Flash News

6/recent/ticker-posts

തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്; ഷാഫി പറമ്പില്‍ അടക്കം 10 പേരെ അറസ്റ്റ് ചെയ്തു

Views തിരുവനന്തപുരം: സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നെ മെയിൽ എന്നിവ തടഞ്ഞായിരുന്നു യൂത്ത് കോൺഗ്രസ് സമരം. ഷാഫി പറമ്പിൽ അടക്കം 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ റെയിൽവേ ട്രാക്കിൽ കിടന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പിന്തിരിഞ്ഞില്ല. പ്രതിഷേധം തുടരുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ മര്യാദകളേയും നിയമവ്യവസ്ഥയേയും ആർഎസ്എസ് കളിപ്പാട്ടമാക്കിയതിന്റെ തെളിവാണ് ഇന്ന് രാജ്യത്ത് കാണുന്നതെന്ന് ഷാഫി പറഞ്ഞു. ഒരു രൂപയുടെ സാമ്പത്തിക ഇടപാടുപോലുമില്ലാത്ത കേസിലാണ് ഇ.ഡിയുടെ ചോദ്യംചെയ്യൽ നാടകം. കോൺഗ്രസിനോടുള്ള പകയാണ് ഇതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു.

ബിജെപിയുടെ നേതാക്കളുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ ഇ.ഡിക്ക് ചോദ്യംചെയ്യലും അറസ്റ്റും ഒന്നും തന്നെയില്ല. കോൺഗ്രസ് അല്ലാതെ മറ്റേതൊരു കക്ഷിയുമായി ബന്ധപ്പെട്ട കേസാണെങ്കിലും ഇതാണ് നിലപാടെന്ന് കേരളത്തിൽ നടന്ന സംഭവങ്ങൾ നോക്കിയാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ആർഎസ്എസിന്റെ പോഷക സംഘടനയാണെന്നും ഷാഫി പറഞ്ഞു. ബിജെപിയും ആർഎസ്എസും ഇ.ഡിയും ഇപ്പോൾ തൊട്ടിരിക്കുന്നത് തീക്കൊള്ളിയിലാണെന്നും അതിന്റെ ഫലം അവർ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ട്രെയിൻ തടയൽ സമരം നടത്തിയത്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. എംപിമാർ ഉൾപ്പെടെ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്

സമരം മൂലം ഒരു ട്രയിനിന്റെയും സമയക്രമത്തിൽ മാറ്റമില്ലെന്ന് റെയിൽവേ വ്യക്തമാക്കി. സമരം ചെയ്തവർക്കെതിരേ റെയിൽവേ നിയമപ്രകാരം കേസെടുക്കുമെന്നും റെയിൽവേ വ്യക്തമാക്കി.



Post a Comment

0 Comments