Flash News

6/recent/ticker-posts

കരിപ്പൂരിൽ നിന്ന് ആഭ്യന്തര സർവിസുകൾ വർധിപ്പിക്കണമെന്ന് ഉപദേശക സമിതി

Views


കരിപ്പൂർ : വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സർവിസുകൾ വർധിപ്പിക്കണമെന്ന് ഉപദേശകസമിതി യോഗം. തിരുവനന്തപുരത്തേക്കടക്കം കരിപ്പൂരിൽനിന്ന് സർവിസില്ല. കേരളത്തിനകത്തും പുറത്തേക്കും പ്രധാന നഗരങ്ങളിലേക്കുള്ള സർവിസ് വർധിപ്പിക്കുന്ന വിഷയമാണ് ചർച്ചയായത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് കരിപ്പൂർ വഴി രണ്ട് അന്താരാഷ്ട്ര സർവിസ് നടത്തുന്നുണ്ട്.


എന്നാൽ, ഈ വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരെ അനുവദിക്കില്ല. നേരത്തേ ഈ സർവിസിൽ തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്കും തിരിച്ചും യാത്രക്കാർക്ക് അനുമതിയുണ്ടായിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർ കൂടിക്കലരുമെന്നതടക്കമുള്ള വിഷയങ്ങളാണ് അനുമതി നൽകാതിരിക്കാൻ കാരണമായി ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ എയർ ഇന്ത്യ എക്സ്പ്രസുമായി സംസാരിക്കാനും പുതിയ സർവിസ് ആരംഭിക്കാൻ മറ്റ് വിമാനക്കമ്പനികളുമായി ചർച്ച നടത്താനും വിമാനത്താവള ഡയറക്ടറെ ചുമതലപ്പെടുത്തി. മറ്റ് നഗരങ്ങളിലേക്ക് സർവിസ് തുടങ്ങുന്നത് സംബന്ധിച്ചും ചർച്ച ചെയ്യും. ഹീൽ ഇന്ത്യ പദ്ധതിയിൽ കരിപ്പൂരിനെ ഉൾപ്പെടുത്താനും എയർ സുവിധ പിൻവലിക്കാനും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.



Post a Comment

0 Comments