Flash News

6/recent/ticker-posts

പ്രതീക്ഷയോടെ തീരം;ട്രോളിങ് നിരോധനംഞായറാഴ്ച അവസാനിക്കുംട്രോളിംഗ്

Views
പ്രതീക്ഷയോടെ തീരം;
ട്രോളിങ് നിരോധനം
ഞായറാഴ്ച അവസാനിക്കും



ട്രോളിങ് നിരോധനം തീരാറായതോടെ കടലിലിറങ്ങാനുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് തീരം. 52 ദിവസത്തെ വിശ്രമകാലം 31-ന് അർധരാത്രി അവസാനിക്കും. തിങ്കളാഴ്‌ച മുതൽ വലിയ ബോട്ടുകൾക്ക് ചാകരക്കോളുതേടി കടലിൽ ഇറങ്ങാം.

മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തുന്നത് ട്രോളിങ് നിരോധന കാലയളവിലാണ്. ദിവസങ്ങൾക്കകം അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ബോട്ടുടമകളും തൊഴിലാളികളും.

ട്രോളിങ് നിരോധനത്തിനു മുൻപുതന്നെ ഇത്തവണ തീരത്ത് വറുതി പിടിമുറുക്കിയിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതും മീൻലഭ്യത കുറഞ്ഞതുമാണ് മത്സ്യബന്ധനമേഖലയെ പ്രതികൂലമായി ബാധിച്ചത്. കാറ്റും മഴയും മൂലം ട്രോളിങ് നിരോധനത്തിനു മുൻപ് ആഴ്‌ചകളോളം കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലരും കടക്കെണിയിലാണ്.

മറ്റു മാർഗമില്ലാത്തതിനാൽ വീണ്ടും കടം വാങ്ങിയും ലോണെടുത്തുമാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ തുക പലരും കണ്ടെത്തിയത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ സാധനങ്ങളുടെ വിലവർധനയും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒരുലക്ഷം രൂപയ്ക്ക് നടത്തിയിരുന്ന പണികൾ ഇത്തവണ ചെയ്തുതീർക്കാൻ ഇരട്ടിയോളം തുക ചെലവാക്കേണ്ട സ്ഥിതിയാണ്.

15 വർഷം പഴക്കമുള്ള ബോട്ടുകളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം നിലവിലുള്ളതിനാൽ ഭീമമായ തുക അറ്റകുറ്റപ്പണികൾക്കായി ചെലവിടാനും ബോട്ടുടമകൾ മടിക്കുകയാണ്.

അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളുടെ കൂലി വർധിച്ചതും ചെലവ് കൂട്ടിയിട്ടുണ്ട്. വിദഗ്ധരായ തൊഴിലാളികളെ മറ്റു പലയിടത്തുനിന്നും എത്തിച്ചാണ് പണികൾ നടത്തുന്നത്. കേടുപാടുകൾ സംഭവിച്ചിട്ടുള്ള ബോട്ടുകളിലാണ് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ബാക്കിയുള്ളവർ അത്യാവശ്യ മിനുക്കുപണിയിൽ ഒതുക്കുകയാണ്. ട്രോളിങ് നിരോധന കാലയളവിൽ കുഞ്ഞൻ മത്സ്യങ്ങളെ പിടിക്കുന്നതിനെതിരേ ഇത്തവണ പരിശോധന ശക്തമായിരുന്നതിനാൽ കടലിലെ മത്സ്യസമ്പത്ത് കൂടിയിട്ടുണ്ടാകുമെന്നാണ് തൊഴിലാളികളുടെ കണക്കുകൂട്ടൽ.


Post a Comment

0 Comments