിരുന്ന മനസ്സുകൾ ഇപ്പോൾ എല്ലാം മറന്ന് പള്ളികളിലെത്താൻ തിടുക്കം കാണിക്കുന്നു. വീടുകളിൽ ഒതുങ്ങിയിരുന്ന ഇഫ്താറുകൾ പള്ളികളിലേക്കും പൊതു ഇടങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. പരസ്പരം ഇഫ്താറിന് ക്ഷണിച്ച്, ഭക്ഷണം പങ്കിട്ട്, ജനം വീണ്ടും റമസാന്റെ ആവേശത്തിലേക്കു കടന്നിരിക്കുന്നു. കുട്ടികൾ പോലും തങ്ങളെ കൊണ്ട് കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുന്നു. സഹായം സ്വീകരിക്കുന്നവരാകട്ടെ നിറഞ്ഞ പുഞ്ചിരിയോടെ ‘ദൈവം ആരോഗ്യം തരട്ടെ’ എന്ന് ആശംസിക്കുന്നു..

ഞാൻ ഹറം പള്ളിയുടെ പുറത്തുകൂടി, തിങ്ങി നിറഞ്ഞ ജനങ്ങൾക്കിടയിലൂടെ നടക്കുകയാണ്.

എനിക്കു ചുറ്റും പല വേഷവിധാനങ്ങളിൽ, പല രൂപഭാവങ്ങളിലുള്ള മനുഷ്യർ... ഏതൊക്കെയോ രാജ്യങ്ങളിൽ നിന്നുള്ളവർ, വീൽ ചെയറിൽ പോകുന്നവർ, എത്രയോ വൈവിധ്യമാർന്നവർ.. ചിലർ ഈന്തപ്പഴം നീട്ടുന്നു. ചിലർ ചെറിയ കപ്പുകളിൽ കാവ, കേക്ക്, ബിസ്കറ്റ്, വെള്ളം, ചെറിയ സമ്മാനങ്ങൾ, തസ്ബീഹ് മാല... അവർ സന്തോഷം പങ്കുവയ്ക്കുകയാണ്. എല്ലാവർക്കും ഒരേ ചിന്ത. 'അഹദ്, അഹദ്...'Post a Comment

0 Comments