Flash News

6/recent/ticker-posts

കൈപ്പമംഗലത്ത് എം ഡി എം എയുമായി പിടിയിലായ യുവാക്കളുടെ കൈയിൽ നിന്ന് 250 ലേറെ വിദ്യാർത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് കണ്ടെടുത്തു.

Views

🔹കൈപ്പമംഗലത്ത് എം ഡി എം എയുമായി പിടിയിലായ യുവാക്കളുടെ കൈയിൽ നിന്ന് 250 ലേറെ വിദ്യാർത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് കണ്ടെടുത്തു.


🔹നമ്മുടെ കുഞ്ഞുങ്ങൾ എങ്ങോട്ട്; മയക്കുമരുന്നു പ്രതികളുടെ പറ്റുപുസ്തകത്തിൽ 250 വിദ്യാർഥികൾ

    

🔹മയക്കുമരുന്നിന്റെ അളവും പണത്തിന്റെ കുടിശ്ശികയും പുസ്തകത്തിൽ


തൃശ്ശൂർ: കയ്പമംഗലത്തുനിന്ന് എം.ഡി.എം.എ.യുമായി പിടികൂടിയ രണ്ടുപേരിൽനിന്ന് എക്സൈസ് സംഘം കണ്ടെത്തിയത് ഉപഭോക്താക്കളായ 250 വിദ്യാർഥികളുടെ വിവരങ്ങളടങ്ങിയ പറ്റുപുസ്തകം. 52p പേജ് ഉള്ള പുസ്തകത്തിൽ പെൺകുട്ടികളുടേയും വിവരങ്ങളുണ്ട്.


കേരളത്തിൽ മയക്കുമരുന്നു ശൃംഖല ആഴത്തിൽ പിടിമുറുക്കിയതിന്റെ തെളിവായി ഇത്. വിദ്യാർഥികൾ ഇരകളാവുന്നതിന്റെ നേർച്ചിത്രവും.


സ്ഥിരം ഉപയോഗിക്കുന്നവരുടേയും കടമായി എം.ഡി.എം.എ. വാങ്ങുന്നവരുടേയും വിവരങ്ങളാണ് പട്ടികയായി പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്. എം.ഡി.എം.എ. കടം വാങ്ങിയവരുടെ പട്ടികയിലുള്ളത് 17-നും 25-നും ഇടയിൽ പ്രായമുള്ളവർ. ഇതിൽ 50 പേർ എല്ലാ ദിവസവും എം. ഡി.എം.എ. വാങ്ങുന്നവരാണ്. മൂവായിരം രൂപ മുതൽ പതിനായിരം രൂപ വരെ കടം ഉള്ളവരാണ് പലരും. ഇവരുമായി പ്രതികൾക്ക് നിരന്തരസമ്പർക്കമുണ്ട്.


പറ്റുപുസ്തകത്തിൽ വാങ്ങിയ ആളുടെ പേരും വാങ്ങിയ അളവും തരാനുള്ള പണവും തന്നപണവും കുടിശ്ശികയുമെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ബുക്കിലുണ്ടായിരുന്ന 250 പേരുകളിൽ 50 പേർ പ്രതികളുമായി നിരന്തരം ഇടപാട് നടത്തുന്നവരാണ്. പണമായും ഗൂഗിൾപേയായും മണി ട്രാൻസ്‌ഫറായും പണം കൊടുത്തുകൊണ്ടിരുന്നു. ബുക്കിൽനിന്ന് കിട്ടിയ പേരുകളും വിവരങ്ങളും ഉപയോഗിച്ച് എല്ലാവരുടേയും മേൽവിലാസങ്ങൾ കണ്ടെത്തി ഇവരുടെ മാതാപിതാക്കളെ ബന്ധപ്പെടാനാണ് ശ്രമിക്കുന്നത്. എല്ലാവരുംതന്നെ സ്കൂൾ, കോളേജ് വിദ്യാർഥികളാണ്.


   ഇടപാടിന് പ്രത്യേക ഫോൺ


പ്രതികൾ ദിവസേന ഉപയോഗിക്കുന്നതും ഇടപാടിന് ഉപയോഗിക്കുന്നതും വ്യത്യസ്ത ഫോണുകൾ. പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇടപാടിന് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്താനായില്ല. എന്നാൽ ലഭിച്ച ഫോൺനമ്പർ ഉപയോഗിച്ച് ലിസ്റ്റിൽ ഉള്ളവരെ കണ്ടെത്താനുള്ള നടപടികൾ എക്സൈസ് ആരംഭിച്ചു. ഉപയോഗിക്കുന്നവരായി കണ്ടെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കളുമായി എക്സൈസ് അധികൃതർ ബന്ധപ്പെട്ടു. ലഹരിവിമുക്തകേന്ദ്രങ്ങളിൽ ചികിത്സ തേടാനായി നിർദേശവും നൽകി. തീരദേശ-മത്സ്യബന്ധന തൊഴിലാളികൾക്കും വിദ്യാർഥികൾക്കുമാണ് വൻതോതിൽ എം.ഡി.എം.എ. നൽകിയിരുന്നത്.


      മൽപ്പിടിത്തം, പരിക്ക്


കയ്പമംഗലത്ത് പ്രതികളെ പിടിക്കാൻ എക്സൈസ് സംഘത്തിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഒരാൾക്ക് പരിക്കുണ്ട്. ഇവരുടെ വാഹനം പിടിച്ചെടുത്തു. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചും അന്വേഷിച്ചുവരുന്നു.




Post a Comment

0 Comments