Flash News

6/recent/ticker-posts

യുഎഇയില്‍ കനത്തമഴ; റോഡുകള്‍ നിറഞ്ഞൊഴുകി, ശക്തമായ കാറ്റ് വീശി

Views ദുബായ്: യുഎഇയില്‍ കനത്തമഴ പെയ്തു. പരക്കെ പെയ്ത മഴക്കൊപ്പം പലയിടത്തും ശക്തമായ കാറ്റും വീശിയടിച്ചു. കനത്ത മഴയില്‍ വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ മുങ്ങി. എന്നാല്‍, അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ദുബായിലെ ഹത്ത, ഖോര്‍ഫക്കാന്‍, കല്‍ബ, റാസല്‍ഖൈമ, ഷാര്‍ജയുടെയും അബുദാബിയിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കടുത്ത ചൂടിന് ശമനമായി മഴ ലഭിച്ചത്. ഫുജൈറയിലും റാസല്‍ഖൈമയിലും ശക്തമായ മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ദുബായ്, അബുദാബി അടക്കമുള്ള പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

ഫുജൈറയിലെ മലയോര മേഖലകളില്‍ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫുജൈറയിലെ സമീപ പ്രദേശങ്ങളായ കല്‍ബ, ഖോര്‍ഫാക്കാന്‍, മസാഫി, ദിബ്ബ എന്നിവിടങ്ങളില്‍ അതി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പല സ്ഥലങ്ങളിലും റോഡുകളും റൗണ്ട് എബൗട്ടുകളും വെള്ളംകൊണ്ട് നിറഞ്ഞതിനാല്‍ ഗതാഗതത്തിനുതന്നെ പ്രയാസം നേരിട്ടു. വളരെക്കാലത്തിനുശേഷമാണ് ഇവിടെ ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്.
കാറ്റും മഴയും തുടരുന്ന അന്തരീക്ഷത്തില്‍ പുറത്തിറങ്ങുന്നവരും ഡ്രൈവ് ചെയ്യുന്നവരും ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. റാസല്‍ഖൈമയില്‍ വെള്ളക്കെട്ട് പലയിടങ്ങളിലും ഗതാകുരുക്കിനിടയാക്കി. അല്‍ നഖീലിലും റൗണ്ടെബൗട്ടുകളിലുമായിരുന്നു രൂക്ഷമായ വെള്ളക്കെട്ട്. ജൈസ് ഉള്‍പ്പെടെ മലനിരകളിലും ഷാം, അല്‍ജീര്‍, കോര്‍ക്വേര്‍, അല്‍റംസ്, മാമൂറ, മ്യാരീദ്, ഓള്‍ഡ് റാക്, ബറൈറാത്ത്, ജസീറ, അല്‍ഗെയില്‍, കറാന്‍, ഹംറാനിയ, ദിഗ്ദാഗ തുടങ്ങിയിടങ്ങളിലെല്ലാം മഴ വര്‍ഷിച്ചു. അജ്മാന്റെ വിവിധ പ്രദേശങ്ങളിലും സാമാന്യം തരക്കേടില്ലാത്ത മഴ ലഭിച്ചു. ജറഫ് മേഖലയിലെ ചില റോഡുകളില്‍ മഴമൂലം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. അതേസമയം അജ്മാന്‍ ടൗണ്‍ മേഖലകളില്‍ മഴ ചെറിയതോതിലാണ് പെയ്തത്.
രാജ്യമെമ്പാടും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ (yellow alert) പ്രഖ്യാപിച്ചിട്ടുമുണ്ട്. ശക്തമായ മഴ ലഭിച്ചതോടെ രാജ്യത്ത് താപനില കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച റാസല്‍ഖൈമയിലെ ജബല്‍ജൈസില്‍ 17 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.


Post a Comment

0 Comments