Flash News

6/recent/ticker-posts

അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന് ലക്ഷങ്ങൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ യുവാവ് സ്വയം തീകൊളുത്തി മരിച്ചു

Views
ബംഗളൂരു: അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന് ലക്ഷങ്ങൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. ചിക്കബെല്ലാപുര സ്വദേശിയും ഗിഫ്റ്റ് ഷോപ്പ് ഉടമയുമായ അരവിന്ദ് ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. 39 വയസായിരുന്നു. 26 ലക്ഷത്തോളം രൂപ ഇയാൾക്ക് നഷ്ടമായതായതാണ് സൂചന.

സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചുമാണ് ഇയാൾ പണം സംഘടിപ്പിച്ചത്. താൻ കബളിപ്പിക്കപ്പെട്ടെന്നും മരണമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും സുഹൃത്തുക്കൾക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ചതിന് പിന്നാലെയാണ് ഇയാൾ തീകൊളുത്തി ജീവനൊടുക്കിയത്.

അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന 1957-ലെ ഒരു രൂപ നാണയം വിൽക്കാനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരസ്യംനൽകിയതാണ് ദുരന്തത്തിലേയ്ക്ക് വഴിവെച്ചത്. നാണയത്തിന്റെ ചിത്രം കാണണമെന്നാവശ്യപ്പെട്ട് ഒരാൾ അരവിന്ദിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് നാണയത്തിന് 46 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഈ തുക നൽകി നാണയം വാങ്ങാൻ തയ്യാറാണെന്നും ഇയാൾ അറിയിക്കുകയായിരുന്നു.

തുടർന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നികുതിയിനത്തിലും മറ്റ് സേവനങ്ങൾക്കും തുക മുൻകൂട്ടി അടയ്ക്കണമെന്നും ഈ തുക അരവിന്ദ് വഹിക്കണമെന്നും ഫോണിൽ ബന്ധപ്പെട്ടയാൾ അറിയിച്ചു. ഇതനുസരിച്ചാണ് പലഘട്ടങ്ങളിലായി അരവിന്ദ് ഇയാൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് 26 ലക്ഷം രൂപ അടച്ചത്.



എന്നാൽ പണമടച്ചതിന് ശേഷം ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച സ്‌കൂട്ടറിൽ ചിക്കബെല്ലാപുരയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയ അരവിന്ദ് കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഇതിന് മുമ്പ് സുഹൃത്തിന് ആത്മഹത്യാക്കുറിപ്പും അയച്ചു. സുഹൃത്ത് സന്ദേശം പോലീസിന് കൈമാറിയതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.


Post a Comment

0 Comments