Flash News

6/recent/ticker-posts

ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന പരാമർശം: സുധാകരൻ തന്നെ വിശദീകരിക്കട്ടെ, കാത്തിരുന്ന് കാണാമെന്ന് കുഞ്ഞാലിക്കുട്ടി

Views


കോഴിക്കോട്: ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തിയുണ്ടെന്ന് സൂചന നൽകി മുസ്ലിം ലീഗ്. പരാമർശത്തെ കുറിച്ച് കെ സുധാകരൻ തന്നെ വിശദീകരിക്കട്ടെ എന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ് പ്രസ്താവനയെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.

സുധാകരന്റെ പ്രസ്താവനയോടുള്ള അതൃപ്തി ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് ഫേസ്ബൂക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ന്യായീകരിക്കാനോ ഗൗരവത്തിലെടുക്കേണ്ട എന്ന് പറയാനോ കുഞ്ഞാലിക്കുട്ടി ശ്രമിച്ചില്ല. പരാമർശത്തെ കുറിച്ച് സുധാകരൻ തന്നെ വിശദീകരിക്കട്ടെ എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിശദീകരണം കാത്തിരുന്ന് കാണാമെന്നും  ഇപ്പോൾ കൂടുതലായി  ഒന്നും പറയുന്നില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സുധാകരന്റെ പ്രസ്താവനയില്‍ ലീഗിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് വ്യക്തം. ഗവർണർ തർക്കമടക്കം സർക്കാരിനെതിരായ പല വിഷയങ്ങളിലും ലീഗും കോൺഗ്രസും തമ്മിൽ  അഭിപ്രായ വ്യത്യാസം  നിലനിൽക്കെയാണ് പുതിയ തർക്കം.

അതേസമയം, തലശ്ശേരി കലാപകാലത്തിന്റെ കാര്യം പറഞ്ഞ് ന്യൂനപക്ഷ വികാരം ഉണർത്താനാണ് സിപിഎമ്മിന്റെ ശ്രമം. ലീഗിനെ കൂടി ലക്ഷ്യമിട്ടാണ് അവർ സുധാകരന്‍റെ ആർഎസ്എസ് ബന്ധം ചർച്ചയാക്കുന്നത്. കെ സുധാകരന്റേത് ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്നാണ് ശിവൻകുട്ടിയുടെ വിമര്‍ശനം. കെപിസിസി പ്രസിഡന്റ് മഹാത്മാ ഗാന്ധിയുടെ അനുഭവം മനസിലാക്കിയിരിക്കണമെന്നും രാജ്യത്താകെ ആർഎസ്എസും ബിജെപിയും ചെയ്യുന്നത് അറിയാത്ത ആളല്ല സുധാകരൻ എന്നും ശിവന്‍കുട്ടി പറഞ്ഞു. സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനുള്ള ആദ്യ പടിയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആർഎസ്എസുമായി ബന്ധപ്പെട്ട് തന്‍റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. മാത്രമല്ല, തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments