Flash News

6/recent/ticker-posts

മധു വധക്കേസ്; ജാമ്യം റദ്ദാക്കി മൂന്നു ദിവസമായിട്ടും ഒമ്പത് പ്രതികളെ കണ്ടെത്താനായില്ല

Views മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായ ഒമ്പത് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് അഗളിപോലീസ്.

ഒമ്പത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾക്ക് കീഴടങ്ങുന്നില്ലെങ്കിൽ രണ്ട് ദിവസത്തിനകം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് ഡി.വൈ.എസ്.പി എൻ. മുരളീധരൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, ജില്ലകൾ കേന്ദ്രീകരിച്ചും പ്രതികളുടെ ഫോൺവിവരങ്ങൾ കേന്ദ്രീകരിച്ചും എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്.

ഹൈക്കോടതിയുടെ ജാമ്യ ഉപാധികൾ തെറ്റിച്ചതിനാൽ ശനിയാഴ്ചയാണ് മണ്ണാർക്കാട് പട്ടിക ജാതി/പട്ടിക വർഗ പ്രത്യേക കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത്.

നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15-ാം പ്രതി ബിജു എന്നിവരെ അന്നുതന്നെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോൻ, 11-ാം പ്രതി അബ്ദുൽ കരീം, 12-ാം പ്രതി സജീവ് എന്നിവരാണ് ഒളിവിലുള്ളത്. പ്രതികൾക്കായി മൂന്നുദിവസമായി അഗളി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി നിലനിൽക്കുന്നിനാൽ വിചാരണ നിർത്തിവെച്ചിരിക്കുകയായിരുന്നു.

ജാമ്യം റദ്ദാക്കിയ ഉത്തരവ് വന്നതിന് ശേഷം വിചാരണ ബുധനാഴ്ച പുനരാരംഭിക്കുകയാണ്. 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാർ, 27-ാം സാക്ഷി സെയ്തലവി, 28-ാം സാക്ഷി മണികണ്ഠൻ എന്നിവർക്ക് സമൻസ് അയക്കുമെന്നും കോടതി പറഞ്ഞിരുന്നു.

മധുക്കേസിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷികളെ കൂറുമാറ്റാനുള്ള ഇടപെടൽ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമ്മതിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടില്ല. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി വിറ്റ്നെസ് പ്രൊട്ടക്ഷൻ സെൽ രൂപവത്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാറിലെ പെൺകുട്ടികളുടെ സ്ഥിതി മധുവിനും സംഭവിക്കുമെന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാതെ പ്രോസിക്യൂട്ടർമാർ പിന്മാറുന്ന സ്ഥിതിയുണ്ടായെന്നും സതീശൻ പറഞ്ഞു. കേസിനെക്കുറിച്ച് ആർക്കും ആശങ്കവേണ്ട. അപമാനകരമായ സ്ഥിതിവിശേഷമാണ് മധുവിന്റെ കൊലപാതകത്തിലൂടെ ഉണ്ടായത്.

ആനുകൂല്യം ലഭിക്കാത്തതിന്റെ പേരിലല്ല രണ്ടു സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ ചുമതല ഒഴിഞ്ഞത്. അത്തരം പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Post a Comment

0 Comments