Flash News

6/recent/ticker-posts

മലപ്പുറം ആലത്തിയൂരിലെ ഫാമിലെത്തിച്ച പോത്തുകളിൽ ആറെണ്ണം കൂടി ചത്തു

Views
തിരൂർ: ഹരിയാനയിൽ നിന്നു ആലത്തിയൂരിലെ ഫാമിലെത്തിച്ച 26 പോത്തുകളിൽ ആറെണ്ണം കൂടി ചത്തു. ഇതോടെ ആലത്തിയൂരിലെ ഫാമിൽ ചത്ത പോത്തുകളുടെ എണ്ണം ഒമ്പതായി. കണ്ടെയ്നറിൽ കൊണ്ടുവരുമ്പോൾ തന്നെ ചത്ത മൂന്ന് പോത്തുകളെ വെള്ളിയാഴ്ച വൈകീട്ട് അറുത്ത് വിൽക്കാനുള്ള ശ്രമം നാട്ടുകാരും അധികൃതരും തടഞ്ഞിരുന്നു.

അധികൃതർ ഇടപെട്ട് കശാപ്പ് ചെയ്ത പോത്തുകളെ ഉപയോഗിക്കാൻ കഴിയാത്ത വിധം ഡീസൽ ഒഴിപ്പിച്ച് ഫാം ഉടമയുടെ ഭൂമിയിൽ മണ്ണുമാന്തിയുടെ സഹായത്തോടെ വലിയ കുഴിയെടുത്താണ് അടക്കം ചെയ്യിപ്പിച്ചത്.വെള്ളിയാഴ്ച രാത്രിയിൽ തന്നെ ഫാമിൽ വെച്ച് ഒരു പോത്തും കൂടി ചത്തിരുന്നു. ശനിയാഴ്ച ഉച്ചയായപ്പോഴേക്കും അഞ്ചെണ്ണം കൂടി ചത്തു. ജെ.സി.ബിയുടെ സഹായത്തോടെയാണ് ഫാമിൽ വെച്ച് ചത്തവയെ വാഹനത്തിലേക്ക് മാറ്റിയത്.

വീണ്ടും ചത്ത പോത്തുകളെ ഫാമിന്‍റെ ഉടമസ്ഥന്‍റെ ഭൂമിയിലാണ് കുഴിച്ചിട്ടത്. ആലത്തിയൂർ വെള്ളോട്ട് പാലത്തിന് സമീപം പുതുള്ളി സ്വദേശി സലീമാണ് ഫാം നടത്തുന്നത്. പെരുന്നാൾ വിപണി ലക്ഷ്യമിട്ടാണ് ഫാം ഉടമ ഹരിയാനയിൽ നിന്നു കന്നുകാലികളെ ഇറക്കുമതി ചെയ്തത്.

ഏകദേശം ആറു ദിവസമാണ് ഹരിയാനയിൽ നിന്നു കേരളത്തിലേക്ക് കണ്ടെയ്നർ വഴി നാൽക്കാലികളെ കൊണ്ടുവരാനെടുക്കുന്ന സമയം. വഴിയിൽ കന്നുകാലികൾക്ക് തീറ്റയും വെള്ളവും കൊടുക്കാനായി ധാരാളം പോയിൻറുകളുമുണ്ട്. കണ്ടെയ്നറിന്‍റെ ഗിയർ ബോക്സിന്‍റെ തകരാർ മൂലം പതുക്കെ ഓടിയെത്തിയതിനാൽ നേരത്തെ കണക്കാക്കിയ സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല.

രണ്ടു ദിവസം വൈകിയാണ് എത്തിയത്. കുത്തിനിറച്ച് കൊണ്ടുവന്നതിനാൽ മിക്ക പോത്തുകൾക്കും മുറിവുകളുണ്ട്. ബാക്കിയുള്ളവയെ ഫാമിലേക്ക് മാറ്റിയ ശേഷമാണ് ചത്തവയെ അറുക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ കണ്ടെത്തി അധികൃതർ പിടികൂടിയത്.



Post a Comment

0 Comments