Flash News

6/recent/ticker-posts

'മെഡിസെപ്' നിലവിൽ വന്നു, അനാവശ്യമായി പദ്ധതിയെ എതിർക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി

Views

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ 'മെഡിസെപ്' നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. മെഡിസെപ് പദ്ധതിയെ കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സർവീസിന്റെ സുവർണ ലിപികളാൽ രേഖപ്പെടുത്താവുന്ന പദ്ധതിയാണ് മെഡിസെപ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരലക്ഷം താൽക്കാലിക ജീവനക്കാർക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് 300 ആശുപത്രികളെ എംപാനൽ ചെയ്തു. സംസ്ഥാനത്തിന് പുറത്ത് 15 ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. ആരോഗ്യ സുരക്ഷ സാമൂഹ്യ സുരക്ഷയിൽ പ്രധാനമാണ്. കഴിഞ്ഞ വർഷം 319 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് നിർധനർക്ക് ചികിത്സാ സഹായം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാർ ജീവനക്കാ‍ർക്കും ആശ്രിതർക്കും പെൻഷൻകാർക്കും അടക്കം 30 ലക്ഷം പേർക്ക് ആരോഗ്യ സുരക്ഷയൊരുക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ മെഡിസെപ്. പ്രതിവർഷം മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ പാർട്ട് ടൈം ജീവനക്കാർക്കും ലഭിക്കും. 500 രൂപ പ്രതിമാസ പ്രീമിയത്തിൽ പ്രായപരിധിയില്ലാതെ ഗുണഭോക്താക്കൾക്ക് ആരോഗ്യസുരക്ഷ.  മൂന്നുലക്ഷം രൂപയുടെ പരിരക്ഷയിൽ അതത് വർഷം ഉപയോഗിച്ചില്ലെങ്കിൽ ഒന്നരലക്ഷം രൂപ നഷ്ടമാകും. ബാക്കിയുള്ള ഒന്നരലക്ഷം രൂപ കൂടി ചേർത്ത് രണ്ടാംവർഷം നാലരലക്ഷം രൂപയുടെ പരിരക്ഷ. മൂന്നാം വർഷം ആറു ലക്ഷത്തിന്‍റെ ആനുകൂല്യം. അതുകഴിഞ്ഞാൽ തുക ലാപ്സാകും. 2,000 രൂപവരെ പ്രതിദിന വാടകയുള്ള മുറിയിൽ കിടത്തി ചികിത്സ. ഭക്ഷണച്ചെലവും ക്യാഷ് ലെസ് പരിരരക്ഷയിൽ ലഭ്യമാകും. അടിയന്തര ഘട്ടങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സയ്ക്ക് സൌകര്യം ഉണ്ടാകും. ഒപി ചികിത്സയ്ക്ക് നിലവിലുള്ള റീം ഇംപേഴ്സ്മെന്‍റ് തുടരും. ഗുണഭോക്താക്കളുടെ ആശ്രിതരായ കുട്ടികളിൽ ജോലിയിൽ പ്രവേശിക്കുന്നതുവരെയോ വിവാഹം കഴിക്കുന്നതുവരെയോ 25 വയസ് പൂർത്തിയാകുന്നത് വരേയോ ഇവയിൽ ഏതാണ് സംഭവിക്കുന്നത് അതുവരെയാണ് പരിരക്ഷ ലഭിക്കുക.. ഭിന്നശേഷിയുള്ള ആശ്രിതരായ കുട്ടികൾക്ക് പ്രായപരിധിയില്ല. 12 മാരക രോഗങ്ങൾക്കും അവയവ മാറ്റ ചികിത്സാ പ്രക്രിയകൾക്കുമായി 35 കോടി രൂപയും വകയിരുത്തി. മെഡിസെപ് വെബ്സൈറ്റ്, ആപ്പ് എന്നിവ വഴി പദ്ധതി പ്രയോജനപ്പെടുത്താം. ഓൺലൈനായി പരാതി പരിഹാര സംവിധാനവും രൂപകൽപ്പന ചെയ്തിട്ടുണ്ട്..പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനിയാണ് മെഡിസെപിന്റെ ഏജൻസി


Post a Comment

0 Comments