Flash News

6/recent/ticker-posts

കൊളക്കാടൻ മിനിമോൾ ഇനി ഓർമ്മകളിൽ ...സങ്കടക്കണ്ണീരുമായി ആനപ്രേമികൾ...!

Views
മലപ്പുറത്തിൻ്റെ ഗജതാരറാണി കൊളക്കാടൻ മിനി ഇനി ഓർമ്മയുടെ ആഴങ്ങളിൽ ... ആനകേരളത്തിൻ്റെയും, കൊളക്കാടൻ കുടുംബത്തിൻ്റെയും മറ്റൊരു നഷ്ടം ആനക്കഥകളുടെ പേരിൽ ആദരാജ്ഞലികളർപ്പിക്കൂന്നു. മിനിയെക്കുറിച്ച് കുറച്ചു നാൾ മുമ്പ് എഴുതിയ ഒരു പോസ്റ്റ് ഇവിടെ ചേർക്കുന്നു...
ഗ്രാമ ഭംഗി തുളുമ്പുന്ന ഒരു ഗ്രാമം,
മലപ്പുറം  ജില്ലയിലെ മൂന്ന് ഭാഗവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ട മനോഹരമായ കീഴുപറമ്പ് പഞ്ചായത്തിലെ കുനിയിൽ
എന്നു അറിയപ്പെടുന്നു സ്ഥലത്തെ മനോഹരമായ ഒരു ആനതറവാടിന്റെ കഥ,  കൊല്ലം ജില്ലയിലെ പുത്തൻകുളം ആന തറവാട് എന്നു പറയുന്നതു പോലെ ഒരു സ്ഥലവും ഒരു കുടുംബവും  ഇവിടെയും ഉണ്ട്, അതാണ് കൊളക്കാടൻ തറവാട്.നിരവധി ഗജവീര കേസരികൾ അരങ്ങുവാഴുന്ന ഒരു കൂട്ടുകുടുംബം. ഇവിടെ ഇപ്പോൾ ഉള്ള ആനകൾ കുട്ടികൃഷ്ണൻ, ഗണപതി,  വിജയൻ, വിഷ്ണു,പിന്നെ വീട്ടുകാരുടെയും നാട്ടുകാരുടെയും നാസ്സറിന്റെയും കണ്ണിലുണിയായ സ്വന്തം മിനിയും.എകദേശം രണ്ട് വർഷത്തിൽ കടുതൽ ആയിക്കാണും കൊളക്കാടൻ നാസറും മിനി ആനയും തമ്മിലുള്ള ഒരു വീഡിയോ മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു, നമ്മളിൽ പലരും കണ്ടിരുന്നു അവരുടെ ബന്ധത്തെ പറ്റി.ആനകള്‍ക്കെതിരായ മനുഷ്യന്റെ ക്രൂരതകള്‍ ധാരാളം പ്രചരിക്കുന്ന കാലത്ത് കോഴിക്കോട് നിന്ന് കേള്‍ക്കാനിമ്പമുള്ള ഒരാനക്കാര്യം. ഒരു പിടിയാനയെ സ്വന്തം മകളെ പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മനുഷ്യന്‍ കോഴിക്കോട് മലപ്പുറം അതിര്‍ത്തിയായ പന്നിക്കോട് താമസിക്കുന്നുണ്ട്. ആനയുടമയായ കൊളക്കാടന്‍ നാസറും പിടിയാന മിനിയും തമ്മിലുള്ള സ്നേഹബന്ധത്തിന് വർഷങ്ങളുടെ തലയെടുപ്പുണ്ട്.വീട്ടിലുള്ള നാല് ആങ്ങളമാരുടെ പെങ്ങളിൽ ഒരുവൾ കൂടിയാണ്. അതു കൊണ്ട് അടുത്തു പെരുമാറുന്നവർ സൂക്ഷിക്കുക.സ്വന്തം മക്കളെക്കാളേറെ വീട്ടു മൃഗങ്ങളെ പ്രതേകിച്ചു ആനയെയും കാളയെയും നായ്ക്കളെയും സ്നേഹിക്കുന്നവൻ. വർഷത്തിലേറെയായി ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന  മിനി ആനയും നാസറും തമ്മിലുള്ള ഹൃദയബന്ധം.  കൊളക്കാടൻ മിനിയും നാസ്സറും മിണ്ടിയും പറഞ്ഞും അങ്ങിനെ അങ്ങാടി ചുറ്റി വീട്ടിലെത്തും. ഉമ്മറത്ത് കുട്ടികളൊക്കെയുണ്ടാകും. നടന്നെത്തിയ ക്ഷീണം മാറ്റാന്‍ ഒരു കട്ടന്‍ചായ പതിവാണ്. കാരക്കയോ തേങ്ങയോ വലിയുള്ളിയോ അടുക്കളയിലുള്ളയെന്തും കൊറിക്കാനും കിട്ടും. പിന്നെ കുറച്ച് നേരം ചാരുപടിയില്‍ നാസര്‍ക്കയ്ക്കും കുട്ടികള്‍ക്കുമൊപ്പം കഥപറച്ചിലും പരദൂഷണവും. 

ഉപ്പാപ്പയുടെ ആന കുട്ടികളുടെ കളിക്കൂട്ടുകാരിയാകും. തുമ്പിക്കയ്യിൽ തൂങ്ങിയും കെട്ടിപ്പിടിച്ചും അവരങ്ങിനെ മുറ്റത്തൊക്കെ കളിച്ചുനടക്കും. സ്നേഹം കൊണ്ടല്ലാതെ മിനിയെ കൊളക്കാടന്‍ വീടിന്റെ മുറ്റത്ത് കെട്ടിയിടാറില്ല. പാപ്പാന്‍ രാജന്‍ അല്‍പം കണിശക്കാരനാണ്. മഴക്കാലത്തെ മരുന്ന് കഴിപ്പിക്കാന്‍ ഇച്ചിരി മുഖം കറുപ്പിച്ച് ശബ്ദം മുയര്‍ത്തി തന്നെ പറയണം. പക്ഷെ നാസ്സറിൻ്റെ സ്നേഹത്തിന് മുന്നില്‍ ഏതു കഷായവും അവള്‍ കടിച്ചിറക്കും. 

ഉറവ വറ്റാത്ത ഗാഢ സ്നേഹത്തിന്റെ കാൽ നൂറ്റാണ്ടിൽ കടുതൽ പൂർത്തിയാക്കിയിരിക്കുകകയാണ് നാസറും മിനിയും. പേര് കേട്ട് തെറ്റിധരിക്കണ്ട . മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂർ സ്വദേശി കൊളക്കാടൻ നാസ്സറും അയാൾ വളർത്തുന്ന ആന മിനിയുമാണ് കഥാപാത്രങ്ങൾ. എത്ര തന്നെ ഇണങ്ങിയാലും ഒരു വളർത്തു മൃഗവും അതിന്റെ ഉടമസ്ഥനും തമ്മിൽ ഇത്രമേൽ ഹൃദയബന്ധം വളരുമോ എന്ന് ആരെയും അതിശയിപ്പിക്കും. തന്റെ മൂന്ന് മക്കളായ ചിഞ്ചു ഷമീന , ജിബ്നാസ് , അജ്നാസ് എന്നിവരേക്കാൾ തന്റെ സ്നേഹഭാജനം പ്രിയപ്പെട്ട മിനി തന്നെയാണ് മക്കളുടെ മുമ്പിൽ വെച്ച് തന്നെ ആണയിടാൻ നാസർ മടിക്കുന്നില്ല. മിനിക്കാവട്ടെ, തന്റെ രക്ഷിതാവ് ഈ ഭൂമിക്ക് മേലുള്ള എന്തിനെക്കാളും വിലമതിക്കുന്നതുമാണ്. കണ്ടാൽ ഏവരേയും അമ്പരപ്പിച്ചു കളയുന്ന ബന്ധമാണിരുവർക്കുമിടയിലും ഉള്ളത്. 

1991ൽ കുടകിൽ നിന്നാണ് നാസറിന്റെ  ജ്യേഷ്ഠൻ ബാപ്പുട്ടി മിനിയെ കൊണ്ടുവരുന്നത്. അന്നേ മിനിയുടെ ഇഷ്ടക്കാരൻ നാസറാണ്. ഇവർ തമ്മിലുള്ള ബന്ധം കണ്ട് ബാപ്പുട്ടി മിനിയെ നാസറിന് നൽകി. അന്ന് മുതൽ ഇന്ന് വരെ നാസറിന്റെ ജീവൻ മിനിയും മിനിയുടെ എല്ലാമെല്ലാം നാസറുമാണ്. മിനിയടക്കം അഞ്ച് ആനകളാണ് ഇവരുടെ കുടുംബത്തിലുള്ളത്. ഗണപതി, വിഷ്ണു, വിജയൻ , കുട്ടികൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനകളിലൊന്നാണ് കുട്ടിക്കൃഷ്ണൻ. എകദേശം ഇരുപത്തിരണ്ട് വയസ്സ് അടുപ്പിച്ച്. ഇങ്ങനെയൊക്കെയാണെങ്കിലും നാസറും മിനിയും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതാണ്. 

ആരെങ്കിലും തമാശക്ക് പോലും നാസറിനോട് ശബ്ദമുയർത്തിയാൽ മിനി അസ്വസ്ഥയാവും. ചിലപ്പോൾ പ്രകോപിതയാകും. നാസർ വീട്ടിലുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചാണ് ഓരോ മിനിറ്റും മിനി നിൽക്കുന്നത്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ നാസറിനടുത്ത് ഓടി വന്ന് സുരക്ഷ നിൽക്കുന്നത് പോലെ വട്ടം ചുറ്റി നിൽക്കും. നാസറിന്റെ ദേഹത്ത് എന്തോ പ്രാണി കടിച്ച് ചുവന്ന് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട മിനി അന്ന് കാട്ടിക്കൂട്ടിയത് പറയുമ്പോൾ നാസറിന്റെ കണ്ഠമിടറും. ചുവന്ന് തടിച്ച സ്ഥലത്ത് ദീർഘനേരമാണ് തുമ്പിക്കൈ തട്ടിച്ചും ഊതിയും മിനി നിന്നത്. 

കാട്ടില്‍ തടിയെടുക്കാനും ഉത്സവത്തിനുമൊക്കെ മിനിയും പോകും. ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയതിന്റെ സ്നേഹപ്രകടനം കാണേണ്ടതാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിനപ്പുറം അച്ഛനും മകളും തമ്മിലുള്ള സ്നേഹഗാഥയാണ് കൊളക്കാടന്‍ നാസറും മിനിയും കുറിച്ചിടുന്നത്. 

ഇരുവരും വിട്ടു നിൽക്കേണ്ടി വരുന്ന ദിവസങ്ങൾ രണ്ടു പേർക്കും ഹൃദയ ഭേദകമാണ്. പൂരത്തിനും ഉൽസവത്തിനും തടി വലിക്കുന്നതിനുമൊക്കെയായി പോവേണ്ടി വരുമ്പോഴാണിത്.
ഒരിക്കൽ ദിണ്ടിഗലിൽ മൂന്ന് മാസത്തെ ജോലിക്ക് മിനി പോയി. പക്ഷേ മിനി പോയി ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു വാഹനാപകടത്തിൽ പെട്ട് കാലൊടിഞ്ഞതിനാൽ മാസങ്ങളോളം ഇരുവർക്കും ഒന്നു തമ്മിൽ കാണാൻ പോലും കഴിയാതെ വിട്ടു നിൽക്കേണ്ടി വന്നു. ഇരുവർക്കും കഠിന ദിവസങ്ങളായിരുന്നു അത്. ഒടുവിൽ മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ മിനി ലോറിയിൽ നിന്നിറങ്ങിയ നിമിഷം തന്നെ തന്റെ ജീവനായ യജമാനന്റെ അടുത്തേക്ക് ഓടി വന്ന കാഴ്ച ഇന്നും നാട്ടുകാർ ഓർമിക്കുന്നു. കാലൊടിഞ്ഞ നാസർ എണീൽക്കാൻ വയ്യാതെ പ്ലാസ്റ്ററിട്ട് കസേരയിൽ കാൽ പൊക്കി വെച്ച് ഇരിക്കുന്നത് കണ്ട് പരിഭ്രാന്തയായ മിനി മണിക്കൂറുകളോളമാണ് ഭക്ഷണമൊന്നും കഴിക്കാതെ നാസറിനടുത്തിരുന്ന് കാലിൽ  തുമ്പിക്കൈ കൊണ്ട് തഴുകിക്കൊണ്ടേ ഇരുന്നത്. ഇന്നും എല്ലാ ദിവസവും നാസറിന്റെ ആ ഇടങ്കാലിലെ വിരലുകളിൽ മിനി തഴുകിക്കൊണ്ടേയിരിക്കും.വീട്ടിലെ കൊച്ചുമക്കളോട് വരെ മിനി ആ ആത്മബന്ധം തുടരുന്നു. നാസറിന്റെ KL 01 AL 1684 എന്ന നമ്പറിലുള്ള പഴയ ജീപ്പ് മിനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. നൂറു വാഹനങ്ങൾക്കിടയിൽ നിന്നും ഈ ജീപ്പിനെ തിരിച്ചറിയാൻ മിനിക്ക് കഴിയും. നാസറല്ലാത്ത ആരും ഈ വണ്ടി സ്റ്റാർട്ടാക്കുന്നത് കണ്ടാൽ ഇവൾ വല്ലാതെ പരിഭ്രാന്തിപ്പെടും. ഇയ്യോബിന്റെ പുസ്തകമടക്കമുള്ള ചില സിനിമകളിലും നാസറിന്റെ മിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഒരു മാസം ഏകദേശം മൂന്നര ലക്ഷത്തിനടുത്ത് രൂപ ചിലവ് വഹിച്ചാണ് കൊളക്കാടൻ കുടുംബം അഞ്ച് ആനകളെയും പോറ്റുന്നത്. എങ്കിലും തലമുറകളായി ഇവർ തുടർന്ന് പോരുന്ന ആന പ്രേമം ഇവർ വഴിയിലുപേക്ഷിക്കുന്നില്ല. കോവിഡ് കാലത്ത് കിട്ടേണ്ട വരുമാനവും മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. എങ്കിലും തന്റെ കുടുംബത്തെ ആനകൾ ഇന്നേവരെ കുടുക്കിയിട്ടില്ലെന്ന് നാസർ പറയുന്നു. കാർഷിക വിനോദ, മത സൗഹാർദ്ദ  കാളപൂട്ട് കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് നാസർ . നാസറിന്റെ അനിയൻ സുബൈറിന്റെ മകൻ ജിത്തുവും നാസറിന്റെ പാതയിലാണ്. ഗണപതി ആനയാണ് ജിത്തുവിന്റെ കൂട്ടുകാരൻ. 

തീർത്താൽ തീരാത്ത ആനപ്രേമവുമായി നാസറും ബന്ധുക്കളും മുന്നോട്ട് പോവുക തന്നെയാണ്. ഇനിയും ഒരുപാടു കാലം ഈ ബന്ധം മുന്നോട്ടു പോകട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ എല്ലാ പ്രാർത്ഥനകൾക്കും വിരാമമിട്ടു കൊണ്ട് മനി മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു...


Post a Comment

0 Comments