Flash News

6/recent/ticker-posts

മുസ്‌ലിം പേരില്‍ ഹിന്ദു ദേവിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Views


കര്‍ണാടക: സമൂഹ മാധ്യമങ്ങളിലൂടെ മുസ്‌ലിം പേരില്‍ ഹിന്ദു ദേവതയെ അപമാനിച്ച കേസില്‍ സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദു യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ വിരാജപേട്ട താലൂക്കിലെ കെടമല്ലൂരു സ്വദേശി ദിവിന്‍ ദേവയ്യയാണ് പൊലീസ് പിടിയിലായത്.

കര്‍ണാടകയിലെ കൊടവ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കാവേരി ദേവിയ്‌ക്കെതിരെയാണ് ഇയാള്‍ തന്റെ വ്യാജ ഫേസ്ബുക്ക് പ്രാഫൈല്‍ ഉപയോഗിച്ച് പോസ്റ്റിട്ടത്.

കൊടവ സമുദായത്തിലെ സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇയാള്‍ നേരത്തെ ഈ വ്യാജ പ്രൊഫൈല്‍ വഴി പങ്കുവെച്ചിരുന്നു.

ബി.ജെ.പിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും വലിയ സ്വാധീനമുള്ള കുടക്, സാമുദായിക പ്രശ്നങ്ങള്‍ കൂടുതലുള്ള പ്രദേശമായാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യം മുതലെടെത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രദേശത്ത് ബന്ദുകളും മറ്റ് പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.

ഈ പ്രതിഷേധങ്ങള്‍ പ്രദേശത്ത് വലിയ സാമുദായിക വേര്‍തിരിവിനും ക്രമസമാധാന നിലക്ക് ഭീഷണിയും ഉയര്‍ത്തിയിരുന്നു.

എന്നാല്‍ കേസന്വേഷണത്തിനൊടുവില്‍ കുടക് പൊലീസ് ഇത് മുസ്‌ലിം പേരിലുള്ള വ്യാജ അക്കൗണ്ടാണെന്നും പ്രാദേശിക ബി.ജെ.പി നേതാവിന്റെ മകനാണ് പ്രതിയെന്നും കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളില്‍ നിന്ന് പിന്മാറുകയായിരുന്നു.

മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ലോക്കല്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മുംബൈ പൊലീസ് വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയാനായി ഫേസ്ബുക്കിന്റെ സഹായം തേടുകയും തുടര്‍ന്ന് ലോക്കല്‍ പൊലീസിന് വിവരം കൈമാറുകയുമായിരുന്നു.

‘ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ രണ്ടുവട്ടം ചിന്തിക്കണം. ഈ അറസ്റ്റ് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ,’ എന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കൊടവ കമ്മ്യൂണിറ്റി ഫെഡറേഷന്‍ പറഞ്ഞത്.



Post a Comment

0 Comments