Flash News

6/recent/ticker-posts

വെള്ള വാൻ കണ്ടു; ആ ഒന്നാംക്ലാസുകാരൻ ഓടിക്കയറി, തീ തിന്നത് വീട്ടുകാരും സ്‌കൂളുകാരും

Views
വെള്ള വാൻ കണ്ടു; ആ ഒന്നാംക്ലാസുകാരൻ ഓടിക്കയറി, തീ തിന്നത് വീട്ടുകാരും സ്‌കൂളുകാരും


തൃശ്ശൂർ: ആദ്യദിനം സ്കൂളിലെത്തിയ ത്രില്ലിലായിരുന്നു ആ ഒന്നാം ക്ലാസുകാരൻ. ബുധനാഴ്ച 12.30-ന് സ്കൂൾ വിട്ടപ്പോൾ മുറ്റത്തെത്തി. അവന്റെ മനസ്സിൽ വെള്ള വാൻ മാത്രം. തന്നെ തിരിച്ചുകൊണ്ടുപോകാൻ വരുന്ന വെള്ള വാൻ. സ്കൂൾ പരിസരത്തേക്ക് വാൻ എത്തിയപ്പോൾത്തന്നെ അവൻ ഓടിച്ചെന്ന് അതിൽ കയറി യാത്രയായി.


പക്ഷേ, അവനു പോകേണ്ടിയിരുന്ന വെള്ള വാൻ അതായിരുന്നില്ല. പിന്നീട് പ്രചരിച്ചത് ഒന്നാം ക്ലാസ് കുട്ടിയെ കാണാനില്ലെന്ന വാർത്തയായിരുന്നു. വീട്ടുകാരും സ്കൂൾ അധികൃതരും വിഷമിച്ച നിമിഷങ്ങൾ. ആ സ്കൂളിനുവേണ്ടി ഓടുന്ന എല്ലാ വാനിലെയും ഡ്രൈവർമാർക്കും കുട്ടിയുടെ ഫോട്ടോ വാട്സാപ്പിൽ അയച്ചപ്പോൾ മറ്റൊരു വഴി പോകുന്ന വെള്ള വാനിൽ കുട്ടിയെ കണ്ടെത്തി. ഈസ്റ്റ് പോലീസ് അച്ഛനുമായി ചെന്ന് കുട്ടിയെ കൂട്ടി സ്കൂളിലെത്തിച്ചു.



സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റാനും ഇറക്കാനും വേണ്ടത്ര ജാഗ്രതയില്ലെങ്കിൽ പറ്റാവുന്ന പ്രശ്നങ്ങളുടെ നേർച്ചിത്രമാണ് തൃശ്ശൂരിൽ കണ്ടത്. സെയ്ന്റ് ക്ലയേഴ്സ് കോൺവെന്റ് എൽ.പി. സ്കൂളിലാണ് സംഭവം. സ്കൂൾ വിട്ട 12.30-ന് രക്ഷിതാക്കൾ ഇവിടെയെത്തിയിരുന്നു. കുട്ടിയെ ക്ലാസിൽനിന്നിറക്കി ഒപ്പം വാനിൽ വരുന്ന കുട്ടികളെ ഏൽപ്പിച്ചു. വാനിൽ കയറുമ്പോൾ അവനെക്കൂടി കൂട്ടണമെന്ന് പറഞ്ഞ് ഏൽപ്പിച്ചത് മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളെ. രാവിലെ വന്ന വെള്ള വാനിൽ ചേട്ടന്മാരോടൊപ്പം കയറണമെന്ന് മകനോട് പറയുകയും ചെയ്തു.



തുടർന്ന് ഇരുവരും അഞ്ചാം ക്ലാസുകാരനായ മൂത്തമകൻ പഠിക്കുന്ന മറ്റൊരു സ്കൂളിലേക്ക് പോയി. ആ കുട്ടിയെ വാനിൽ കയറ്റിവിടാനാണ് പോയത്. അവർ പോയി അല്പം കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടികളുടെ പിടിത്തം വിട്ട് കുട്ടി ഒറ്റയോട്ടം. ഒരു വെള്ളവാൻ വന്നുനിൽക്കുന്നതു കണ്ട് അതിൽ കയറി. അവന്റെ വീട്ടിലേക്കല്ലാത്ത റൂട്ടിലേക്ക് യാത്ര തുടർന്നു.



മകനെ കാണാതെ വീട്ടുകാർ വിവരം പോലീസിലറിയിച്ചു. ഈസ്റ്റ് പോലീസ് നിർദേശിച്ചതനുസരിച്ച് ആ സ്കൂളിലെ എല്ലാ വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് കുട്ടിയുടെ ഫോട്ടോ വാട്സാപ്പിൽ അയച്ചുകൊടുത്തു. ഓട്ടത്തിലായിരുന്ന വാനുകൾ നിർത്തി ഓരോ കുട്ടിയെയും ശ്രദ്ധിച്ചു. അപ്പോഴാണ് വെള്ളാനിക്കരയിലേക്ക് പോകേണ്ട കുട്ടി മുളയം ഭാഗത്തേക്കുള്ള വാനിലുണ്ടെന്ന് കണ്ടെത്തിയത്. ഉടൻ അച്ഛനെയും കൂട്ടി വാൻ നിർത്തിയ സ്ഥലത്തേക്ക് പോലീസ് പാഞ്ഞു.


കുട്ടിയെ ഏറ്റുവാങ്ങി പോലീസ് ജീപ്പിൽ സ്കൂളിൽ തിരികെയെത്തിച്ചപ്പോൾ അവൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. അച്ഛനമ്മമാരുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിട്ടുണ്ടായിരുന്നു. കുട്ടികൾ, പ്രത്യേകിച്ച് താഴ്ന്ന ക്ളാസിലെ കുട്ടികൾ കാര്യങ്ങൾ സ്വയം ചെയ്തോളുമെന്ന് ആദ്യദിനംതന്നെ കരുതിയാൽ അത് ശരിയല്ലെന്ന ഉപദേശമാണ് പോലീസിന് രക്ഷിതാക്കളോടും സ്കൂൾ അധികൃതരോടും നൽകാനുണ്ടായിരുന്നത്.




Post a Comment

0 Comments