Flash News

6/recent/ticker-posts

താനൂര്‍ തെയ്യാല റെയില്‍വേ ഗേറ്റ് ഇനി അടച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി മന്ത്ര വി അബ്ദുറഹ്മാന്‍.

Views
തിരൂർ: ഇന്നലെ രാവിലെ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പണി തുടങ്ങുന്നത് വരെ ഗേറ്റ് തുറക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ ആരംഭിക്കാന്‍ ഒന്നര മാസമെങ്കിലും സമയമെടുക്കും എന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥന്റെ നിലപാടാണ് ഗതാഗതം തടയുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. താല്‍ക്കാലികമായി തുറന്നിട്ടുള്ള ഗേറ്റ് വീണ്ടും അടച്ചാല്‍ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പാണ് ഉന്നത റെയില്‍വേ സംഘത്തിനു മുന്നില്‍ റെയില്‍വേ മന്ത്രിയായ വി അബ്ദുറഹ്മാന്‍ നല്‍കിയത്. ഗേറ്റ് തുറന്നിടണമെന്ന കര്‍ശന നിലപാടിലായിരുന്നു മന്ത്രി. പ്രവൃത്തികള്‍ ആരംഭിക്കാന്‍ എടുക്കാവുന്ന സമയം ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മന്ത്രി അക്കമിട്ട് നിരത്തി. 

അതുവരെ ഗേറ്റ് അടച്ചിടുന്നതിലെ ന്യായം മന്ത്രി ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരംമുട്ടി. ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം നാലിനായിരുന്നു ഗേറ്റ് തുറന്നത്. 11വരെ തുറക്കാനാണ് കളക്ടര്‍ ഉത്തരവിട്ടിരുന്നത്. ഇത് അവസാനിക്കുന്ന മുറക്ക് ഗേറ്റ് അടക്കാനാണ് നിലവില്‍ റെയില്‍വേയുടെ തീരുമാനം. ഗേറ്റിലൂടെയുള്ള ഗതാഗതം തുടരുന്നതിന് പ്രത്യേക അപേക്ഷ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടച്ചത് പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലല്ല എന്നതിനാല്‍ തുറന്നിടാന്‍ അപേക്ഷയുടെ ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അസിസ്റ്റന്റ് ഡിവിഷനല്‍ എന്‍ജിനീയര്‍ സി.ആര്‍ അളഗ സ്വാമിയുടെ നേതൃത്വത്തിലുള്ള റെയില്‍വേ സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്. എ.ഡി.എം മെഹറലി, ആര്‍.ഡി.ഒ സുരേഷ്, തഹസില്‍ദാര്‍ ഉണ്ണി തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. റെയില്‍വേയുടെ നടപടി ശരിയല്ലെന്ന് വ്യക്തമാക്കുന്നതിനാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്നും പ്രവൃത്തികള്‍ ആരംഭിക്കുന്നത് വരെ ഗെയിറ്റ് തുറന്നിടാത്ത പക്ഷം നിയമപരമായി നേരിടുമെന്നും യോഗ ശേഷം വി അബ്ദുറഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



Post a Comment

0 Comments