Flash News

6/recent/ticker-posts

പ്രീമിയർ ലീഗ്...പ്രീമിയർ ലീഗ് കലാശത്തിലേക്ക്;

Views ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ അവസാനത്തോടടുക്കവെ ലിവർപൂളിനെതിരെ വ്യക്തമായ മുൻതൂക്കം നേടി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ ന്യൂകാസിൽ യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപ്പിച്ചാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സംഘം മൂന്ന് പോയിന്റ് ലീഡും ഗോൾവ്യത്യാസത്തിൽ മുൻതൂക്കവും സ്വന്തമാക്കിയത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കാനായാൽ കിരീടം നേടാമെന്ന സ്ഥിതിയിലാണ് സിറ്റി ഇപ്പോൾ.
35-ാം റൗണ്ട് വരെ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റിന് മാത്രം പിറകിലായിരുന്ന ലിവർപൂളിന് തിരിച്ചടിയായത് ശനിയാഴ്ച ടോട്ടനം ഹോട്‌സ്പറുമായി വഴങ്ങിയ സമനിലയാണ്. സ്വന്തം തട്ടമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും 1-1 ന്റെ സമനലിപ്പൂട്ട് പൊട്ടിക്കാൻ യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് കഴിഞ്ഞില്ല. ഈ മത്സരത്തിൽ നിന്നു ലഭിച്ച ഒരു പോയിന്റോടെ സിറ്റിക്കൊപ്പമെത്തിയ ലിവർപൂൾ ഗോൾവ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തേക്കു മുന്നേറി. എന്നാൽ, സിറ്റിയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചത് അവർക്ക് തിരിച്ചടിയായി.

ലിവർപൂളിന്റെ കിരീടപ്രതീക്ഷകൾക്ക് ജീവൻവെക്കണമെങ്കിൽ ഞായറാഴ്ച ന്യൂകാസിലിനെ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയേൽക്കണമായിരുന്നു. കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ സിറ്റി പക്ഷേ, നിർണായകമായ ലീഗ് മത്സരത്തിൽ മിന്നും പ്രകടനം തന്നെ പുറത്തെടുത്തു. രണ്ട് ഗോളുമായി റഹീം സ്റ്റർലിങ് തിളങ്ങിയ മത്സരത്തിൽ അഞ്ച് ഗോളാണ് ആകാശനീലക്കുപ്പായക്കാർ അടിച്ചുകൂട്ടിയത്. അയ്‌മെറിക് ലാപോർട്ട്, റോഡ്രി, ഫിൽ ഫോഡൻ എന്നിവരായിരുന്നു മറ്റ് സ്‌കോറർമാർ. ന്യൂകാസിലിനെ ഗോളടിക്കാൻ വിടാതിരുന്ന സിറ്റി ഈ വൻജയത്തോടെ മൂന്ന് പോയിന്റെ വ്യക്തമായ ലീഡ് സ്വന്തമാക്കി. ഗോൾവ്യത്യാസത്തിലും അവർ ലിവർപൂളിനെ മറികടന്നു.

അടുത്ത മൂന്ന് മത്സരങ്ങളിൽ സിറ്റിക്കും ലിവർപൂളിനും ആസ്റ്റൻവില്ല, വൂൾവറാംപ്ടൺ വാണ്ടറേഴ്‌സ് എന്നീ ടീമുകളെ നേരിടാനുണ്ട്. എട്ടാം സ്ഥാനക്കാരായ വൂൾവ്‌സും 11-ാം സ്ഥാനത്തുള്ള വില്ലയും കടുത്ത മത്സരം തന്നെ ഇരുടീമുകൾക്കും ഉയർത്തുമെന്നതിനാൽ ആഹ്ലാദിക്കാൻ സിറ്റിക്കോ നിരാശപ്പെടാൻ ലിവർപൂളിനോ സമയമായിട്ടില്ല. മറ്റൊരു മത്സരത്തിൽ ലിവർപൂൾ സതാംപ്ടണിനെയും സിറ്റി വെസ്റ്റ്ഹാമിനെയും നേരിടും.


രണ്ട് മത്സരം ജയിക്കുകയും ഒരു സമനില വഴങ്ങുകയും ചെയ്താൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. മൂന്നു മത്സരവും ജയിച്ചാലും സിറ്റിക്ക് തിരിച്ചടി നേരിട്ടാലേ ലിവർപൂളിന് സാധ്യതയുള്ളൂ. ലിവർപൂൾ മൂന്നും ജയിക്കുകയും സിറ്റിക്ക് രണ്ടെണ്ണം ജയിച്ച് ഒന്നിൽ തോൽവി വഴങ്ങുകയും ചെയ്താലും സിറ്റിക്ക് തന്നെയാണ് നിലവിൽ സാധ്യത. അതിനാൽ, ജയത്തോടൊപ്പം ഗോളുകൾ അടിച്ചുകൂട്ടുക എന്ന അധികബാധ്യത കൂടി ലിവർപൂളിനുണ്ട്.

മൂന്നും നാലും സ്ഥാനങ്ങളിലുള്ള ചെൽസിയും ആർസനലും തമ്മിലും കടുത്ത മത്സരമാണ് നടക്കുന്നത്. ഒരു പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ് ചെൽസി മൂന്നാം സ്ഥാനത്തുള്ളത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങിൽ  ഒരു ജയം മാത്രമാണ് അവർക്ക് നേടാനായത്. ഗണ്ണേഴ്സാകട്ടെ, നാല് തുടർ ജയങ്ങളുമായി മിന്നും ഫോമിലാണ്. പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്കാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യത ലഭിക്കുക.



Post a Comment

0 Comments