Flash News

6/recent/ticker-posts

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; രണ്ടാഴ്ചയില്‍ അഞ്ചാമത്തെ മരണം

Views

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. രണ്ടാഴ്ച്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തേതും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ ആത്മഹത്യാ കേസുമാണിത്. ശിവഗംഗ ജില്ലയിലെ വീടിനുള്ളിലാണ് ആണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണക്ക്, ബയോളജി വിഷയങ്ങള്‍ തനിക്ക് ബുദ്ധിമുട്ടായതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി നാല് വിദ്യാര്‍ത്ഥിനികളാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ മൂന്ന് പേര്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. ഇന്ന് രാവിലെ ശിവകാശിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല. കഠിനമായ വയറുവേദന വിദ്യാര്‍ത്ഥിനി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച്ച തിരുവള്ളൂര്‍ ജില്ലയിലെ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല.

പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കേസുകള്‍ കൂടി വരുന്നതില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു സാഹചര്യത്തിലും വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ ചിന്തകള്‍ ഉണ്ടാകരുത്. കുട്ടികളില്‍ മാനസിക ശക്തി പകരുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ അധ്യാപകര്‍ മുന്‍കൈ എടുക്കണം. സ്റ്റാലിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)



Post a Comment

0 Comments