Flash News

6/recent/ticker-posts

ലൈവില്‍ ചുന്ദരി പെണ്ണേ പാടാന്‍ പറഞ്ഞാല്‍ ഞാന്‍ പെട്ടു പോകും'; നഞ്ചിയമ്മ ദേശീയ അവാര്‍ഡിന് അര്‍ഹയെന്ന് ദുല്‍ഖര്‍ സല്‍മാന്‍

Views
ലൈവില്‍ ചുന്ദരി പെണ്ണേ പാടാന്‍ പറഞ്ഞാല്‍ ഞാന്‍ പെട്ടു പോകും'; നഞ്ചിയമ്മ ദേശീയ അവാര്‍ഡിന് അര്‍ഹയെന്ന് ദുല്‍ഖര്‍ സല്‍മാന്‍

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍. വിവാദത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും എന്നാല്‍ തന്റെ മനസില്‍ നഞ്ചിയമ്മയ്ക്കാണ് പുരസ്‌കാരമെന്നും ദുല്‍ഖര്‍ പറഞ്ഞു. നഞ്ചിയമ്മ അങ്ങേയറ്റം അവാര്‍ഡിന് അര്‍ഹിയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

ആ പാട്ടും നഞ്ചിയമ്മ അത് പാടിയ രീതിയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എല്ലാത്തിന്റെയും ശാസ്ത്രം നോക്കാന്‍ എനിക്കറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ കംമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് സിനിമയില്‍ പാടുന്നതെന്നും 'ചുന്ദരി പെണ്ണേ' എന്ന ഗാനം ലൈവില്‍ പാടാന്‍ പറഞ്ഞാല്‍ താന്‍ പെട്ടുപോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിന്റെ പുതിയ ചിത്രം 'സീതാരാമ'ത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു നടന്റെ പ്രതികരണം.

സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചത്. പിന്നാലെ നഞ്ചിയമ്മ അവാര്‍ഡിന് അര്‍ഹയല്ലെന്ന വിമര്‍ശവുമായി സംഗീതഞ്ജന്‍ ലിനു ലാല്‍ എത്തുകയായിരുന്നു. ഒരു മാസം സമയം കൊടുത്താല്‍ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും പുരസ്‌കാരം നല്‍കിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നുമായിരുന്നു ലിനുവിന്റെ വിമര്‍ശനം.

എന്നാല്‍ നഞ്ചിയമയ്ക്ക് പിന്തുണയുമായി സിനിമാ-സംഗീത രംഗത്തെ പലരും രംഗത്തെത്തി. നഞ്ചിയമ്മ ഹൃദയംകൊണ്ട് പാടുന്നത് നൂറ് വര്‍ഷം എടുത്താലും പാടാന്‍ സാധിക്കില്ലെന്നാണ് വിഷയത്തില്‍ അല്‍ഫോന്‍സ് ജോസഫ് പ്രതികരിച്ചത്. ഹൃദയത്തില്‍ തൊടുന്നതാണ് നഞ്ചിയമ്മയുടെ പാട്ട് എന്നും ഔപചാരികമായ പരിശീലനം നടത്തിയവര്‍ക്ക് മാത്രമേ മികച്ച ഗായകരാകാന്‍ സാധിക്കുകയുള്ളു എന്നത് തെറ്റിദ്ധാരണയാണെന്നും ശ്വേതാ മേനോന്‍ പ്രതികരിച്ചിരുന്നു. ഇവരെ കൂടാതെ ഹരീഷ് ശിവരാമകൃഷ്ണന്‍, ബിജിപാല്‍, സിത്താര കൃഷ്ണ കുമാര്‍ തുടങ്ങിയവരും നഞ്ചിയമ്മയ്ക്ക് പിന്തുണയറിയിച്ചെത്തിയിരുന്നു.


Post a Comment

0 Comments