Flash News

6/recent/ticker-posts

സൂക്ഷിക്കുക.. ജാഗ്രത പുലർത്തുക.. 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ

Views
സംസ്ഥാനത്ത് പേവിഷബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. തെരുവു മൃഗങ്ങള്‍ മാത്രമല്ല വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ പോലും പേവിഷബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ ഉടന്‍ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിറ്റ് ധാരയായി ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടി വെക്കാന്‍ പാടുള്ളതല്ല. എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറെ കാണിക്കുകയും പേവിഷബാധക്ക് എതിരെയുള്ള വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്യണം. ഗുരുതരമായ കാറ്റഗറി മൂന്നില്‍പ്പെട്ട കേസുകള്‍ക്ക് വാക്‌സിന് പുറമെ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് കൂടി എടുക്കണം. വന്യമൃഗങ്ങളുടെ കടിയോ, മാന്തലോ ഉണ്ടായാലും അതും കാറ്റഗറി മൂന്ന് ആയി ആണ് പരിഗണിക്കുന്നത്. ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവക്ക് പുറമേ തിരുന്നാവായ കുടുംബാരോഗ്യകേന്ദ്രം, വളാഞ്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രം, അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം, വളവന്നൂര്‍ കുടുംബാരോഗ്യകേന്ദ്രം, കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രം, മാറാക്കര കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വാക്‌സിന്‍ ലഭ്യമാണ്. ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാശുപത്രി എന്നിവിടങ്ങളില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ ലഭ്യമാണ്. വളര്‍ത്തു നായകള്‍ക്ക് സമയാസമയങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കണം. വാക്‌സിനേഷന്‍ എടുത്താലും അവയില്‍ നിന്ന് കടിയേറ്റാല്‍ പേവിഷബാധക്കുള്ള വാക്‌സിന്‍ എടുക്കണം. സ്ഥിരമായി മൃഗങ്ങളില്‍ നിന്ന് കടിയേല്‍ക്കാന്‍ സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുന്‍കൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്. മുന്‍കാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവെക്കുന്ന  കഠിനമായ കുത്തിവെപ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ, പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവെയ്പ് രീതിയാണ് നിലവിലുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


Post a Comment

0 Comments