Flash News

6/recent/ticker-posts

മലപ്പുറം തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി യെ പരിഹസിച്ച്‌. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി.

Views
മലപ്പുറം തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി യെ പരിഹസിച്ച്‌. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി.

ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്‍ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരന്റെ ഉദ്ഘാടനം ചെയ്യുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.കേരളത്തിന്റെ മുഖ്യമന്ത്രി ഏറ്റവും വലിയ കൊള്ളക്കാരനായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ ഉദ്ഘാടനം ചെയ്ത് പോകാന്‍ പാടില്ലെന്നും ആ ജയിലിലെ അദ്യത്തെ അന്തേവാസിയായി അന്തിയുറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ജോയി പറഞ്ഞു. മുഖ്യമന്ത്രിയുടേയും ഭരണകൂടത്തിന്റേയും പോലീസിന്റേയും ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള അടിച്ചമര്‍ത്തലുണ്ടായാലും അതിനെയെല്ലാം ചെറുത്ത് തോല്‍പിച്ച്‌ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മലപ്പുറം മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം
മലപ്പുറം കുര്യാട് കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മലപ്പുറം പുത്തനത്താണിയിലും കക്കാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കോഴിക്കോട് പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കാരപ്പറമ്ബില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനായി തൃശൂരില്‍ നിന്ന് മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്നംകുളം ബഥനി സ്കൂളിനു സമീപത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. ഇടവഴിയില്‍ മറഞ്ഞു നിന്ന ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം പൊലീസാണ് നല്‍കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.
മലപ്പുറം: തടവില്‍ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിര്‍ത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തല്‍ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍റ് കറക്ഷന്‍ ഹോം ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് പൊതുസമൂഹത്തില്‍ മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം.
മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്ബരാഗത തൊഴില്‍ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴില്‍ പരിശീലനം തടവുകാര്‍ക്ക് നല്‍കും. മനുഷ്യത്വപരമായ സമീപനം ജയിലുകളില്‍ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെല്‍ഫയര്‍ ഫണ്ട് ഉടന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ജയില്‍ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ജയില്‍ സൂപ്രണ്ട് കെ.വി ബൈജു, നോഡല്‍ ഓഫീസര്‍ ഇ.കൃഷ്ണദാസ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. പരിപാടിയില്‍ കെ.ടി.ജലീല്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പരിഷ്കൃത സമൂഹത്തിനനുസരിച്ച്‌ ജയില്‍ അന്തരീക്ഷം മെച്ചപ്പെടേണ്ടതുണ്ടെന്നും ജയിലുകള്‍ വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങളാകരുതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.
അന്തേവാസികളുടെ ശാരീരികവും മാനസികവുമായ തിരുത്തല്‍ പ്രക്രിയകള്‍ക്ക് ഉതകുന്ന രീതിയില്‍ ജയില്‍ അന്തരീക്ഷം മാറണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ജയില്‍ വകുപ്പ് പുറത്തിറക്കിയ സൈകതം എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക സപ്ലിമെന്‍്റ് മന്ത്രി പ്രകാശനം ചെയ്തു. ഐക്യ കേരള രൂപീകരണത്തിന് ശേഷം സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 മത് സെന്‍ട്രല്‍ ജയിലുമാണ് തവനൂര്‍ കൂരടയിലേത്. മൂന്ന് നിലകളിലായി 706 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ‌

പരിപാടിയില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സി. രാമകൃഷ്‌ണന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പി നസീറ, ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ ഇടശ്ശേരി, തവനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ സി.എം. അക്ബര്‍, അഡിഷണല്‍ ചീഫ് സെക്രെട്ടറി ടി.കെ ജോസ്, മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജയില്‍ ഡി.ജി.പി.സുദേഷ് കുമാര്‍. ജയില്‍ ഡി ഐ ജി എം.കെ വിനോദ് കുമാര്‍, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്,ഡിസ്ട്രിക്‌ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ. നൗഷാദലി, ഉത്തര മേഖല ഡി ഐ ജി സാം തങ്കയ്യന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്ബര്‍ പി.എസ് ധനലക്ഷ്മി തുടങ്ങി വിവിധ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment

0 Comments