Flash News

6/recent/ticker-posts

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; 30 വർഷത്തിനു ശേഷം പുറത്തേക്ക്...

Views


ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിൽമോചിതനാകുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. അറസ്‌റ്റിലാകുമ്പോൾ വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോൾ 50 വയസ്സുണ്ട്. ജയിലിൽ പഠനം തുടങ്ങിയ പേരറിവാളൻ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്‌ഥമാക്കിയിട്ടുണ്ട്.

ഇതേ വർഷംതന്നെ ജൂൺ 14ന് മുരുകനും 22ന് ശാന്തനും അറസ്‌റ്റിലായി. ഇവരെ കൂടാതെ കേസുമായി മറ്റ് 23 പേരും പിടിയിലായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബുണ്ടാക്കുന്നതിനായി 2 ബാറ്ററികൾ വാങ്ങി പ്രധാന പ്രതിക്ക് കൈമാറിയെന്നാണു പേരറിവാളനെതിരെയുള്ള ആരോപണം. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു സിബിഐ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. ഇതിനിടെ കേസിൽ പ്രതികളായിരുന്ന എൽടിടിഇ നേതാക്കളായ വേലുപ്പിള്ള പ്രഭാകരൻ, പൊട്ടു അമ്മൻ, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

തുടർന്ന് വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ 1998 ജനുവരി 28ന് പ്രതികളായ 26 പേർക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ പരിഗണിച്ച് 1999 മെയ് 11ന് മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്‌തുവെങ്കിലും നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവയ്‌ക്കുകയുമായിരുന്നു. 2000ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെ തുടർന്നു സമർപ്പിച്ച ദയാഹർജി 2011നാണു രാഷ്‌ട്രപതി തള്ളിയത്.

പേരറിവാളൻ, രാജീവ് ഗാന്ധി


ഇതിനിടെ തമിഴ്‌നാട് മന്ത്രിസഭയുടേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യർഥനകൾ പരിഗണിച്ച ഗവർണർ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്‌തിരുന്നു. 2014ൽ പേരറിവാളന്റെ വധഷിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.

ഈ വർഷം മാർച്ചിൽ പേരറിവാളന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനുപിന്നാലെ നേരത്തെയുള്ള ജയിൽമോചനം ആവശ്യപ്പെട്ട് പേരറിവാളൻ അപ്പീൽ നൽകി. എന്നാൽ തമിഴ്നാട് ഗവർണർ ഇക്കാര്യം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും അതിനാൽ തീരുമാനമെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർത്തു. ഗവർണറുടെ തീരുമാനം വൈകുന്നതു ചോദ്യം ചെയ്ത സുപ്രീം കോടതി, ഇക്കാര്യത്തിൽ സംസ്ഥാന മന്ത്രിസഭയുടെ നിലപാടും പരിഗണിച്ചു.

30 വർഷത്തിലേറെയായി തടവിൽ കഴിയുന്ന രാജീവ് വധക്കേസ് പ്രതികളെയെല്ലാം മോചിപ്പിക്കണമെന്ന തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനം പരിഗണിക്കാത്ത ഗവർണറെയും ഗവർണറെ അനുകൂലിച്ച കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു. ഗവർണർക്ക് വേണ്ടി സംസ്ഥാന സർക്കാരിനു വാദിക്കാം. കേന്ദ്രസർക്കാർ വാദിക്കുന്നത് എന്തിനാണ്? മൂന്നു വർഷമായിട്ടും ഗവർണർ തീരുമാനമെടുക്കാത്തത് എന്ത്? മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ? ഏതു ചട്ടപ്രകാരമാണ് അത്? എന്ന് കഴിഞ്ഞാഴ്ച കേസു പരിഗണിച്ച ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി നളിനി ശ്രീഹരൻ, ഭർത്താവ് മുരുകൻ ഉൾപ്പെടെ കേസിലെ മറ്റ് ആറു പ്രതികളുടെയും മോചനത്തിന് വഴിതെളിക്കുമെന്നാണ് കരുതുന്നത്.



Post a Comment

1 Comments

  1. "ഇന്ത്യയിൽ ആർക്കും ആരെയും കൊല്ലാം , മതിയായ ശിക്ഷ കിട്ടും എന്ന ഭയമേ വേണ്ട " എന്ന സ്ഥിരം ക്രിമിനലുകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് , മുൻ പ്രധാനമന്ത്രിയടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ ഈ ഭീകരപ്രവർത്തനത്തിലെ പ്രതിയെ മോചിപ്പിച്ച നടപടി . ഇനി ഇതിന് പിന്നാലെ മറ്റ് ഭീകരരും ഈ വിധിയുടെ ചുവടുപിടിച്ചു മോചിതരായേക്കും . ചുരുക്കത്തിൽ കുറ്റവാളികളുടെ സ്വർഗമായി മാറുകയാണ് നമ്മുടെ രാജ്യം . ഇത്തരം മോചനങ്ങൾ കാരണം നാട്ടിൽ പുതിയ പുതിയ ക്വട്ടേഷൻ സംഘങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . ജഡ്ജിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പ്രത്യേക സംരക്ഷണം ഉള്ളതുകൊണ്ട് അവർക്ക് പേടിക്കാനൊന്നുമില്ല സാധാരണക്കാരുടെ സുരക്ഷ ദിവസം തോറും അപകടത്തിൽ നിന്ന് അപകടത്തിലേക്കു കൂപ്പുകുത്തുകയാണ് . ബഹുമാനപ്പെട്ട കോടതികൾ സാധാരണക്കാരുടെ സുരക്ഷ കൂടി കണക്കിലെടുക്കണം എന്ന് താഴ്മയായി അപേഷിക്കുന്നു .

    ReplyDelete