Flash News

6/recent/ticker-posts

മുഖ്യമന്ത്രിയുടെ യുക്കെ സന്ദർശനത്തിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരം ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്‌മെന്റ്‌ 21ന്‌ തുടങ്ങും തുടക്കത്തിൽ 1500 പേർക്ക്‌ അവസരം

Views
തിരുവനന്തപുരം : 
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യുകെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികൾക്ക്‌ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 400 ഡോക്ടമാർ  ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർക്ക്‌ യുകെയിൽ അവസരം ലഭിക്കും. ഡോക്ടർമാർ, സ്‌പെഷ്യാലിറ്റികളിലേക്ക്‌ നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലകളിലാണ്‌ തൊഴിലവസരം. ഇതിന്‌ നോർക്ക റൂട്ട്‌സ്‌ സംഘടിപ്പിക്കുന്ന ആദ്യഘട്ട ‘യുകെ കരിയർ ഫെയർ’ റിക്രൂട്ട്‌മെന്റ്‌ മേള 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും.

നോർക്ക റൂട്ട്‌സും യുകെയിൽ നാഷണൽ ഹെൽത്ത്‌ സർവീസ്‌ സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ്‌ നോർത്ത്‌ യോർക്‌ഷെയർ ഹെൽത്ത്‌ ആൻഡ്‌ കെയർ പാർട്‌ണർഷിപ്‌, മാനസികാരോഗ്യ സേവനങ്ങൾ പ്രദാനംചെയ്യുന്ന നാവിഗോ എന്നിവരുമായാണ്‌ ധാരണപത്രം ഒപ്പിട്ടത്‌. ഒഴിവുകൾ, തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷാനിലവാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നോർക്ക വെബ്‌സൈറ്റിൽ. 15-ന് മുമ്പ്‌  അപേക്ഷിക്കണം.


 

സീനിയർ കെയറർക്ക്‌ അപേക്ഷിക്കുന്ന ബിഎസ്‌സി/ എംഎസ്‌സി നഴ്സുമാർക്ക് ഐഇഎൽടിഎസ്‌/ ഒഇടി യോഗ്യതയില്ലെങ്കിലും യുകെ നാറിക്‌ (എൻഎആർഐസി) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ റിക്രൂട്ട്മെന്റ് നേടാം. ഡോക്ടർമാർക്ക് പ്ലാബ് (പിഎൽഎബി) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. ഇംഗ്ലീഷ് ഭാഷാപരിചയം വ്യക്തമാക്കുന്ന സിഇഎഫ്‌ആർ ലെവൽ ബി2, സി1, സി2 എന്നിവ അനിവാര്യമാണ്. സീനിയർ കെയറർ ഒഴികെയുള്ളവർക്ക് ഐഇഎൽടിഎസ്‌/ ഒഇടി യോഗ്യത നേടാൻ നാലുമാസം സാവകാശം ലഭിക്കും. നിയമന നടപടികൾ യുകെയിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാണ്‌.

അപേക്ഷിക്കേണ്ടത്‌ ഇങ്ങനെ
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് DWMS CONNECT (ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്‌ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.


https://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റു വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം. വിവരങ്ങൾക്ക്: www.norkaroots.org, 1800 425 3939 (ടോൾഫ്രീ നമ്പർ), വിദേശത്തുള്ളവർക്ക്  +91-8802012345 എന്ന നമ്പരിലും ബന്ധപ്പെടാം.



Post a Comment

0 Comments