Flash News

6/recent/ticker-posts

ചെള്ള് പനി; സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

Views

ഒരാഴ്ചക്കിടെ രണ്ട് ചെള്ള് പനി മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്തമായി പരിശോധന നടത്തും. ഈ മാസം ഇതുവരെ 15 പേർക്കാണ് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ചെള്ള് പനി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ചെള്ള് പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് അപൂർവമല്ല. പക്ഷെ, തിരുവനന്തപുരം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് മരണം സംഭവിച്ചതാണ് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്. ഈ വർഷം ഇതുവരെ 132 പേർക്കാണ് സംസ്ഥാനത്ത് സ്‌ക്രബ് ടൈഫസ് എന്ന ചെള്ള് പനി സ്ഥിരീകരിച്ചത്. സാധാരണ മലയോരമേഖലകളിലാണ് ചെള്ള് പനി ബാധയ്ക്ക് കൂടുതൽ സാധ്യത. പക്ഷെ നഗരമേഖലകളിലേക്കും രോഗം വ്യാപിക്കുന്നതാണ് ആശങ്കയ്ക്ക് മറ്റൊരു കാരണം.

വ്യാഴാഴ്ച മരിച്ച വർക്കല സ്വദേശി അശ്വതിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വീട്ടിലെ വളർത്തു മൃഗങ്ങളുടെ രക്ത സാമ്പിളുകളും ഇവയുടെ പുറത്തെ ചെള്ളുകളും ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം ശേഖരിച്ചിരുന്നു. ഇവിടുത്തെ നായക്കുട്ടിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ചെള്ള് പനിക്ക് കാരണമായ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്തിമഫലമായി ഇത് കണക്കാക്കാനാകില്ല.

അശ്വതിയോട് അടുത്തിടപഴകിയ ആറ് പേരുടെ രക്ത സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

പാറശാല ഐങ്കാമം സ്വദേശി സുബിതയുടെ മരണമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുബിതയുടെ വീട്ടിൽ നിന്നുള്ള സാമ്പിളുകളും ഉടൻ ശേഖരിക്കും. പനി ബാധിച്ചാലും ലക്ഷണങ്ങൾ പ്രകടനാകുന്നതിന് രണ്ടാഴ്ച വരെ സമയമെടുക്കും എന്നതാണ് ചെള്ള് പനിയിലെ പ്രധാന അപകടം. ലക്ഷണം കണ്ട് തുടങ്ങിയാൽ ചികിത്സ തേടുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്.



Post a Comment

0 Comments