Flash News

6/recent/ticker-posts

മാനവ സമൂഹത്തിന്റെ സുൽത്താന്റെ അണയാത്ത ഓർമ്മകൾക്ക് 13 വയസ്സ്

Views
മലപ്പുറം: പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ വട്ടമേശ ഇപ്പോഴുമുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങളല്ല, മകൻ മുനവ്വറലി ശിഹാബ് തങ്ങളാണ് അവിടെ സാന്ത്വനം പകരുന്നത്. പക്ഷേ, വട്ടമേശയ്ക്കു ചുറ്റുമിപ്പോഴും ആവലാതികളുമായെത്തുന്നവർക്ക് ശിഹാബ് തങ്ങളുടെ മധുരമുള്ള ഓർമകളാണ്. മുസ്‌ലിംലീഗ് രാഷ്ട്രീയ ജീവിതത്തോടൊപ്പം മാനുഷികമൂല്യങ്ങൾക്ക് കരുതലേകിയ തങ്ങളുടെ ഓർമകൾ ഇപ്പോഴും ഇവിടെ ജ്വലിക്കുന്നു. 2009 ഓഗസ്റ്റ് ഒന്നിന്‌ രാത്രിയാണ് ശിഹാബ് തങ്ങൾ വിടചൊല്ലിയത്. ഒരു യുഗാന്ത്യമായിരുന്നു മലപ്പുറത്തിന്, കേരളത്തിനും.

◻️ബൈത്തുറഹ്‌മ': തങ്ങൾക്കായി നിത്യസ്‌മാരകം

രാജ്യത്ത് ഇതുപോലൊരു സ്‌മാരകം ബൈത്തുറഹ്‌മയ്ക്ക് മാത്രമാകും അവകാശപ്പെടാനാകുക. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മരണയ്ക്കായി മുസ്‌ലിംലീഗ് രാജ്യത്തൊട്ടാകെയായി നിർമിച്ചത് പതിനായിരത്തിലധികം ബൈത്തുറഹ്‌മകൾ.

2011-ൽ അന്നത്തെ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ജനറൽസെക്രട്ടറി പി. അബ്ദുൽഹമീദ് എം.എൽ.എ.യുമാണ് ബൈത്തുറഹ്‌മ പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഓരോന്നും നഗരസഭകളിൽ രണ്ടും വീതം ആകെ 151 വീടുകൾ നിർമിക്കാനായിരുന്നു പദ്ധതി.

റംസാൻ ആദ്യ വെള്ളിയാഴ്‌ച മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ഒരുമിച്ച് തറക്കല്ലിടൽ നടത്തി. എന്നാൽ, പിറ്റേവർഷം 171 ബൈത്തുറഹ്‌മ വീടുകളാണ് ജില്ലയിൽ നിർമാണം പൂർത്തിയായത്. ഓരോ വീടും അതത് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി ഇടപെട്ടാണ് പൂർത്തീകരിച്ചത്. തുക കണ്ടെത്താൻ നാട്ടിലും മറുനാട്ടിലും സഹായംതേടിയപ്പോൾ ലഭിച്ചത് അഭൂതപൂർവമായ പിന്തുണ. ഉദ്ഘാടനച്ചടങ്ങ് നടത്തുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് 'ബൈത്തുറഹ്‌മ' പദ്ധതി തുടരാൻ പറഞ്ഞത്.

'വീടില്ലാത്ത അവസാന വ്യക്തിക്കും വീട് നിർമിക്കുന്നതുവരെ വീട് നിർമിച്ചു നൽകണമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറയുകയായിരുന്നുവെന്ന് പി. അബ്ദുൽഹമീദ് എം.എൽ.എ. പറഞ്ഞു. ഇതോടെ മുസ്‌ലിംലീഗ് നേതൃത്വത്തിൽ കേരളത്തിലും പുറത്ത് ഉത്തർപ്രദേശ്, ജാർഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ബൈത്തുറഹ്‌മകൾ ഉയർന്നു.

ജാതിയോ മതമോ മാനദണ്ഡമാകാതെ, വീടില്ലാത്ത അശരണരെയായിരുന്നു കണ്ടെത്തിയത്. ഉത്തർപ്രദേശിലെ കലാപബാധിത പ്രദേശമായ മുസഫർനഗറിൽ ബൈത്തുറഹ്‌മ വില്ലേജ് നിർമിച്ചുനൽകി.

മുസാഫർനഗറിൽ 61 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചത്. ബൈത്തുറഹ്‌മ ഫ്ലാറ്റുകൾ, വില്ലേജുകൾ തുടങ്ങിയ പദ്ധതികൾ പലയിടത്തും പൂർത്തിയായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ സ്‌മരണയ്ക്കായി ആംബുലൻസുകളും വിവിധ മുസ്‌ലിംലീഗ് കമ്മിറ്റികൾ, മതസംഘടനകൾ എന്നിവർ പുറത്തിറക്കി. കൂടാതെ, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തനങ്ങളും വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നു. ഇതെല്ലാം പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനാണ് ശ്രമിക്കുന്നത്.

◻️പ്രതിസന്ധികാലത്തെ നായകൻ

സൗമ്യമായ ഭാഷയായിരുന്നു ശിഹാബ് തങ്ങളുടെ കരുത്ത്. രാഷ്‌ട്രീയത്തിനതീതമായി ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരംകാണുന്ന പാണക്കാട്ടെ കോടതിയിൽ ശിഹാബ് തങ്ങളുടെ സ്ഥാനം അതുല്യമായിരുന്നു. പിതാവ് പാണക്കാട് പൂക്കോയ തങ്ങളുടെ മരണശേഷം 1975 സെപ്റ്റംബർ ഒന്നുമുതൽ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ശിഹാബ് തങ്ങൾ നീണ്ട 34 വർഷം സ്ഥാനത്തിരുന്നു.

മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഇത്രയേറെ സ്വീകാര്യമായി അലങ്കരിച്ച മറ്റൊരാളില്ല ചരിത്രത്തിലെന്ന് അണികൾപോലും സമ്മതിക്കുന്നു. ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ശിഹാബ് തങ്ങളെടുത്ത നിലപാട് ഇന്നും പ്രശംസിക്കപ്പെടുന്നു. 2006-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിനേറ്റ തിരിച്ചടിയിൽ പതറാതെ പക്വമായി മുന്നോട്ടുനയിക്കാനും അണികളെ പ്രവർത്തനസജ്ജമാക്കാനും തങ്ങൾക്കായി. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി സീറ്റുകളിൽ ഉജ്ജ്വല വിജയമൊരുക്കാൻ തങ്ങളുടെ നേതൃത്വത്തിനായി എന്നത് ശിഹാബ് തങ്ങളുടെ നേട്ടങ്ങളിൽ പ്രധാനമാണ്.


Post a Comment

0 Comments