Flash News

6/recent/ticker-posts

കെഎസ്ആർടിസി ബസിൽ കയറിയാൽ മതി; മലപ്പുറത്തുനിന്ന് ഊട്ടിയിലെത്താം, വെറും 174 രൂപക്ക്‌...!!!

Views
മലപ്പുറത്തുനിന്ന് ഊട്ടിയിലെത്താൻ വെറും 174 രൂപ മതി! ഞെട്ടേണ്ട. കെഎസ്ആർടിസിയുടെ മലപ്പുറം ഡിപ്പോയിൽനിന്ന് ദിവസവും രാവിലെ 11:00 മണിക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ നിരക്ക് ആണിത്. ബൈക്കിലും കാറിലും വലിയ വാഹനങ്ങളിലുമൊക്കെ അടിച്ചുപൊളിച്ച് ഊട്ടിയിൽ കറങ്ങാൻ പോകുന്നവർക്ക് പരീക്ഷിക്കാവുന്ന വേറിട്ടൊരനുഭവമാകും ഈ ആനവണ്ടി യാത്ര. മലപ്പുറത്തുനിന്ന് വണ്ടിയിൽ കയറുമ്പോൾ ചൂട് കാലാവസ്ഥയാണെങ്കിൽ മഞ്ചേരി, എടവണ്ണ വഴി നിലമ്പൂരെത്തുമ്പോഴേക്കും ചെറിയ തണുപ്പാകും. വഴിക്കടവിൽ ഉച്ചഭക്ഷണത്തിനായി നിർത്തും.

പിന്നെ നാടുകാണിച്ചുരത്തിന്റെ കുളിർക്കാഴ്ചകളിലേക്ക് മെല്ലെ വളഞ്ഞു കയറുമ്പോഴേക്കും ബസ് ശരിക്കും ‘ട്രിപ് മോഡിലാകും’. ബസിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നുള്ള പാട്ടും കേട്ട് കാനനക്കാഴ്ചകൾ ആസ്വദിച്ചു മലകയറാം. മുളങ്കാടുകളും ചെറു വെള്ളച്ചാട്ടങ്ങളും മൊട്ടക്കുന്നുകളുടെ കാഴ്ചകളും കടന്ന് മുന്നേറുമ്പോഴേക്കും തേയിലത്തോട്ടങ്ങൾ തമിഴ്നാട്ടിലേക്ക് സ്വാഗതമോതും. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം ബോർഡുകൾ വച്ച ഹോട്ടലുകളും കടകളും കടന്ന് നാടുകാണി ജംക്‌ഷനിലെത്തും. അവിടെനിന്നങ്ങോട്ട് തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാകും. ഗൂഡല്ലൂരിലെത്തിയാൽ അൽപനേരം വിശ്രമം. പിന്നെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയിലേക്കുള്ള യാത്ര.

യൂക്കാലിപ്റ്റസ് തോട്ടങ്ങളും കാറ്റാടിമരങ്ങളും കടന്നു പോകവേ തണുപ്പ് കൂടി വരും. കാരറ്റ് തോട്ടങ്ങളും മറ്റു കൃഷികളും ചേർന്ന് മലയടിവാരങ്ങളിൽ തീർത്ത പച്ചപ്പിന്റെ പാറ്റേണുകൾ ഊട്ടിയെത്താറായെന്നു വിളിച്ചു പറയും. വൈകിട്ട് 4 മണിക്ക് ബസ് ഊട്ടി ബസ് സ്റ്റാൻഡിൽ എത്തും. ഇവിടെനിന്ന് ഇരുവശങ്ങളിലേക്കുമായി നടക്കാവുന്ന ദൂരമേയുള്ളൂ ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ് എന്നിവിടങ്ങളിലേക്ക്. പ്രസിദ്ധമായ ഊട്ടി റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനടുത്താണ്. താമസം മുൻകൂട്ടി ബുക്ക് ചെയ്താൽ അന്നും പിറ്റേ ദിവസം പകലും ഊട്ടി മുഴുവൻ കറങ്ങാം.  നമ്മുടെ ബസ് 4.40ന് തിരിച്ച് പുറപ്പെട്ട് രാത്രി 10 മണിയോടെ മലപ്പുറത്തെത്തും.

അതിനാൽ പിറ്റേ ദിവസം ഇതേ ബസിന് മടങ്ങാവുന്ന വിധത്തിൽ യാത്ര ആസൂത്രണം ചെയ്യാം. കുറഞ്ഞ ചെലവിൽ ഊട്ടിയിൽ താമസിച്ചൊരു വിനോദയാത്ര കഴിഞ്ഞ ഫീൽ കിട്ടും. ഇതേ ബസിന് ഒറ്റ ദിവസത്തെ യാത്ര ഉദ്ദേശിക്കുന്നവർക്കും അവസരമുണ്ട്. ബസ് പുലർച്ചെ 4ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് ഗൂഡല്ലൂരിൽ 7 മണിയോടെയെത്തി രാവിലെ 10 മണിയോടെ മലപ്പുറത്തു തിരിച്ചെത്തിയ ശേഷമാണ് 11ന് ഊട്ടിയിലേക്ക് പുറപ്പെടുന്നത്. അതിനാൽ 4 മണി ട്രിപ്പിൽ ഗൂഡല്ലൂരിൽ ചെന്ന് മറ്റു ബസുകളിൽ ഊട്ടിയിലെത്തിയാൽ വൈകിട്ട് 4.40ന് മടക്കയാത്രയിൽ ഇതേ ബസിൽ കയറി രാത്രി തിരിച്ചെത്താം. ഈ ബസിലെ യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മ പോലുമുണ്ട്.

ഉല്ലാസയാത്രയും  സ്വിഫ്റ്റും

ഊട്ടി യാത്രാ പ്രിയർക്കായി മലപ്പുറം കെഎസ്ആർടിസി ഇന്നു മുതൽ ഉല്ലാസയാത്രാ സൗകര്യവും ഒരുക്കുന്നുണ്ട്. പുലർച്ചെ 4ന് പുറപ്പെട്ട് അർധരാത്രിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. ഇരുവശത്തേക്കുമുള്ള യാത്രാ നിരക്കിനൊപ്പം വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ പ്രവേശന ഫീസ് അടക്കം ആകെ 750 രൂപ മാത്രമാണ് ചെലവ്.  പരീക്ഷണാടിസ്ഥാനത്തിലിട്ട ആദ്യ സർവീസിന് വലിയ തോതിൽ അന്വേഷണം വന്നതോടെ വീണ്ടും സർവീസ് നടത്തും.

ഒഴിവു ദിവസങ്ങളിലാണ് ഇപ്പോൾ ഉല്ലാസയാത്ര ട്രിപ്പ് ഉദ്ദേശിക്കുന്നത്. രജിസ്ട്രേഷന്: 9995726885.

ഇതിനു പുറമേ പെരിന്തൽമണ്ണയിൽ വഴി പോകുന്ന 2 കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളും ഇപ്പോൾ ജില്ലയിലെ യാത്രക്കാർക്ക് ഊട്ടി യാത്രയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഈ ബസുകൾ പുലർച്ചെ 2:10, 3:55 എന്നീ സമയങ്ങളിലാണ് പെരിന്തൽമണ്ണയിലെത്തുക. ഊട്ടിയിൽനിന്ന് തിരിച്ചുള്ള സർവീസുകൾ രാത്രി 8.30നും 9.30നുമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര നടത്തുകയുമാകാം.Post a Comment

0 Comments