Flash News

6/recent/ticker-posts

മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്തതിന് സഹോദരനുൾപ്പെടുന്ന സംഘം യുവാവിനെ ജനമധ്യത്തിൽ അടിച്ച് കൊന്നു.

Views

ഹൈദരാബാദ്: തിരക്കേറിയ നടുറോഡിൽ ഇരുമ്പ് വടികൾകൊണ്ട് മുഖത്തിന് അടിയേറ്റ് ജീവനു വേണ്ടി കേഴുന്ന ഭർത്താവും, യുവാവിനെ രക്ഷിക്കാൻ അക്രമികളോടു മല്ലിടുന്ന ഭാര്യയും – ഹൈദരാബാദിൽനിന്നുള്ള ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ പ്രചരിക്കുന്നു. മുസ്‌ലിം യുവതിയെ പ്രണയിച്ചു വിവാഹം ചെയ്തതിന് യുവതിയുടെ കുടുംബം നടത്തിയ ദുരഭിമാന കൊലയുടെ ദാരുണ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

‘നടുറോഡിൽ എന്റെ ഭർത്താവിനെ അവർ കൊന്നു. എന്റെ സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് പേരാണ് ആക്രമണം നടത്തിയത്. എല്ലാവരോടും കേണപേക്ഷിച്ചിട്ടും ആരും സഹായിച്ചില്ല. അദ്ദേഹത്തെ എന്റെ കൺമുൻപിൽ കൊന്നുകളഞ്ഞു’ – കരച്ചിലോടെ ഭാര്യ സെയ്ദ് ആശ്രിൻ സുൽത്താന മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഇരുപത്തഞ്ചുകാരനായ കാർ സെയിൽസ്മാൻ ബി. നാഗരാജുവും സെയ്ദ് ആശ്രിൻ സുൽത്താനയും ചെറുപ്പം മുതൽ പരിചയമുള്ളവരാണ്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മൂന്നു മാസം മുൻപാണ് വിവാഹിതരായത്.


‘സഹായിക്കാനാകുന്നില്ലെങ്കിൽ അവർ എന്തിനാണ് വരുന്നത്. എല്ലാവരും വന്നു കാഴ്ച കണ്ടുനിന്നു. അവരുടെ കൺമുന്നിലാണ് ഒരാൾ കൊല്ലപ്പെടുന്നത്. അവർക്ക് കണ്ടുകൂടേ? അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ ദേഹത്തേക്കു ഞാൻ വീണുകിടന്നു. എന്നാൽ അക്രമികൾ എന്നെ തള്ളിമാറ്റി. ഇരുമ്പ് വടികൾ കൊണ്ട് അടിച്ച് തല തകർത്തു’ – അവർ കൂട്ടിച്ചേർത്തു.

അക്രമികൾ ഓടിരക്ഷപ്പെട്ടെങ്കിലും സുരക്ഷാ ക്യാമറകളിലും സാക്ഷികളുടെ മൊബൈൽ ഫോണിലും വിഡിയോ റെക്കോർ‍ഡ് ചെയ്തിരുന്നു. ഇതുപയോഗിച്ച് എത്രയും പെട്ടെന്ന് പ്രതികളെ പിടിക്കാൻ പൊലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

ജനുവരി 31ന് ആര്യ സമാജത്തിൽ വച്ചായിരുന്നു നാഗരാജുവിന്റെയും സുൽത്താനയുടെയും വിവാഹം. പത്താം ക്ലാസ് മുതൽ ഇരുവർക്കും പരസ്പരം അറിയാം. എന്നാൽ മതംമാറി വിവാഹം കഴിക്കുന്നതിന് സുൽത്താനയുടെ കുടുംബം എതിർത്തു. ബന്ധം തുടരരുതെന്ന് നാഗരാജുവിനെ സുൽത്താനയുടെ കുടുംബം ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭീഷണിയെത്തുടർന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നുവെന്ന് നാഗരാജുവിന്റെ സഹോദരി രമാദേവി വാർത്താഏജൻസിയായ എഎൻഐയോട് അറിയിച്ചു. പൊലീസിന്റെ നിഷ്ക്രിയത്വമാണ് സഹോദരന്റെ വേർപാടിനു കാരണം. നാഗരാജുവിന്റെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടു പോയിരുന്നതെന്നും അവർ‍ കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി 8.45ന് വീട്ടിൽനിന്ന് നാഗരാജുവും സുൽത്താനയും ബൈക്കിൽ പുറത്തേക്കു പോകുമ്പോൾ വഴിയിൽ രണ്ടുപേർ തടഞ്ഞുനിർത്തി ഇരുമ്പ് വടികളും കത്തികളുമായി ആക്രമിച്ചു. ഉടൻതന്നെ ആളുകൾ കൂട്ടംകൂടിയെങ്കിലും ആക്രമണത്തെ തടയാൻ ആരും തയാറായില്ലെന്ന് സുരക്ഷാ ക്യാമറകളിൽനിന്നു വ്യക്തമാണ്. അതേസമയം, നാഗരാജുവിനെ ആക്രമിച്ചശേഷം സുൽത്താനയെ ആക്രമിക്കാനൊരുങ്ങവെ അക്രമിയെ നാട്ടുകാർ തടയുന്നതും ഒരു വിഡിയോയിൽ കാണാം. ആക്രമണത്തിന് തൊട്ടുപിന്നാലെതന്നെ നാഗരാജു മരിച്ചു.


Post a Comment

0 Comments