Flash News

6/recent/ticker-posts

ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി; പിന്നിൽ ഗൂഢപദ്ധതി

Views തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഇത്തരം അജണ്ടകൾ നേരത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതൽ അവസാന ഭാഗം വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിർബന്ധമുള്ള ഞങ്ങൾക്കെതിരേ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ ചില കോണുകളിൽ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുകയാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതിൽ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് പുറത്തുവന്ന അവസരത്തിൽ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകൾ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അസത്യങ്ങൾ വീണ്ടും ജനമധ്യത്തിൽ പ്രചരിപ്പിച്ച് ഈ സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വൃഥാവിലാണെന്ന് ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments