Flash News

6/recent/ticker-posts

ഷോർട്സ് ഇടേണ്ട, പന്നിയിറച്ചി ചോദിക്കേണ്ട, വിരലുകൾ പോലും പണിതരും ; ഖത്തറിൽ ലോകകപ്പിന് പോയി ലോക്കപ്പിലാകല്ലേ

Views


ദോഹ : ലോകം ഒരു പന്തായി ഉരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇക്കുറി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഏഷ്യൻ രാജ്യമായ ഖത്തറാണെന്ന് ഏവർക്കും അറിയാം. ഫുട്ബാൾ മാമാങ്കം ഒരു വൻ വിജയമാക്കാനുള്ള എല്ലാ മായാജാലവും ഖത്തർ ഒരുക്കിയിട്ടുണ്ട്. 32 ടീമുകൾ പങ്കെടുക്കുന്ന 440 മില്യൺ ഡോളറിന്റെ സമ്മാനത്തുകയുള്ള മത്സരങ്ങൾ നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് നടക്കുക.

ലോകകപ്പ് ഫുട്ബാളിനായി കാത്തിരിക്കുന്ന പതിനായിരങ്ങളാണ് ബാഗും പാക്ക് ചെയ്ത് നേരെ ഖത്തറിലേക്ക് വിമാനം പിടിക്കാൻ കാത്തിരിക്കുന്നത്. എന്നാൽ ഒരു മുസ്ലീം രാഷ്ട്രമായ ഖത്തറിൽ യാത്ര ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ഓർത്തിരിക്കേണ്ടതായിട്ടുണ്ട്. ഇവിടെ ചെയ്യാവുന്നതും, ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യാത്രയ്ക്ക് മുൻപേ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്വാതന്ത്ര്യത്തിന്റെ ലോകത്ത് നിന്നും എത്തുന്ന പാശ്ചാത്യരായ ഫുട്‌ബോൾ പ്രേമികൾക്കാവും ഖത്തറിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരിക.

ഹയ കാർഡ്

ലോകകപ്പ് ആസ്വദിക്കാൻ ഖത്തർ സന്ദർശിക്കുന്ന യാത്രക്കാർക്കായി ലഭിക്കുന്ന തിരിച്ചറിയൽ കാർഡാണ് ഹയ കാർഡ്. ഇതിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കാണേണ്ട മത്സരങ്ങളെ കുറിച്ചും, ഏത് സ്റ്റേഡിയത്തിലാണെന്നതും, ടിക്കറ്റ് നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് കാലയളവിൽ ഈ കാർഡ് മാത്രം മതിയാവും ഒരാൾക്ക് ഖത്തറിൽ സഞ്ചരിക്കാൻ. രാജ്യത്തേക്കുള്ള ഒരു എൻട്രി പാസായി ഇതുപയോഗിക്കാം.

നോ പുകവലി നോ മദ്യപാനം

സാധാരണ ഫുട്‌ബോൾ മത്സരത്തിൽ തുളുമ്പുന്ന വലിയ ബിയർ ഗ്ലാസുമായി കളികാണുന്ന കാണികളെ കണ്ടിരിക്കും, എന്നാൽ ഇതൊന്നും ഖത്തറിൽ പ്രതീക്ഷിക്കുകയേ വേണ്ട. പുകവലിയും ഇവിടെ നിരോധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇ സിഗരറ്റ്, ലൈറ്ററുകൾ, തീപ്പട്ടി എന്നിവയൊന്നും സ്റ്റേഡിയത്തിൽ കൊണ്ട് പോകാൻ ആവില്ല. ഖത്തറിലേക്ക് മദ്യം കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്, കുറ്റത്തിന് ഒരാൾക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കും. മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലൈസൻസുള്ള ഹോട്ടൽ റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യം കഴിക്കാൻ അനുവാദമുണ്ട്.

ഇതിന് പുറമേ ഡ്രഗ്സിനോടും ഖത്തർ ഒരു ദയയും കാട്ടില്ല. ലോകകപ്പ് കഴിഞ്ഞാലും ലോക്കപ്പിൽ നിന്ന് ഇറങ്ങാനാവില്ലെന്നത് ഓർക്കുക. ഉറക്ക ഗുളികകൾ, വേദനസംഹാരികൾ തുടങ്ങിയ മരുന്നുകൾ പോലും ഇവിടെ കൊണ്ടുവരാനാവില്ല.

വസ്ത്രവും ശ്രദ്ധിക്കണം

ഇസ്ലാമിക നിയമങ്ങൾ കർശനമായി പിന്തുടരുന്ന ഖത്തറിൽ കർശനമായ വസ്ത്രധാരണ രീതിയുണ്ട്. എന്നാൽ ഇപ്പോൾ ലോകകപ്പ് പ്രമാണിച്ച് ഇതിൽ ചെറിയ ഇളവ് അധികാരികൾ വരുത്തിയിട്ടുണ്ട്. സ്ത്രീകളായ ആരാധികമാർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചർമ്മം പുറത്ത് കാട്ടുന്ന വസ്ത്രങ്ങൾ ധരിച്ച് പൊതു ഇടങ്ങളിൽ ഇറങ്ങരുത്.

പൊതുസ്ഥലങ്ങളിൽ ചെറിയ പാവാടയും സ്ലീവ്‌ലെസ് ടോപ്പും ധരിക്കരുത്. ഖത്തറിന്റെ സംസ്‌കാരത്തിന് എതിരായതിനാൽ പൊതുസ്ഥലത്ത് സ്‌നേഹം പ്രകടിപ്പിക്കരുത്, അതായത് പങ്കാളിയെ ഒന്ന് ഹഗ്ഗ് ചെയ്യാനോ, ചുംബിക്കാനോ തോന്നിയാൽ അത് അരുത്. ഖത്തർ ടൂറിസം അതോറിറ്റി ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകും.

വിരലുകൾ പോലും പണി തരാം

പൊതു സ്ഥലങ്ങളിൽ കൈകൾ, വിരലുകൾ എന്നിവ ഉയർത്തി അശ്ലീല ആംഗ്യങ്ങൾ കാണിച്ചാൽ പോലും ഖത്തർ നിയമപ്രകാരം കുറ്റകരമാണ്. അശ്ലീലസാഹിത്യം, ലൈംഗിക കളിപ്പാട്ടങ്ങൾ എന്നിവയും ഇവിടെ പാടില്ല. ഇത് പോലെ ആഹാരത്തിലും നിയന്ത്രണങ്ങൾ ഉണ്ട്. പന്നിയിറച്ചി ഉൽപന്നങ്ങൾ ഇവിടെ ലഭിക്കില്ലെന്നത് അറിയാമല്ലോ, അതിനാൽ ചോദിക്കാതിരിക്കുന്നതാണ് ഉത്തമം. വിവാഹേതര ലൈംഗിക ബന്ധവും ഖത്തറിൽ പാടില്ല. ഏഴ് വർഷം വരെ തടവാണ് ശിക്ഷയെന്നതിനാൽ അടുത്ത ലോകകപ്പിലും പുറംലോകം കാണാനാവില്ലെന്നത് ഓർമ്മയുണ്ടാവണം.

ഇവിടത്തെ പോലെ ചെയ്യരുത്

പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്, അനുമതിയില്ലാതെ സ്ഥാപനങ്ങളുടെ ഫോട്ടോ എടുക്കരുത് എന്നീ കാര്യങ്ങളും ശ്രദ്ധിക്കുമല്ലോ.



Post a Comment

0 Comments