Flash News

6/recent/ticker-posts

അപൂർവ ശസ്ത്രക്രിയയിലൂടെ അർബുദമുഴ നീക്കി; കനച്ചൂർ ആശുപത്രിയിൽ യുവാവിന് പുതു ജീവൻ

Views
മംഗളൂരു : മുഖത്തായിരുന്നു ആ പതിനേഴുകാരന് അർബുദം... അത്യപൂർവമായി മാത്രം വായ്ക്കുള്ളിൽ വരുന്ന വലിയൊരു മുഴ...നേരിട്ട് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ഒന്ന് ദീർഘശ്വാസംവലിക്കാൻ പോലുമോ ആകാത്ത അവസ്ഥ. പല ആശുപത്രികളിൽനിന്നും ചികിത്സയില്ല എന്നുപറഞ്ഞ് തിരിച്ചയച്ച മംഗളൂരു കോപ്പ സ്വദേശിയായ യുവാവിന് പുതുജീവൻ നൽകിയിരിക്കുകയാണ് മംഗളൂരു കനച്ചൂർ ആശുപത്രിയിലെ അർബുദരോഗ വിദഗ്ധർ.

2017- ലാണ് യുവാവിന് അർബുദം ബാധിച്ചത്. മുഖത്ത് വായ്ക്കുള്ളിൽ ആദ്യം ചെറിയ മുഴയായിരുന്നു. മാസം കഴിയുംതോറും മുഴ വളർന്നു. 2019 ആകുമ്പോഴേക്കും 18 സെന്റിമീറ്ററോളമായി മുഴയുടെ വലിപ്പം. തുടർന്ന് കോവിഡ് വ്യാപിച്ചതോടെ മതിയായ ചികിത്സനൽകാനുമായില്ല.

കനച്ചൂർ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ യുവാവിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. ഡോ. രവി വർമയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ദീർഘനാൾ യുവാവിന്റെ രോഗാവസ്ഥ പഠിച്ചു. ഒടുവിൽ കീമോ റേഡിയോതെറാപ്പി നടത്താൻ പറ്റില്ലെന്ന് മനസ്സിലായതോടെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. എട്ടുമണിക്കൂറോളം നീണ്ട രണ്ട് ശസ്ത്രക്രിയവഴി മുഴ പൂർണമായും നീക്കി.

ശസ്ത്രക്രിയക്കുശേഷം യുവാവിന് ലഘുഭക്ഷണങ്ങൾ കഴിക്കാം. സംസാരിക്കാനും തുടങ്ങി. തുടർചികിത്സയോടെ അഞ്ചുവർഷത്തിനകം സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

അർബുദ ചികിത്സക്കായുള്ള വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരായ ഗുരുപ്രസാദ്, നജീബ്, പദ്മരാജ് ഹെഗ്ഡെ, ചേതൻ, വിൻസെന്റ് മത്യാസ്, സംഭ്റാം, രവി തുടങ്ങിയവരും ശസ്ത്രക്രിയക്ക് നേതൃത്വംനൽകി.


Post a Comment

0 Comments