Flash News

6/recent/ticker-posts

സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

Views
സൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ലോക കേരളസഭയുടെ ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നത്തിന് പ്രമുഖ വ്യവസായി എം.എ.യൂസഫലി ഇടപെട്ടതോടെയാണ് പരിഹാരമായത്. നെടുമങ്ങാട് സ്വദേശി ബാബു അപ്പുവിന്റെ മൃതദേഹമാണ് ഏറ്റുവാങ്ങാന്‍ ആളില്ലാതെയും നിയമക്കുരുക്കുകളില്‍ അകപ്പെട്ടും നാട്ടിലയക്കാനാകാതെ സൗദിയില്‍ കുടുങ്ങിയത്.

കഴിഞ്ഞ പത്താം തീയതി സൗദിയില്‍ വെച്ച് മരിച്ച നെടുമങ്ങാട് സ്വദേശി ബാബു അപ്പുവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ എബിന്‍ ആണ് ലോക കേരളസഭയുടെ ഓപ്പണ്‍ ഫോറത്തില്‍ എത്തിയത്. മൃതദേഹം എത്രയും പെട്ടെന്നു നാട്ടില്‍ എത്തിക്കുമെന്ന് വേദിയില്‍ വെച്ച് എം.എ.യൂസഫലി ഉറപ്പ് നല്‍കുകയും നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

നിര്‍ദേശം ലഭിച്ച് 2 പ്രവൃത്തി ദിവസം ആകുമ്പോഴേക്കും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ഇപ്പോള്‍ സൗദിയിലെ ഖമീഷ് മുശൈത്തില്‍ ഉള്ള മൃതദേഹം എമ്പാം ചെയ്ത് ചൊവ്വാഴ്ച രാത്രിയോടെ റിയാദില്‍ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. ലഭ്യമായ ആദ്യ വിമാനത്തില്‍ മൃതദേഹം റിയാദില്‍ നിന്നും നാട്ടില്‍ എത്തിക്കും.

സ്‌പോണ്‍സറില്‍ നിന്നു മാറി മതിയായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്നതിനിടെയാണ് കെട്ടിടത്തില്‍ നിന്നു വീണു ബാബു അപ്പു മരിച്ചത്. ഹുറൂബ് കേസില്‍ അകപ്പെട്ടിരുന്നത് കൊണ്ട് തന്നെ പ്രയാസമേറിയ കടമ്പകള്‍ തരണം ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതോടൊപ്പം ഫൈനല്‍ എക്‌സിറ്റ് കരസ്ഥമാക്കുകയും പഴയ സ്‌പോണ്‍സറെ കണ്ടെത്തി നിരാക്ഷേപ പത്രം വാങ്ങുകയും ചെയ്തു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള എല്ലാ ചിലവുകളും എം.എ.യൂസഫലി വഹിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.




Post a Comment

0 Comments