Flash News

6/recent/ticker-posts

സ്വപ്‌നയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സതീശന്‍, പിന്നാലെ കുഞ്ഞാലിക്കുട്ടിയും;UDF സമരം മയപ്പെടുമോ

Views
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ നടത്തിവരുന്ന പ്രക്ഷോഭം മയപ്പെട്ടേക്കുമെന്ന സൂചന നൽകി യു.ഡി.എഫ്. നേതാക്കളുടെ പ്രസ്താവന. സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായി വിശ്വാസത്തിലെടുക്കുന്നില്ലെന്ന യു.ഡി.എഫ്. നേതാക്കളുടെ പ്രസ്താവന ഇതിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോകാനില്ലെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചതിന് പിന്നാലെ ഇന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ നിലപാട് ആവർത്തിച്ചു.

വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങൾ പോകുന്നത്. അതിന്റെ നിജസ്ഥിതി കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്ന് നിർബന്ധമുണ്ട്." കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷം പോയതുപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഞങ്ങൾ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നീതിപൂർവ്വവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രക്ഷോഭങ്ങളിൽ ലീഗ് സജീവമല്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുടർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ന് യു.ഡി.എഫ്. യോഗം ചേരുന്നുണ്ട്. ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ സ്വപ്ന സുരേഷിന് അജണ്ടയുണ്ടെന്ന തോന്നൽ യു.ഡി.എഫ്. നേതാക്കൾക്കുണ്ട്. സംഘപരിവാർ ആസൂത്രണത്തോടെയാണ് സ്വപ്നയുടെ ആരോപണങ്ങളെന്ന് എൽ.ഡി.എഫ്. നേതാക്കൾ ആവർത്തിക്കുന്നതിനിടയിൽ യു.ഡി.എഫ്. സ്വപ്നയുടെ ആരോപണങ്ങളെ ഏറ്റെടുക്കുന്നത് വിപരീതഫലം ചെയ്യുമെന്നാണ് ചില നേതാക്കളുടെ നിലപാട്. സ്വപ്നയുടെ അഭിഭാഷകന്റെ പ്രതികരണങ്ങളും എൽ.ഡി.എഫ്. ആരോപണങ്ങളെ സാധൂകരിക്കുന്നുണ്ട്.

സ്വപ്നയുടെ ആരോപണങ്ങളിൽ പുതുതായിട്ടുള്ള ഒന്നുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തുവന്ന കാര്യങ്ങൾ തന്നെയാണ് അവർ ആവർത്തിക്കുന്നത്. അതിൽതന്നെ പറയുന്ന കാര്യങ്ങളിൽ പലതിനും വിശ്വാസത്യതയുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടിയിട്ടും തിരിച്ചടിയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ആരോപണങ്ങൾക്കു പിന്നാലെ പോകുന്നത് പ്രയോജനം ചെയ്യില്ലെന്ന കാഴ്ചപ്പാടും നേതാക്കൾ പങ്കുവെക്കുന്നു.

സോളാർ കേസിൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ എൽ.ഡി.എഫ്. നടത്തിയ പ്രക്ഷോഭങ്ങൾക്കും വിമർശനങ്ങൾക്കും പകരം വീട്ടാൻ സ്വപ്നയുടെ ആരോപണങ്ങൾ തുണയായിട്ടുണ്ടെങ്കിലും രാഷ്ട്രീയമായി അത് ഗുണം ചെയ്യില്ലെന്ന തോന്നൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കുണ്ട്.

സ്വർണക്കടത്ത് ആരോപണങ്ങൾ ഒന്നുമില്ലാതെയാണ് തൃക്കാക്കരയിൽ യു.ഡി.എഫ്. വൻവിജയം നേടിയത്. കെ റെയിൽ വിരുദ്ധ പ്രക്ഷോഭമാണ് തൃക്കാക്കരയിൽ ഗുണം ചെയ്തതെന്നും ജനകീയ സമരങ്ങളാണ് ജനങ്ങളിൽ സ്വാധീനം ചെലുത്തുകയെന്നുമുള്ള തിരിച്ചറിവും യു.ഡി.എഫിൻറെ ഇപ്പോഴത്തെ നിലപാടിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


Post a Comment

0 Comments