Flash News

6/recent/ticker-posts

ശ്രീ റാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

Views
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. 

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു. 

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തി‍യിരുന്നു. വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് കത്തയച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമിന്‍റെ നിയമനത്തെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുന്‍ നിര്‍ത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പിവി അന്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. എഎല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ച വിവരം എംഎല്‍എ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

'മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആക്കി നിയമിച്ചത് പൊതു സമൂഹത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. മത - ജാതി ഭേദമന്യേ ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ എതിരഭിപ്രായം ഉയരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി വ്യാപകാമായി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ചിലപ്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷ ജനാതിപത്യമുന്നണി വിഷയത്തില്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം' - പി വി അന്‍വര്‍ ഇപി ജയരാജനയച്ച കത്തില്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments