Flash News

6/recent/ticker-posts

ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍ എല്ലാ പ്രവാസികള്‍ക്കും വേങ്ങര പോപുലർ ന്യൂസിന്റെ ഈദ് ആശംസകളൾ

Views
ദുബായ്: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌മരണകളുണര്‍ത്തി ഗള്‍ഫിലെ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും.

രാവിലെ മുതല്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. തുടര്‍ന്ന് ബലി അഥവാ ഉദുഹിയത്ത് കര്‍മവുമുണ്ടാകും.

പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മായീലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണു വിശ്വാസികള്‍ക്കു ബലിപെരുന്നാള്‍ അഥവാ ബക്രീദ്. പ്രവാചകന്‍ ഇബ്റാഹീം മകനെ ദൈവ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനായതിനോടുള്ള ഐക്യദാര്‍ഢ്യമാണ് പെരുന്നാള്‍ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാര്‍ഗത്തില്‍ സമര്‍പ്പിക്കുകയെന്നതാണ് അതിന്റെ പൊരുള്‍.

ദുല്‍ഹജ്ജ് ഒന്‍പതായ ഇന്നലെ ആയിരുന്നു ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ഇത്തവണ വെള്ളിയാഴ്ചയാണെന്നതും ഈ ഹജ്ജ് സീസണിന്റെ പ്രത്യേകതയാണ്. അറഫാ സംഗമത്തിലെ ഖുതുബയ്ക്കു മസ്ജിദുന്നമിറയില്‍ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍െ സെക്രട്ടറി ശൈഖ് ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ നേതൃത്വം നല്‍കി.

കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ആഘോഷങ്ങളെന്ന് വിവിധ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഘോഷങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വേഗപരിധികള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ അറിയിക്കണമെന്ന നിര്‍ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്.

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കു മുന്‍പായി എല്ലാവരും പി സി ആര്‍ പരിശോധന നടത്തണമെന്ന് യു എ ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. നമസ്കാരത്തിനെത്തുന്നവര്‍ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം. സ്വന്തമായി മുസല്ല കൊണ്ടുവരണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഹസ്തദാനം നല്‍കലും ആലിംഗനം ചെയ്യലും പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈദ് അല്‍ അദ്ഹ ആരംഭിക്കുന്നതിന്റെ സൂചനയായി ദുബായ് പൊലീസ് രണ്ട് സ്ഥലങ്ങളില്‍ പീരങ്കി വെടികള്‍ മുഴക്കും. സബീല്‍ ഗ്രാന്‍ഡ് മസ്ജിദിലും അല്‍ മന്‍ഖൂല്‍ പ്രാര്‍ഥനാ മൈതാനത്തുമാണു വെടിമുഴക്കുക. റമദാനിലും രണ്ട് ഈദ് ദിനങ്ങളിലും പീരങ്കി വെടിയുതിര്‍ക്കുന്ന പാരമ്ബര്യം 1960-കളുടെ തുടക്കം മുതല്‍ ദുബായ് പൊലീസിനുണ്ട്. റമദാനില്‍ എല്ലാ ദിവസവും ഇഫ്താര്‍ വേളയില്‍ നോമ്ബ് അവസാനിച്ചതിന്റെ സൂചനയായി ഒരൊറ്റ വെടിയാണ് ഉതിര്‍ക്കുക. ഈദ് അല്‍ ഫിത്തറിനെയും ഈദ് അല്‍ അദയുയെയും സ്വാഗതം ചെയ്തുകൊണ്ട് രണ്ട് വെടിയും.

ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ ഇന്നലെ മുതല്‍ നാല് ദിവസത്തെ അവധിയാണ് യു എ ഇയിലും ഒമാനിലും പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷങ്ങളോട് അനുബന്ധിച്ചു യു എ ഇയിലെ വിവിധയിടങ്ങളില്‍ നാല് ദിവസം സൗജന്യ പാര്‍ക്കിങും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഇന്നു മുതല്‍ 11 വരെ അവധിയായിരിക്കും.

സൗദിയില്‍ ഇന്നലെ മുതല്‍ മുതല്‍ 11 വരെ നാലു ദിവസമാണു സ്വകാര്യമേഖലയ്ക്ക് അവധി. മാനവശേഷി സാമൂഹിക മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 12നു പ്രവൃത്തി പുനരാരംഭിക്കും. ബാങ്കുകള്‍ ഏഴു മുതല്‍ 12 വരെ അവധിയായിരിക്കും. അതേസമയം, ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും സീസണല്‍ ശാഖകളും പ്രവര്‍ത്തിക്കും.

ഖത്തറില്‍ സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസത്തെ പെരുന്നാള്‍ അവധിയാണു തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിലും ജോലി ചെയ്യേണ്ട മേഖലകളില്‍ ഓവര്‍ടൈം ഉള്‍പ്പെടെയുള്ള അലവന്‍സുകള്‍ നല്‍കണം.

കുവൈത്തില്‍ 10 മുതല്‍ 14 വരെയാണ് ഔദ്യോഗിക അവധി. 10 നു മുന്‍പും 14 നുശേഷമുള്ള വാരാന്ത്യ അവധികള്‍ കൂടി ആവുന്നതോടെ ആകെ അവധി ദിനം ഒന്‍പതാകും. 17നാണ് ഓഫിസുകള്‍ തുറക്കുക. ബാങ്കുകളുടെ പ്രധാന ശാഖകള്‍ 13നും 14നും സേവനം നല്‍കും.


Post a Comment

0 Comments