Flash News

6/recent/ticker-posts

"കോൺഗ്രസിന്‍റെ കൂട്ട് രാഷ്ട്രീയ തകർച്ചക്ക് ഇടയാക്കും'; ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജൻ

Views
മലപ്പുറം: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ . കോൺഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്‍റെ രാഷ്ട്രീയ തകർച്ചക്ക് ഇടയാക്കുമെന്ന് ഇ പി ജയരാജൻ മുന്നറിയിപ്പ് നല്‍കി.

മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ തകർച്ചയുടെ പാപ്പരത്തമാണ് ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിന് അനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ലീഗിന് നല്ലതാണ്. മാർക്കിസ്റ്റ് വിരോധം മനസ്സിൽ വച്ച് പ്രവർത്തിച്ചാൽ ലീഗിന് ഒന്നും നേടാനാകില്ല. മണ്‍മറഞ്ഞ ലീഗിന്‍റെ നേതാക്കൾ മത നിരപേക്ഷതയെക്കുറിച്ച് ചിന്തിച്ചവർ ആയിരുന്നുവെന്നും ആ വഴിയേക്കുറിച്ച് ചിന്തിക്കൂവെന്നും ഇ പി ജയരാജൻ മലപ്പുറത്ത് കുഞ്ഞാലി അനുസ്മരണ പരിപാടിയിൽ പറഞ്ഞു.

ഇത് ആദ്യമല്ല ഇ പി ജയരാജന് മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. നേരത്തെ, മുസ്ലീം ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിന് ഇ പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം നേരിട്ടിരുന്നു. പ്രസ്താവന അനവസരത്തിലായെന്നും ശ്രദ്ധ വേണമെന്നായിരുന്നു വിമർശനം. യുഡിഎഫ് ദുർബലമാകുന്ന സാഹചര്യം ഉയർത്തിയക്കാട്ടിയെന്നായിരുന്നു ഇ പി ജയരാജന്‍റെ അന്നത്തെ മറുപടി.

പിന്നാലെ എൽഡിഎഫ് കണ്‍വീനറെ പാർട്ടി തിരുത്തി. ഇപ്പോൾ അത് പറയേണ്ട സാഹചര്യമില്ലായിരുന്നു എന്നാണ്  ഇ പി ജയരാജനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം. ലീഗിനോടുള്ള നിലപാട് മാറുന്നു എന്ന വ്യാഖ്യാനമുണ്ടായി എന്നായിരുന്നു വിലയിരുത്തല്‍. പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇ പി ജയരാജനോട് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. യുഡിഎഫ് ദുർബലപ്പെടുന്ന സാഹചര്യം ഉയർത്തിക്കാട്ടാനായിരുന്നു പരാമര്‍ശം എന്നായിരുന്നും ഇ പി ജയരാജന്‍റെ അന്നത്തെ മറുപടി



Post a Comment

0 Comments