Flash News

6/recent/ticker-posts

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഘട്ടംഘട്ടമായി നല്‍കിയാല്‍മതി; ശുപാര്‍ശയുമായി വിജിലന്‍സ്

Views തിരുവനന്തപുരം: കെട്ടിടനിർമാണ പെർമിറ്റ് നൽകുന്നതിലെ അഴിമതികൾ അവസാനിപ്പിക്കാൻ പെർമിറ്റ് നൽകുന്നത് ഘട്ടംഘട്ടമായി മതിയെന്ന് വിജിലൻസിന്റെ ശുപാർശ. കെട്ടിടത്തിന്റെ അടിത്തറ നിർമിക്കാൻമാത്രം ആദ്യം പെർമിറ്റ് നൽകണം. എൻജിനിയറിങ് വിഭാഗം അത് പരിശോധിച്ച് പ്ലാൻ അനുസരിച്ചാണ് നിർമാണമെന്ന് ഉറപ്പാക്കിയാൽമാത്രം തുടർനിമാണത്തിന് അനുമതി നൽകിയാൽ മതിയെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ കോർപ്പറേഷനുകളിലും നഗരസഭകളിലും നടത്തിയ മിന്നൽപരിശോധനയുമായി ബന്ധപ്പെട്ടാണ് ആഭ്യന്തരസെക്രട്ടറിക്ക് ശുപാർശയടങ്ങുന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചത്.

നിലവിൽ കെട്ടിടനിർമാണ പെർമിറ്റിന് അപേക്ഷ ലഭിക്കുമ്പോഴും നിർമാണം പൂർത്തിയാക്കി ഒക്യുപെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോഴും മാത്രമേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നുള്ളൂ. ഇത് അഴിമതിക്ക് കാരണമാകുന്നു. കെട്ടിടനികുതി പുനർനിർണയിക്കുമ്പോൾ അനുവാദം വാങ്ങാതെ കൂടുതൽ നിർമാണം നടത്തിയിട്ടുണ്ടെങ്കിൽ അതും എൻജിനിയറിങ് വിഭാഗത്തെക്കൊണ്ട് പരിശോധിപ്പിക്കണം. കെട്ടിട നിർമാണച്ചട്ടത്തിന് എതിരായ നിർമാണമാണെങ്കിൽ കർശനനടപടി സ്വീകരിക്കാൻ മുനിസിപ്പൽ സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നികുതിനിർണയം പരിശോധിക്കാൻ സമിതി വേണം

കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും രണ്ടുവർഷത്തിനിടെ പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ നികുതിനിർണയം ശരിയാണോയെന്ന് ഉറപ്പാക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കണമെന്നും ശുപാർശയുണ്ട്. ജൂലായ് 22-ന് വിവിധ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നടത്തിയ പരിശോധനയിൽ വൻക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കണം.

ഓൺലൈനായി 'സഞ്ചയ' വഴി നികുതിയടയ്ക്കാനുള്ള സംവിധാനം ഇതുവരെ ഏർപ്പെടുത്താത്ത നഗരസഭകളിൽ അത് എത്രയും വേഗം എർപ്പെടുത്തണം. 300 ചതുരശ്രമീറ്ററിന് താഴെ വിസ്തീർണമുള്ള കെട്ടിടങ്ങളുടെ പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനും പെർമിറ്റ് നൽകുന്നതിനുമുള്ള ഐ.ബി.പി.എം.എസ് സോഫ്റ്റ്വേർ സംവിധാനം 300 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്കായും ഉപയോഗപ്പെടുത്തണം.

കണ്ടെത്തിയത് വൻക്രമക്കേടുകൾ

ആറ് കോർപ്പറേഷനുകളിലും 53 മുനിസിപ്പാലിറ്റികളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. നിർമാണച്ചട്ടങ്ങൾ പാലിക്കാതെയുള്ളവയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകി, ഒരു പരിശോധനയും നടത്താതെ കെട്ടിടങ്ങളുടെ നികുതി പുനർനിർണയിച്ചു, ഓഫീസ് സമയത്തിനുശേഷവും സോഫ്റ്റ്വേർ പാസ്വേഡ് ക്രമവിരുദ്ധമായി ഉപയോഗിച്ച് വിവിധ അനുമതികൾ നൽകി എന്നിവയുൾപ്പടെയുളള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു.



Post a Comment

0 Comments