Flash News

6/recent/ticker-posts

സാമുദായിക സംഘര്‍ഷം: പ്രതി ഒരാഴ്ച യാത്രക്കാര്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന് കോടതി

Views



പ്രയാഗ്രാജ് (യു.പി.): ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയുണ്ടായ സാമുദായിക കലാപത്തിലെ പ്രതിയോട് ഒരാഴ്ച കുടിവെള്ളവും സർബത്തും വിതരണംചെയ്യാൻ അലഹാബാദ് ഹൈക്കോടതിയുടെ നിർദേശം.

മാർച്ച് 11 മുതൽ ജയിലിലായിരുന്ന ഹാപുർ നവാബിന് ജാമ്യം നൽകിക്കൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ട് ഇങ്ങനെ നിർദേശിച്ചത്. സൗമനസ്യവും സൗഹാർദവും സൃഷ്ടിക്കാൻ കുടിവെള്ളവും സർബത്തും സൗജന്യമായി നൽകണമെന്ന് കോടതി പറഞ്ഞു.

സഹജീവിസ്നേഹമെന്ന മഹാത്മാഗാന്ധിയുടെ തത്ത്വം ഉദ്ബോധിപ്പിച്ച ജസ്റ്റിസ് ഭാനോട്ട് അതാണ് ഇന്ത്യൻധർമത്തിന്റെ അന്തഃസത്തയെന്നും പറഞ്ഞു. വെറുപ്പിന് ഇന്ത്യൻ സമൂഹത്തിൽ സ്ഥാനമില്ല. ഗംഗ-ജമുനി തെഹ്സീബ് (ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ആഘോഷം) അതിന്റെ സത്തയിലാണ്, അല്ലാതെ വാക്കുകളിലല്ല പാലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജൂണിനുള്ളിൽ ഏതെങ്കിലുമൊരാഴ്ച ഹാപുരിലെ പൊതുസ്ഥലത്ത് യാത്രക്കാർക്ക് കുടിവെള്ളവും സർബത്തും നൽകണമെന്നാണ് പ്രതിക്കുള്ള നിർദേശം. ഇത് തടസ്സംകൂടാതെയും സമാധാനപൂർവും നടത്തുന്നതിനുവേണ്ട സജ്ജീകരണം ഉറപ്പുവരുത്തണമെന്ന് പോലീസിനോടും പ്രാദേശിക ഭരണകൂടത്തോടും കോടതി നിർദേശിച്ചു.

മറ്റൊരാളുടെയുള്ളിലെ വെറുപ്പിന് മരണസമയത്തുപോലും മഹാത്മാഗാന്ധിയിലെ സ്നേഹക്കടലിനെ മറയ്ക്കാനായില്ലെന്ന് ജസ്റ്റിസ് ഭാനോട്ട് പറഞ്ഞു. ''വിവിധ വിശ്വാസങ്ങൾ പിന്തുടരുന്നവർ നമ്മുടെ രാഷ്ട്രപിതാവിനെ ഓർക്കണം. എല്ലാ മതങ്ങളും തേടുന്നതും ഇന്ത്യൻ ധർമത്തിന്റെ സത്തയും സഹജീവിസ്നേഹമാണെന്ന് തന്റെ ജീവിതത്തിലും മരണത്തിലും ഓർമിപ്പിക്കുന്നു അദ്ദേഹം. ആരുടെയോ വെറുപ്പ് അദ്ദേഹത്തിന്റെ ശരീരത്തെ നിശ്ചലമാക്കി. പക്ഷേ, മനുഷ്യകുലത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ കെടുത്തിയില്ല. വെടിയുണ്ട അദ്ദേഹത്തിന്റെ ഭൗതികശരീരം തുളച്ചു. പക്ഷേ, അദ്ദേഹത്തിലെ സത്യത്തെ നിശ്ശബ്ദമാക്കിയില്ല'' -ജസ്റ്റിസ് ഭാനോട്ട് പറഞ്ഞു.




Post a Comment

0 Comments