Flash News

6/recent/ticker-posts

വേങ്ങരയിലെ ജ്വല്ലറിയിൽ നിന്ന് 40 പവൻ സ്വർണം വാങ്ങി പണം നൽകാതെ 'ആപ്പിലാക്കിയ' തട്ടിപ്പ് വീരൻ പിടിയിലായത് 7 മാസങ്ങൾക്ക് ശേഷം

Views

വേങ്ങര: ജ്വല്ലറിയിൽ നിന്നും 40 പവൻ സ്വർണം വാങ്ങി ഓൺലൈൻ വഴി പണം  കൈമാറിയെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയയാൾ ഏഴു മാസത്തിനു ശേഷം പിടിയിൽ. കിഴിശ്ശേരി കുഴിമണ്ണ പാലക്കപ്പറമ്പിൽ ഷബീറലി (28) ആണ് അറസ്റ്റിലായത്. വേങ്ങര ടൗണിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി മൊബൈൽ ആപ്പ് വഴി പണം നൽകിയെന്ന് പറഞ്ഞ് പ്രതി വ്യാപാരിയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. 2021 നവംബർ ഒന്നിനാണ് പ്രതി വേങ്ങരയിലെ ജ്വല്ലറിയിൽ എത്തി 40 പവൻ സ്വർണാഭരണം വാങ്ങിയത്.

ബിൽ തുക 15 ലക്ഷം രൂപ മൊബെൽ ആപ്പ് വഴി അയച്ചിട്ടുണ്ടെന്നും അക്കൗണ്ടിൽ കയറിയിട്ടുണ്ടെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. നിർധനരായ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയപ്പിക്കുന്നതിന് ചാരിറ്റി സംരംഭത്തിനാണ് ആഭരണമെന്ന് പ്രതി ജ്വല്ലറിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജ്വല്ലറി മാനേജ്‌മെന്റുമായി അടുപ്പമുള്ള കുഴിമണ്ണയിലെ സുഹൃത്തിനെക്കൊണ്ട് വേങ്ങരയിലേക്ക് വിളിച്ച് പരിചയപ്പെടുത്തുന്നതിനും ഇയാൾ ശ്രമിച്ചിരുന്നു.

നെറ്റ്‍വർക്ക് പ്രശ്‌നമുണ്ടെന്നും ഇന്റർനെറ്റ് ശരിയായാൽ ഉടൻ പണം അക്കൗണ്ടിൽ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് പ്രതി സ്വർണവുമായി മുങ്ങിയത്.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ആറു മാസത്തോളമായി പ്രതി ദില്ലിയിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെ തിയേറ്ററിൽനിന്ന് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
വേങ്ങര പോപ്പുലർ ന്യൂസ് 

വേങ്ങര സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഹനീഫ, മലപ്പുറം ഡാൻസ്ഫ് ടീം അംഗങ്ങളായ സിറാജുദ്ദീൻ, ഷഹേഷ്, വേങ്ങര എസ് ഐ രാധാകൃഷ്ണൻ, എ എസ് ഐമാരായ അശോകൻ, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


Post a Comment

1 Comments

  1. മിടുക്കൻ . ഇവനെയൊക്കെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി കയ്യും കാലും ഒടിച്ചുമുറിച്ചു ഒരു മൂലക്കിടണം . നാലോ അഞ്ചോ മാസത്തെ ജയിലിലെ സുഖവാസത്തിനും ഹയർ സ്റ്റഡിക്കും ശേഷം ഇവൻ പുറത്തിറങ്ങി വീണ്ടും ഇതേ ബിസിനസ്സ് തുടരും . സമൂഹത്തിനും സർക്കാരിനും പോലീസിനും സ്ഥിരം തലവേദനയായി ഇവൻ തുടരും .

    ReplyDelete