Flash News

6/recent/ticker-posts

സ്കൂൾ ബാഗിന്റെ ഭാരം കുട്ടികൾക്ക് താങ്ങാനാകുന്നില്ല; ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും മുഖ്യമന്ത്രി

Views
സ്കൂൾ ബാഗിന്റെ ഭാരം കുട്ടികൾക്ക് താങ്ങാനാകുന്നില്ല; ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും മുഖ്യമന്ത്രി



തിരുവനന്തപുരം∙: ശാരീരികവും മാനസികവും ലൈംഗികവും തുടങ്ങി കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഇതിനെ ചെറുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിന്റെ ഭാരത്തില്‍ ചില ക്രമീകരണം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് സ്‌കൂളുകളില്‍ ബാഗിന്റെ ഭാരം കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. ഇത് ആരോഗ്യ പ്രശ്‌നത്തിനു കാരണമാകുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈല്‍ ആപ്പ് ‘കുഞ്ഞാപ്പ്’ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുകയാണ് ജെജെ, സിഡബ്ല്യുസി അംഗങ്ങളുടെ പ്രധാന ചുമതല. വിഷമകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷയിലും പുനരധിവാസത്തിലും തീരുമാനം കൈക്കൊള്ളണം. കുട്ടികളുടെ ഭാവിക്കായി പ്രവര്‍ത്തിക്കണം. അതിനുള്ള പരിശീലനമാണ് നടത്തുന്നത്. കടമ നിര്‍വഹിക്കുന്നതില്‍ ഒന്നും തടസമാകരുത്. കുട്ടികളെ ഉപദ്രവിക്കുന്നവരുടെ രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം, പണത്തിന്റെ സ്വാധീനം എന്നിവയൊന്നും സ്വാധീനിക്കരുത്. കുട്ടികളുടെ ഉറ്റവരോ ഉടയവരോ ആണെങ്കിലും നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒപ്പം തന്നെ പ്രധാനമാണ് സുരക്ഷയൊരുക്കലും. അതിനാണ് കാവലും കാവല്‍ പ്ലസും ആവിഷ്‌ക്കരിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വാത്സല്യ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ‘കുഞ്ഞാപ്പ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ജില്ലാതലത്തില്‍ ഒരു റാപിഡ് റെസ്‌പോന്‍സ് ടീം രൂപികരിച്ചു അടിയന്തിരമായി ഇടപെടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

0 Comments