Flash News

6/recent/ticker-posts

ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപന പൊടിപൊടിക്കുന്നു.

Views
ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപന പൊടിപൊടിക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നൂറുകണക്കിന് ആളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസർകോട് ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമാണം എന്നാണ് അറിയുന്നത്. ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ് ഒരുകാലത്ത് നമ്മളും ബ്രിട്ടീഷുകാരെ പോലെയാകുമെന്നും ഇന്ത്യക്കാർ തൊലിവെളുപ്പുള്ളവരാകുമെന്നാണ് ഗാന്ധിജി ഉദ്ദേശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ഈ ക്രീമുകൾ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്നത്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒൻപത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പ്രധാനപരസ്യവാചകം. നിറം കറുപ്പായതിന്റെ പേരിൽ കളിയാക്കപ്പെടുകയും കാമുകി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന യുവാവിന് 'ദൈവദൂതനെപ്പോലെ' വൈറൽ ക്രീം സമ്മാനിക്കുന്ന കൂട്ടുകാരനാണ് ഇതിലെ പ്രധാന വിഷം. സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ ഉപയോഗിച്ചാണ് ഇത്തരം ക്രീമുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുൻപ് കാസർകോട് ജില്ലയിൽ ത്വക്ക് രോഗത്തെ തുടർന്ന് യുവാക്കൾ വ്യാപകമായി ചികിത്സ തേടിയെത്തിയതോടെയാണ് ഈ ക്രീമുകളുടെ വിൽപനയും അതുണ്ടാക്കുന്ന പാർശ്വഫലങ്ങളും പുറംലോകമറിഞ്ഞത്. തങ്ങൾ പ്രാദേശികമായി ലഭിക്കുന്ന രണ്ട് ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചതിനുശേഷമാണ് തൊലിപ്പുറത്ത് ചുവപ്പും കറുപ്പും പാടുകൾ കണ്ടുതുടങ്ങിയെന്ന് അവർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. ക്രീമുകൾ ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത്ഭുതകരമായ മാറ്റങ്ങളാണത്രെ സംഭവിച്ചത്. എന്നാൽ ഉപയോഗം നിർത്തിയതിന് തൊട്ടുപിന്നാലെ ചർമം വരണ്ടുണങ്ങുകയും പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. തൃശൂരിൽ ഇത്തരത്തിൽ ക്രീം ഉപയോഗിച്ച് ചർമരോഗം ബാധിച്ച ഒരു യുവാവിന് ഏതാണ്ട് ആറ് മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്രയും ഫലം ലഭിക്കണമെങ്കിൽ സ്റ്റിറോയ്ഡ് പോലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ചവരെ നഷ്ടപ്പെട്ടേക്കാമെന്നും ഡോക്ടർമാർ പറയുന്നു. കോസ്മെറ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ രാജ്യത്ത് വ്യക്തമായ നിബന്ധനകളുണ്ട്. 1954 ലെ ഡ്രഗ് ആന്റ് മാജിക് റെമഡി ആക്ട് പ്രകാരം, വെളുത്ത നിറത്തെ നല്ലതിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായും കറുപ്പിനെ മോശമാക്കി ചിത്രീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്. ഒരു കോസ്മെറ്റിക് ഉത്പന്നം വിപണിയിൽ നിന്ന് വാങ്ങുമ്പോൾ ദ ഡ്രഗ് കൺട്രോളർ ജനറൽ ഇന്ത്യയുടെ അംഗീകാരമുണ്ടോ എന്ന് ഉപഭോക്താവ് ശ്രദ്ധിക്കണം. ക്ലിനിക്കൽ ട്രയലുകളിലൂടെ കടന്നുപോയതിന് ശേഷമായിരിക്കണം വിപണിയിലെത്തിക്കേണ്ടത്. ഒരു ഉത്പന്നത്തിലെ ചേരുവകൾ എന്തൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാൽ ഇപ്പോൾ വൈറലായ ക്രീമുകളുടെ വെബ്സൈറ്റുകളിലൊന്നും അതിൽ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ശരീരത്തിന് ഹാനികരമായ പാരബിൻസ് പോലുള്ള രാസവസ്തുക്കൾ, സ്റ്റിറോയ്ഡ്, മെർക്കുറി, ലെഡ് പോലുള്ള മൂലകങ്ങൾ എന്നിവയെല്ലാം ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പിഗ്മെന്റേഷൻ, ചൊറിച്ചിൽ തുടങ്ങി സ്കിൻ കാൻസർ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് ഇവ കൊണ്ടെത്തിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് പുറമെ തൊലിയുടെ നിറം സംബന്ധിച്ച പരസ്യങ്ങൾക്കെതിരേ ലോകമെങ്ങും വലിയ എതിർപ്പ് ഉയരുന്നുമുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് സകല നിയമങ്ങളെയും നോക്കുകുത്തിയാക്കി ഇത്തരം ഉത്പന്നങ്ങൾ പരസ്യം ചെയ്യപ്പെടുന്നതും വിൽക്കപ്പെടുന്നതും.

''ചർമത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ വ്യാജ പ്രൊഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നതിന്റെ ഫലമാണ്. തങ്ങൾ വിദേശത്ത് നിന്ന് നേരിട്ട് എത്തിക്കുന്ന ക്രീമുകളാണ്. അതിലൊന്നും മായമില്ല. സൈഡ് എഫക്ടുകൾ ഇല്ല,'' ഇതാണ് ഇത്തരം ക്രീമുകൾ വിൽക്കുന്നവരുടെ വാദം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന പരസ്യങ്ങളിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് പറഞ്ഞ് കൈ കഴുകുന്നുമുണ്ട് ഇവർ. ഒൻപതോ പത്തോ ദിവസം കൊണ്ട് വെളുപ്പിക്കും എന്ന് പറഞ്ഞ് അവകാശപ്പെട്ടാണ് ക്രീമുകൾ വിൽക്കുന്നത് എങ്കിൽ തീർച്ചയായിരിക്കും അതിൽ സ്റ്റിറോയ്ഡ് പോലുള്ളവ അടങ്ങിയിരിക്കും. കാരണം അല്ലാതെ നിങ്ങളുടെ മുഖത്ത് ഇത്രയും പ്രകടമായ മാറ്റങ്ങൾ സംഭവിക്കുകയില്ല. എന്നാൽ സ്റ്റിറോയ്ഡ് മാത്രമുള്ള ക്രീമുകൾ ഇവർ അവകാശപ്പെടുന്നതുപോലെ ബ്രീട്ടീഷുകാരെപ്പോലെ വെളുപ്പിക്കുകയില്ല. വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില ക്രീമുകളുണ്ട്. അവ ഉപയോഗിക്കുമ്പോൾ പെട്ടന്ന് നിറത്തിൽ വ്യത്യാസം വരും. എന്നാൽ അതു പോലും വളരെ സൂക്ഷിച്ചാണ് ഡോക്ടർമാർ നിർദ്ദേശിക്കുക. അത്രയേറെ ഫോട്ടോസെൻസിറ്റീവിറ്റിയുള്ള ക്രീമുകളാണ് അവ. അതുപയോഗിച്ചാൽ വെയിലത്ത് ഇറങ്ങാൻ സാധിക്കുകയില്ല. ചികിത്സ കാലയളവിൽ ദിവസങ്ങൾ ഇടവിട്ട് ഡോക്ടറെ നേരിൽ കാണുകയും മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ത്വക്കിന് പ്രശ്നങ്ങളില്ലാത്തവർ ഒരിക്കലും അതുപയോഗിക്കാൻ പാടില്ല.

എളുപ്പത്തിൽ വെളുക്കാൻ സൗന്ദര്യ പരീക്ഷണങ്ങൾ നടത്തി തൊലിയുടെ ആരോഗ്യം നശിച്ച ഒരുപാട് ആളുകൾ ചികിത്സ തേടിയെത്താറുണ്ട്. അവരുടെ മുഖത്ത് സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചതായി പരിശോധയിൽ നിന്ന് വ്യക്തമാകുണ്ട്. അവരുടെ തൊലിയുടെ കട്ടികുറഞ്ഞ് രക്തക്കുഴലുകൾ പുറത്തേക്ക് തെളിഞ്ഞ് കാണും (മുഖം വെളുക്കുന്നതു കൊണ്ടല്ല, ചർമത്തിന്റെ കട്ടികുറയുന്നതുകൊണ്ടാണ് നിറ വ്യത്യാസം തോന്നുന്നത്). ചുവന്നതോ കറുത്തതയോ ആയ പാടുകൾ ഉണ്ടായി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തും. അവയുടെ ഏറ്റവും വലിയ പ്രത്യാഘാതം എന്ന് പറയുന്നത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതാണ്. ഗ്ലോക്കോമ പോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. മുഖത്ത് ഉപയോഗിക്കുമ്പോൾ കണ്ണിന്റെ രക്തക്കുഴലുകളിലേക്ക് അവ ആഗിരണം ചെയ്യുന്നു. അത് രക്തസമ്മർദ്ദം കൂട്ടുന്നു. അതിന്റെ ഫലമായാണ് കാഴ്ച നശിക്കുന്നത്. അത് കൂടാതെ കണ്ണിന്റെ രക്തക്കുഴലുകളെ ഘടനാപരമായി ബാധിക്കാനും സാധ്യതയുണ്ട്.

ഇത്തരം ക്രീമുകൾക്ക് ഒരു വലിയ ദോഷമുണ്ട്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ആദ്യമൊന്നും വലിയ പ്രശ്നം തോന്നുകയില്ല. എന്നാൽ നിർത്തുമ്പോൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. മുഖത്ത് മുഴുവൻ മുടി വരിക, കുരുക്കൾ വരിക തുടങ്ങിയ പ്രശ്നങ്ങൾ ഇവരിൽ കാണാറുണ്ട്. ടോപ്പിക്കൽ സ്റ്റിറോയ്ഡ് ഡാമേജ്ഡ് ഫെയ്സ് (TSDF) എന്നാണ് ഇതിനെ വിളിക്കുക. ഭാവിയിൽ പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത സാഹചര്യം വരും. സ്റ്റിറോയ്ഡ് പൊതുവേ മുഖത്ത് ഉപയോഗിക്കാറില്ല എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ​സോറിയാസിസ് പോലുള്ള രോഗങ്ങൾക്ക് ഡോക്ടർമാർ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകൾ നിർദ്ദേശിക്കാറുണ്ട്.

മാലിദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഒരുപാടാളുകൾ ഇതുപോലുള്ള ക്രീമുകൾ ഉപയോഗിച്ച് ഇവിടെ ചികിത്സ തേടാറുണ്ട്. ഇതുപോലുള്ള സോഷ്യൽ മീഡിയ കാമ്പയിനുകളിൽ ആകൃഷ്ടരായി അതേക്കുറിച്ച് യാതൊരു പഠനവും നടത്താതെയാണ് അവർ ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഹെർബൽ ആയുർവേദിക് ക്രീമുകൾ പ്രത്യാഘാതങ്ങളില്ലെന്ന് പറഞ്ഞ് ചെറിയ പെൺകുട്ടികൾ പോലും ഉപയോഗിക്കുന്നു. ആയുർവേദത്തിന് എതിരായതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. വിദഗ്ധരുടെ നിർദ്ദേശപ്രകാരമല്ലാതെ ക്ലിനിക്കൽ ട്രയലുകൾ ഒന്നും നടത്താതെ മാർക്കറ്റിൽ ലഭ്യമാകുന്ന ഇത്തരം വസ്തുക്കൾ ചർമത്തിൽ ഉപയോഗിക്കരുത്.


Post a Comment

0 Comments