Flash News

6/recent/ticker-posts

കരിപ്പൂരിലെ സ്വര്‍ണക്കടത്ത്: കസ്റ്റംസിന് 'മീതെ പറന്ന്' പോലീസ്, കുടുങ്ങിയത് സൂപ്രണ്ട്

Views

കൊണ്ടോട്ടി : മലപ്പുറം കള്ളക്കടത്ത്
തടയാൻ നിയോഗിക്കപ്പെട്ട കസ്റ്റംസ് സൂപ്രണ്ടിനെ സ്വർണക്കടത്തിനിടെ പിടികൂടിയത്  കേരളാ പോലീസിന്റെ തൊപ്പിയിൽ
പൊൻതൂവലായി.

 വിമാനത്താവളത്തിലെ എയർ കസ്റ്റംസ് സൂപ്രണ്ട് പൊള്ളാച്ചി അളഗപ്പ നഗർ സ്വദേശി പി. മുനിയപ്പ (46)യാണ് രണ്ടു
സ്വർണക്കടത്തുകാർക്കൊപ്പം വ്യാഴാഴ്ച കരിപ്പൂർ പോലീസിന്റെ പിടിയിലായത്. രണ്ടു യാത്രക്കാർ കൊണ്ടുവന്ന 640 ഗ്രാം സ്വർണത്തിൽ 320 ഗ്രാം സ്വർണം
വിമാനത്താവളത്തിന്
പുറത്തെത്തിക്കുന്നതിന് 25,000 രൂപ വീതം പ്രതിഫലം ആവശ്യപ്പെട്ട മുനിയപ്പ, സ്വർണം കൈമാറുന്നതിനിടെയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദേശപ്രകാരമായിരുന്നു കരിപ്പൂർ പോലീസിന്റെ നീക്കം.

പോലീസ് ഇടപെടലിനെത്തുടർന്ന് ഒരുമാസത്തിനിടെ സസ്പെൻഷനിലാകുന്ന മൂന്നാമത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മുനിയപ്പ. കഴിഞ്ഞ നാലിന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശിയിൽനിന്നു പിടിച്ച സ്വർണം പൂർണമായി രേഖപ്പെടുത്താതെ സ്വന്തമാക്കാൻ ശ്രമിച്ചതിന് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീൽദാർ സനിത് എന്നിവരെയാണ് അന്ന് സസ്പെൻഡ് ചെയ്തത്.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഘങ്ങൾ തട്ടിക്കൊണ്ടുപോകലും കൊള്ളയും അക്രമങ്ങളും പതിവാക്കിയതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കഴിഞ്ഞ ജനുവരിയിലാണ് ഹെൽപ്പ് ഡെസ്ക് തുറന്നത്. 2021 ജൂണിൽ രാമനാട്ടുകരയിൽ അഞ്ചു യുവാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ സ്വർണക്കടത്ത് ബന്ധവും ഹെൽപ്പ് ഡെസ്ക് തുടങ്ങാൻ കാരണമായി. വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിനുപുറമെയാണ് യാത്രക്കാരെ നിരീക്ഷിക്കുന്നതിനും സ്വർണക്കടത്ത് തടയുന്നതിനും ലക്ഷ്യമിട്ട് ഹെൽപ്പ് ഡെസ്ക് തുറന്നത്. ആ തീരുമാനം പോലീസിന് വലിയ നേട്ടമാണുണ്ടാക്കിയത്.

ജനുവരിയിൽ ഹെൽപ്പ് ഡെസ്ക് തുറന്നശേഷം 52 കേസുകളിലായി 42 കിലോയിലധികം സ്വർണം പോലീസ് പിടികൂടി. ഇതിന് 23 കോടി രൂപ വില വരും.



Post a Comment

0 Comments