Flash News

6/recent/ticker-posts

ശ്രദ്ധ കുറയുന്നു, അപകടം കൂടുന്നു; മൂന്നുതരം ഇ -സ്‌കൂട്ടറുകള്‍ക്ക് നിരോധനവുമായി അബുദാബി

Views അബുദാബി: അപകടങ്ങള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് (e scooter) നിയന്ത്രണങ്ങളുമായി അബുദാബി. 3 തരം ഇ സ്‌കൂട്ടറുകള്‍ക്ക് അബുദാബി അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. പ്രചാരത്തിലുള്ള 3 ഇനം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് വിലക്ക്. ഇവയ്ക്ക് സുരക്ഷിത സീറ്റല്ലാത്തതിനാല്‍ വാഹനമോടിക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടാനും അപകടത്തിനും സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) ITC അറിയിച്ചു.

നിരോധിച്ചവയില്‍ സീറ്റുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും ഉള്‍പ്പെടുന്നു. അതേസമയം സൈക്കിളിനും നിന്നു സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിനും വിലക്കില്ല. ഏതു സ്‌കൂട്ടറുകളാണ് നിരോധിച്ചതെന്നും അനുവദനീയമായവ ഏതൊക്കെയെന്നും വിശദീകരിച്ച് ഐടിസി അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സമൂഹ മാധ്യമങ്ങളില്‍ (social media) വിഡിയോ പോസ്റ്റ് ചെയ്തു. കൂടാതെ ഒന്നിലേറെ പേര്‍ ഇവയില്‍ സഞ്ചരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതായി ഐടിസി സൂചിപ്പിച്ചു.
ഹെല്‍മറ്റ്, കൈ, കാല്‍മുട്ട് പാഡ്, റിഫ്‌ലക്ടീവ് വസ്ത്രങ്ങള്‍ തുടങ്ങി സുരക്ഷാ സംവിധാനങ്ങള്‍ ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ സവാരിക്കാര്‍ക്ക് നിര്‍ബന്ധമാക്കി. ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ അപകടത്തില്‍പെടുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്.

നിര്‍ബന്ധമാക്കിയ നിയമങ്ങള്‍ ഇവയൊക്കെ

വേഗ പരിധി മണിക്കൂറില്‍ 20 കി.മീ കവിയരുത്.
അതിവേഗ പാതയില്‍ ഇസ്‌കൂട്ടറുമായി ഇറങ്ങരുത്.
ഹെല്‍മറ്റ്, കാല്‍മുട്ട് പാഡ്, കൈമുട്ട് പാഡ്, റിഫ്‌ലക്ടര്‍ വസ്ത്രം എന്നിവ ധരിക്കണം.
ഇ-സ്‌കൂട്ടറിലും സൈക്കിളിലും ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ.
യാത്ര നിശ്ചിത സൈക്കിള്‍ പാതകളിലൂടെയാകണം.
നിരോധിത പാതകളില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കരുത് നടപ്പാതയിലോ റോഡിലോ മാര്‍ഗ തടസ്സമുണ്ടാക്കരുത്.
സൈക്കിള്‍ പാതയുടെ അഭാവത്തില്‍ പ്രാദേശിക റോഡിന്റെ വലതു വശങ്ങളിലൂടെ യാത്ര ചെയ്യാം.

പരിസ്ഥിതി സൗഹൃദ ഇസ്‌കൂട്ടര്‍ ഉപയോഗം എളുപ്പവും ചെലവു കുറഞ്ഞതുമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് പ്രചാരം നേടി. ഹ്രസ്വദൂര യാത്രയ്ക്കും ബസ് സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, താമസ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകാനും തിരിച്ചുവരാനുമാണ് പലരും സൈക്കിളും ഇസ്‌കൂട്ടര്‍ ഉപയോഗിക്കുന്നത്. ചെറുകിട ഗ്രോസറികളിലും(Small grocery) റസ്റ്ററന്റുകളിലെ ഡെലിവറിക്കും (restaurants delivery) ഇപ്പോള്‍ ഇവ ഉപയോഗിച്ചുവരുന്നുണ്ട്. ഉപയോഗം വര്‍ധിക്കുന്നതിന് അനുസരിച്ച് താമസക്കാരുടെ ശ്രദ്ധയും കുറയുന്നുണ്ട്. അത് തടയുന്നതിനായാണ് നിരോധവുമായി അബുദാബി അധികൃതര്‍ രംഗത്തെത്തിയത്.


Post a Comment

0 Comments