Flash News

6/recent/ticker-posts

പ്രവാചക പരാമര്‍ശത്തില്‍ പ്രതിഷേധം അക്രമാസക്തം; റാഞ്ചിയില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു

Views


ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം.
റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാംനഗര്‍ സ്വദേശി മൊബാസിര്‍, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗറിലെ സാഹില്‍ എന്നിവരാണ് മരിച്ചത്.

റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ റാഞ്ചിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
12 പൊലീസുകാര്‍ക്കും പരിക്കേറ്റു.

സീനിയര്‍ പൊലീസ് സൂപ്രണ്ട് സുരേന്ദ്രകുമാര്‍ ഝായ്ക്ക് ഗുരുതരമായി പരിക്കേറ്റു. റാഞ്ചി മെയിന്‍ റോഡിലും ഡെയ് ലി മാര്‍ക്കറ്റ് ഏരിയയിലും ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തിലെ പ്രവാചക നിന്ദക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

പ്രവാചകനെ അവഹേളിച്ച നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജുമുഅ നമസ്‌കാരത്തിന് ശേഷം കഴിഞ്ഞ ദിവസം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിശ്വാസികള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി.

ദല്‍ഹി, കൊല്‍ക്കത്ത, പ്രയാഗ് രാജ് എന്നിവടങ്ങളിലെല്ലാം പരാമര്‍ശത്തെച്ചൊല്ലി വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.

കൊല്‍ക്കത്തയില്‍ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 300-ലധികം ആളുകള്‍ നമാസ് സമയത്ത് പോസ്റ്ററുകള്‍ പതിച്ചു.

ഉത്തര്‍പ്രദേശിലെ സഹന്‍പൂര്‍, മൊറാദാബാദ്, എന്നിവിടങ്ങളിലും ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധമരങ്ങേറി. ലഖ്നൗ, കാണ്‍പൂര്‍, ഫിറോസാബാദ് തുടങ്ങിയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പൊലീസ് നേരത്തേ സുരക്ഷ ശക്തമാക്കിയിരുന്നു.

ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.



Post a Comment

0 Comments